'സൂമി' നെ വെല്ലാന്‍ മലയാളികളുടെ ആപ്പ്; സുരക്ഷയും സ്വകാര്യതയും മുഖ്യം

education-app
SHARE

ലോക്ഡൗൺ കാലത്ത് വിഡിയോ കോൺഫറന്‍സിങ് ആപ്ലിക്കഷനുകളുടെ പ്രചാരം ഏറിയിരിക്കുകയാണ്. എല്ലാം ഓൺലൈനായി മാറുന്നു. വിദ്യാഭ്യാസ മേഖലയിലാണ് പ്രധാനമായും ഓൺലൈൻ സാധ്യതകളുടെ പരീക്ഷണങ്ങൾ നടക്കുന്നത്. ഇവിടെ മലയാളിയായ സംരംഭകൻ സിബിൻ ജോൺ പാറക്കലാണ് വിദ്യാഭ്യാസ മേഖലയ്ക്കായി ഒരു ഓൺലൈൻ ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ മീറ്റ്, സൂം എന്നിവയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഇത്തരമൊരു ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്. 

ആപ്ലിക്കേഷന്‍റെ പ്രത്യേകത എന്തെന്ന് സംരംഭകർ മനോരമ ന്യൂസിനോട് വ്യക്തമാക്കുന്നു: ഗൂഗിൾ മീറ്റ്, സൂം എന്നീ ആപ്ലിക്കേഷനുകൾക്ക് പകരമായി വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനാണ് സിക്സ (ZIXA). വിദ്യാഭ്യാസ ആവശ്യങ്ങൾക്കായാണ് ഇത് പ്രവർത്തിക്കുന്നത്. സാങ്കേതികമായി ഇത്തരം ആപ്പുകൾക്ക് പല പ്രശ്നങ്ങളുണ്ട്. അത്തരത്തിൽ ലൈവ്, റെക്കോർഡഡ് ക്ലാസുകളിൽ ഒരു തടസ്സവും ഇതിലൂടെ ഉണ്ടാകില്ല. മാത്രമല്ല വിദ്യാർഥികൾക്ക് അധ്യാപകരോട് സംശയങ്ങൾ ചോദിക്കാനും സാധിക്കും. 

വിദേശ സർവകലാശാലകളിൽ പഠിക്കുന്നവർക്ക് ഇവിടെ ഇരുന്ന് പഠിച്ച് ഇവിടെത്തന്നെ പരീക്ഷകള്‍ എഴുതാനും സാധിക്കും. എല്ലാത്തരം പഠനവും സാധ്യമാകും. ട്യൂഷൻ സെന്ററുകൾ, പാഠ്യേതര വിഷയങ്ങൾ തുടങ്ങിയവയും സാധ്യമാണ്. 

നിലവിൽ വെബ് ആപ്ലിക്കേഷനായാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഡിസംബറോടെ ആൻഡ്രോയ്ഡ്, ഐഓഎസ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും. 

ഓൺലൈൻ ക്ലാസ് നടക്കുമ്പോൾ ക്ലാസ് റൂമിൽ ഇല്ലാത്ത ആളുകൾ അനാവശ്യ വിഡിയോകൾ അയച്ച സംഭവമൊക്കെ നേരത്തെ ഉണ്ടായിട്ടുണ്ട്. ഇവിടെ അങ്ങനെ ആർക്കും ഇടയ്ക്ക് കയറാൻ പറ്റില്ല. ഒരു സിസ്റ്റത്തിൽ ഉപയോഗിക്കുന്ന ലിങ്ക് മറ്റൊരെണ്ണത്തിൽ ഉപയോഗിക്കാൻ സാധിക്കില്ല. സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പാക്കുന്നുണ്ട്. 3 മാസത്തേക്ക് ഫ്രീ ട്രയലും പിന്നീട് ചെറിയ തുക ഈടാക്കാനുമാണ് തീരുമാനം. 

വിദൂര വിദ്യാഭ്യാസം നടത്തുന്നവർക്കും ഇത് ഫലപ്രദമാണ്. അധ്യാപകർക്ക് തന്നെ ക്ലാസ് മുറികൾ നിർമിക്കാം. വേണമെങ്കിൽ ക്ലാസുകൾ വിൽക്കാം. സൗജന്യമായും നൽകാം. ആഗോള തലത്തിൽ ഇത് ഉപയോഗിക്കാമെന്നും അദ്ദേഹം അവകാശപ്പെടുന്നു. ജാപ്പനീസ്, കനേഡിയൻ യൂണിവേഴ്സിറ്റികൾ സ്റ്റാർട്ടപ്പ് വഴി ബന്ധപ്പെട്ടിട്ടുണ്ട്. ബിസിനസ് ആവശ്യത്തിനായി ആക്സിസ് എന്നൊരു ആപ്ലിക്കേഷൻ കൂടിയുണ്ട്. പ്രൈവസി സൂക്ഷിക്കാനുള്ള സംവിധാനമാണ് ഇതിനുള്ളത്. ഓഫിസുകൾക്ക് വേണ്ടി മാത്രമാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.  ഇതുകൂടാതെ വാട്സാപിന്റെ സുരക്ഷിതത്വത്തിനായി ZIXAPP എന്നൊരു സംവിധാനവും വികസിപ്പിക്കുന്നുണ്ട്. ഇതുണ്ടെങ്കിൽ ഡാറ്റ വേറൊരാൾക്ക് കോപ്പി ചെയ്യാനോ സ്ക്രീൻ റെക്കോഡിങ്ങ് ചെയ്യാനോ പറ്റില്ല. നിലവിൽ വിദ്യാഭ്യാസത്തിനായുള്ള പ്രൊഡക്റ്റ് മാത്രമാണ് ഇപ്പോള്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.

MORE IN BUSINESS
SHOW MORE
Loading...
Loading...