60,000 മുടക്കിയാൽ നാലര ലക്ഷം വരുമാനം; കേട്ടാൽ അതിശയം തോന്നും; കൈ നിറയെ പണം

heliconia-farm
SHARE

പനമരം: പൂ വിരിയുന്നത് തരിശുനിലത്താണെങ്കിലും കൈ നിറയെ പണം നേടി തരുന്ന ഹെലിക്കോണിയ പൂക്കൃഷി ജില്ലയിലും വേരോടുന്നു. ഒരേക്കർ തരിശുനിലത്ത് 60,000 മുടക്കിയാൽ ഏഴാം മാസം മുതൽ ഓരോ മാസവും നാലര ലക്ഷം വീതം വരുമാനം. കേട്ടാൽ അതിശയം തോന്നുമെങ്കിലും ടൗണിലെ ഹോട്ടൽ വ്യാപാരം നിർത്തി ഹെലിക്കോണിയ കൃഷിയിലേക്ക് ഇറങ്ങിയ പനമരത്തെ കുന്നപ്പള്ളി സിജു എന്ന ഇഗ്നേഷ്യസിന്റെ കൃഷിയിടം കണ്ടാൽ മനസ്സിലാകും കേട്ടതെല്ലാം ശരിയാണെന്ന്. രോഗബാധയും വിലയിടിവും വന്യമൃഗശല്യവും മൂലം മറ്റു കൃഷികൾ നശിച്ചു പ്രതിസന്ധിയിലായ കർഷകർ കൃഷി പൂർണമായും ഉപേക്ഷിക്കുമ്പോഴാണു കുറഞ്ഞ മുതൽ മുടക്കിലും അധ്വാനത്തിലും പൂക്കൃഷിയിൽ നിന്ന് ഈ കർഷകൻ പണം കൊയ്യുന്നത്. 

പൂ കൃഷിയിൽ വരുമാനം കിട്ടിത്തുടങ്ങിയതോടെ ഇദ്ദേഹം കൂടുതൽ തരിശുനിലം പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു. അകലെ നിന്ന് നോക്കിയാൽ പച്ചക്കാട് പോലെ തോന്നുന്ന ഹെലിക്കോണിയ അടുത്തെത്തിയാൽ നിറങ്ങളും രൂപങ്ങളും കൊണ്ട് വിസ്മയിപ്പിക്കുന്ന വലിയതും തിളക്കമുള്ളതുമായ പൂന്തോട്ടമായി മാറും. കല്യാണ ആവശ്യങ്ങളുടെയും മറ്റും അലങ്കാരത്തിനായാണ് ഈ പൂ ഉപയോഗിക്കുന്നത്. ഇതിന്റെ ഒരു പൂവ് അന്യസംസ്ഥാന മാർക്കറ്റിൽ എത്തിച്ചാൽ 45 രൂപ മുതൽ ലഭിക്കും. ഹെലിക്കോണിയായുടെ വിത്തുകൾ മഹാരാഷ്ട്രയിലെ സാവന്ത്‌വാടിയിൽ നിന്നു കൊണ്ടുവന്നാണ് കുന്നപ്പള്ളി സിജു കൃഷി ആരംഭിച്ചത്.

ഹെലിക്കോണിയ കൃഷിരീതി

ചെറിയ വാഴക്കന്ന് പോലുള്ള വിത്താണ് ഹെലിക്കോണിയായുടെത്. ഭാഗിക തണലിലോ പൂർണ സൂര്യപ്രകാശമുള്ള സ്ഥലങ്ങളിലോ കൃഷിയിറക്കാനാകും. 10 അടി അകലത്തിലാണ് വിത്തുകൾ നടേണ്ടത്. മാസങ്ങൾക്കുള്ളിൽ കണപൊട്ടി ഇവ പ്രദേശം മുഴുവൻ ഇടതിങ്ങി വളരും. പ്രത്യേക വളങ്ങൾ ഒന്നും തന്നെ വേണ്ട എന്നതും നട്ടു കഴിഞ്ഞാൽ പണി കുറവാണ് എന്നതുമാണ് ഇതിന്റെ പ്രത്യേകത. വില കുറഞ്ഞ കോഴിവളം പോലുള്ളവ മാത്രം വളമായി നൽകിയാൽ മതി. 

ഒരു ഏക്കർ നട്ട് വളമിട്ട് പരിപാലിക്കുന്നതിനു 60,000 രൂപ ചെലവ് വരും. മഴക്കാലത്ത് വെളളം കയറിയിറങ്ങുന്ന വയലാണ് എങ്കിൽ ഒരു വളവും ഇടേണ്ടതില്ല. ഹെലിക്കോണിയ കൃഷിയിറക്കി ഏഴാം മാസം മുതൽ വിളവെടുപ്പ് ആരംഭിക്കാം. ഒരേക്കർ സ്ഥലത്ത് നിന്ന് ഒരു മാസം 10,000 പൂക്കൾക്കു മുകളിൽ ലഭിക്കും. 3 അടി മുതൽ 10 അടിയിലേറെ വരെ ഉയരത്തിൽ വളരും. ഒരു വർഷം കൃഷിയിറക്കിയാൽ 3 വർഷത്തോളം വിളവെടുക്കാം. ഇതിനെല്ലാം പുറമേ ചെടി നടുമ്പോൾ ഹോർട്ടികൾചറിൽ റജിസ്റ്റർ ചെയ്താൽ 80,000 രൂപ ലഭിക്കുമെന്നും കൃഷി തുടങ്ങിയ കർഷകർ പറയുന്നു.

വിപണി പ്രശ്നം

വിളവും വിലയും ഉണ്ടെങ്കിലും ഹെലിക്കോണിയ പൂവിന് കേരളത്തിൽ വിപണിയില്ലാത്തതിനാൽ പുതിയ കർഷകർ രംഗത്തേക്ക് വരാൻ മടിക്കുന്നു. ഹൈദരാബാദ്, ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിലാണ് ഈ പൂവിന് ഇപ്പോൾ കൂടുതൽ ആവശ്യക്കാരുള്ളു. 

വിളവെടുക്കുന്ന പൂ നല്ല രീതിയിൽ കർഷകരുടെ ചെലവിൽ ഇവിടങ്ങളിൽ എത്തിച്ചാലേ വില കിട്ടൂ എന്നതാണ് ഇതിന്റെ പോരായ്മയായി കർഷകർ പറയുന്നത്.എന്നിരുന്നാലും വിപണി കണ്ടെത്താൻ അൽപം കഷ്ടപ്പാട് സഹിച്ചാലും കൈ നിറയെ പണം വരാവുന്ന മറ്റൊരു കൃഷി ഇല്ലെന്നും ഹെലിക്കോണിയ കൃഷി നടത്തുന്നവർ പറയുന്നു.

MORE IN BUSINESS
SHOW MORE
Loading...
Loading...