‘എന്തിന് ചൈന? ഇന്ത്യ മികച്ച ഉദാഹരണം’; നവീനാശയങ്ങളെ പ്രശംസിച്ച് ബിൽ ഗേറ്റ്സ്

bill-gates
SHARE

സിംഗപ്പൂർ: സാമ്പത്തികകാര്യ നവീനതകൾക്കും അംഗീകാരങ്ങൾക്കുമായുള്ള ഇന്ത്യയുടെ നയങ്ങളെ പ്രകീർത്തിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. ഇന്ത്യ ഒരു മികച്ച ഉദാഹരണമാണ്. ഇന്ത്യയുടേതിനു സമാനമായി മറ്റു രാജ്യങ്ങളുമായി ചേർന്ന് ഓപ്പൺ സോഴ്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരം സംവിധാനങ്ങൾ കൊണ്ടുവരാൻ തന്റെ ബിൽ ആൻഡ് മിലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ പ്രവർത്തിക്കുകയാണ്. ചൊവ്വാഴ്ച നടന്ന സിംഗപ്പൂർ ഫിൻടെക് ഫെസ്റ്റിവലിൽ വിർച്വലായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘യൂണിവേഴ്സൽ ഐഡന്റിഫിക്കേഷൻ, ഡിജിറ്റൽ പേയ്മെന്റ് തുടങ്ങിയ കാര്യങ്ങളിൽ മികച്ച പ്ലാറ്റ്ഫോമാണ് ഇന്ത്യ നിർമിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഡേറ്റാബേസും ഏതു ബാങ്കിൽനിന്നും സ്മാർട്ഫോൺ ആപ്ലിക്കേഷനിൽനിന്നും പണം അയയ്ക്കാൻ കഴിയുന്ന സംവിധാനവും ഇതിൽപ്പെടും.

മഹാമാരിയുടെ ഈ കാലത്തു പ്രത്യേകിച്ചും ഇന്ത്യയുടെ ഇത്തരം നീക്കങ്ങൾ പാവപ്പെട്ടവരിലേക്കു സഹായം എത്തിക്കുന്നതിന് വളരെയധികം ചെലവു കുറയ്ക്കാൻ സഹായകമായി. ചൈനയല്ലാതെ മറ്റൊരു രാജ്യത്തെക്കുറിച്ച് ഇപ്പോൾ പഠിക്കുകയാണെങ്കിൽ ഇന്ത്യയിലേക്കു നോക്കാനാണ് ഞാൻ പറയുക. ഇന്ത്യയിൽ കാര്യങ്ങൾ വലിയ രീതിയിലാണ് മാറുന്നത്. അസാധാരണമായാണ് ആ സംവിധാനത്തിനു ചുറ്റും നവീന ആശയങ്ങൾ വരുന്നത്’ – അദ്ദേഹം കൂട്ടിച്ചേർത്തു.

2016ൽ നോട്ട് നിരോധനത്തിനുശേഷമാണ് ഡിജിറ്റൽ പേയ്മെന്റുകൾക്ക് ഇന്ത്യയിൽ ഇത്രയധികം സ്വീകാര്യത ലഭിച്ചത്. യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ) വന്നതോടെ സ്മാർട്ഫോൺ ഉപയോഗം വർധിക്കുകയും വയർലസ് ഡേറ്റാ നിരക്കുകൾ ലോകത്തെ ഏറ്റവും താഴ്ന്ന നിലയിലാകുകയും ചെയ്തു. രാജ്യത്തിന്റെ യുപിഐ പ്ലാറ്റ്ഫോം ഫെയ്സ്ബുക്, ആമസോൺ, വാൾമാർട്ട്, പേടിഎം തുടങ്ങി ഏതു കമ്പനിക്കും ഉപയോഗിക്കാമെന്ന നിബന്ധനയും ഇന്ത്യ വച്ചതോടെ യൂസർ ഫീ ഇല്ലാതെ എല്ലാ സേവനങ്ങൾക്കും യുപിഐ ഉപയോഗിക്കാനായി.

‘2022ൽ വാക്സീൻ കോവിഡിന് അന്ത്യം കുറിക്കും’

മഹാമാരിയെ പ്രതിരോധിക്കാൻ വാക്സീനുകൾ അതിവേഗം വികസിപ്പിക്കുന്നതിൽ ഗേറ്റ്സ് ശുഭാപ്തി വിശ്വാസം പുറപ്പെടുവിച്ചു. അടുത്തവർഷം ആദ്യപാദത്തിൽ കോവിഡിനെ തുരത്താൻ ആറു ചികിത്സാരീതികളെങ്കിലും ഉണ്ടാവുമെന്നാണ് ഗേറ്റ്സിന്റെ വിശ്വാസം. ‘റിമോട്ട് ലേണിങ്, ടെലിമെഡിസിൻ, ഡിജിറ്റൽ ഫിനാൻസ് – തുടങ്ങി ഡിജിറ്റലായ എല്ലാ കാര്യങ്ങളും വളരെയധികം മുന്നോട്ടുപോയി’ – അദ്ദേഹം വ്യക്തമാക്കി.

വാക്സീനുകൾ ആർക്കൊക്കെ ലഭിക്കണമെന്ന തീരുമാനം സമ്പന്ന രാജ്യങ്ങൾ എടുക്കരുതെന്നും ഗേറ്റ്സ് മുന്നറിയിപ്പു നൽകി. ഇക്കാരണത്താലാണ് തന്റെ ഫൗണ്ടേഷൻ ആഗോള മരുന്നു നിർമാതാക്കളുമായി ചേർന്ന് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടുമായും ഫൗണ്ടേഷൻ സഹകരിക്കുന്നു. താരതമ്യേന ന്യായമായ വിലയിൽ ആവശ്യമുള്ള ഡോസ് മരുന്ന് ഉറപ്പാക്കാനാണ് ഫൗണ്ടേഷന്റെ ശ്രമം.

കോവിഡ് വാക്സീൻ വരുന്നതോടുകൂടി 2022ൽ മഹാമാരിക്ക് അന്ത്യം കുറിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഗേറ്റ്സ് വ്യക്തമാക്കി. ‘മറ്റൊരു മഹാമാരി വന്നേക്കാമെന്ന വസ്തുത മറക്കാനാകില്ല. നമ്മൾ തയാറായി ഇരിക്കണം’ – അദ്ദേഹം പറഞ്ഞു.

MORE IN BUSINESS
SHOW MORE
Loading...
Loading...