കോവിഡിനു ശേഷം സാമ്പത്തിക രംഗം തിരിച്ചു വരുമോ? എന്താണ് " V " ആകൃതി വളർച്ച

business-covid
SHARE

കോവിഡ് വൈറസ് സൃഷ്ടിച്ച പ്രതിസന്ധി മൂലം ആഗോള സമ്പദ്‌വ്യവസ്ഥ വലിയതോതിൽ തിരിച്ചടി നേരിടുന്ന സമയമാണിത്. വ്യാപാര ഇടപാടുകളും ടൂറിസവും ഗതാഗത സൗകര്യങ്ങളുമെല്ലാം നിശ്ചലമായതോടുകൂടി കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് എല്ലാ രാജ്യങ്ങളും നേരിടുന്നത്. ആഗോളതലത്തിൽ വ്യവസായ-വാണിജ്യ മേഖലയാകെ സ്തംഭിച്ചിരിക്കുന്നു. 1930 ലെ മഹാ മാന്ദ്യത്തിന് ശേഷം ഉള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം എന്നാണ് ഐഎംഎഫും ലോകബാങ്കും ഇപ്പോഴുള്ള പ്രതിസന്ധിയെ  വിലയിരുത്തുന്നത്. 

എങ്ങനെയാണ് ഇതിൽ നിന്ന് ഒരു തിരിച്ചുവരവ് ഉണ്ടാവുക. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ എങ്ങനെയായിരിക്കും പഴയ വളർച്ചനിരക്ക് കൈവരിക്കുക. സാമ്പത്തിക വിദഗ്ധർ മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങൾ പലതാണ്. ഇതിൽ ഏറ്റവും പ്രധാനം  'V' മാതൃകയിൽ ആഗോള സമ്പദ് വ്യവസ്ഥ തിരിച്ചുവരും എന്നുള്ളതാണ്. റിസർവ്ബാങ്ക് ഗവർണർ ശക്തികാന്ത ദാസും ഈ  പ്രതീക്ഷയാണ് കഴിഞ്ഞദിവസം പങ്കുവെച്ചത്. 

എന്താണ് '' V '' ആകൃതി 

അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് കഴിഞ്ഞദിവസം സംഘടിപ്പിച്ച ഒരു സർവ്വേയിൽ ഒരു വിഭാഗം വിദഗ്ധർ 2020ഇൽ  ആഗോള സമ്പദ്‌വ്യവസ്ഥ 6 ശതമാനം ഇടിവ് നേരിടും എന്നാണ് പറയുന്നത്. എന്നാൽ മറ്റൊരു വിഭാഗം സാമ്പത്തിക വിദഗ്ധർ  0.7 ശതമാനം വളർച്ച ഉണ്ടാകും എന്ന് പറയുന്നു . അതായത് കോവിഡ് ആഗോള സമ്പദ്  വ്യവസ്ഥയുടെ നെഗറ്റീവ് വളർച്ചക്ക്  കാരണമാകില്ല എന്ന് ഇവർ നിസ്സംശയം പറയുന്നു. സമ്പദ്‌വ്യവസ്ഥയുടെ പ്രകടനം സംബന്ധിച്ച് രണ്ട് വ്യത്യസ്ത ആശയങ്ങൾ നിലനിൽക്കുന്നു എന്ന് ചുരുക്കം. ഒരു വിഭാഗം വിദഗ്ധർ പറയുന്ന പ്രധാനപ്പെട്ട കാര്യം ഈ സാമ്പത്തിക വർഷം മൂന്നാം പാദത്തിലും നാലാം പാദത്തിലും സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ചുവരവ് നടത്തും എന്നുള്ളതാണ്. കോവിഡ് വൈറസ് സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കുന്നതിന് എല്ലാ രാജ്യങ്ങളും പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കുന്നുണ്ട്.

ഇതിനുപുറമേ വ്യാപാര ഇടപാടുകൾ പഴയരീതിയിൽ എത്തുക കൂടി ചെയ്യുന്നതോടെ സമ്പദ്  വ്യവസ്ഥ ഏറ്റവും താഴെ നിന്ന് കുത്തനെ മുകളിലേക്ക് കുതിച്ചുയരും എന്ന് ഇവർ പറയുന്നു. ഇതാണ് ഒരു 'V' ആകൃതിയിലുള്ള പ്രകടനം. 

''U'' ആകൃതിയിലുള്ള തിരിച്ചുവരവ് 

2008 -2009 സാമ്പത്തിക വർഷത്തിൽ ഉണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തിൽ നിന്നുള്ള തിരിച്ചുവരവ് "U" ആകൃതിയിൽ ആയിരുന്നു. സമ്പദ്  വ്യവസ്ഥ പഴയ വളർച്ചയിലേക്ക് എത്തുന്നതിന് രണ്ടോ മൂന്നോ പാദങ്ങൾ കാലതാമസം ഉണ്ടാകുമ്പോഴാണ് U ആകൃതിയിലുള്ള വളർച്ച ആകുന്നത്. ലോക്ഡൗൺ മൂലം ഉണ്ടായ പ്രതിസന്ധികൾ  വളരെ സാവധാനം മാത്രമേ പരിഹരിക്കപ്പെടുകയുള്ളൂ  എന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വീണ്ടും രോഗം പടരാതിരിക്കാൻ സാമൂഹിക അകലം പാലിക്കുന്നത് തുടരാനാണ് സാധ്യത എന്നും ടൂറിസം മേഖലയിൽ ഉണ്ടായ കനത്ത ആഘാതം പ്രതിസന്ധി ഗുരുതരമാക്കും  എന്നും ഇവർ വിലയിരുത്തുന്നു. അതുകൊണ്ട് "V" ആകൃതിയിലുള്ള ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നില്ല. മറിച്ച് "U" ആകൃതിയിലുള്ള തിരിച്ചുവരവാണ് ഇവർ പ്രവചിക്കുന്നത്. 

"W" ആകൃതിയിലുള്ള സമ്പദ്  വ്യവസ്ഥയുടെ ചലനം

 ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കപ്പെടുകയും "V" ആകൃതിയിൽ തിരിച്ചുവരവ് നടത്തുകയും ചെയ്തതിനുശേഷം ലോക്ഡൗൺ മൂലമുള്ള തൊഴിലില്ലായ്മയും കോർപ്പറേറ്റുകളുടെ പ്രതിസന്ധിയും കാരണം വീണ്ടും സമ്പദ്‌വ്യവസ്ഥ താഴെ പോകാനുള്ള സാധ്യതയുണ്ടെന്ന് ഒരു വിഭാഗം വിദഗ്ധർ പറയുന്നു. ഒരു പക്ഷേ വീണ്ടും കോവിഡ്  വൈറസ് റിപ്പോർട്ട് ചെയ്യപ്പെടുകയാണ് എങ്കിൽ ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടും ഒരു തകർച്ചയിലേക്ക് നീങ്ങാം. അങ്ങനെ വന്നാൽ ഒരു "W" ആകൃതിയിൽ ഉള്ള ചലനം ആയിരിക്കും ആഗോള സമ്പദ് വ്യവസ്ഥയിൽ ഉണ്ടാവുക എന്ന് ഇവർ   വിദഗ്ധർ വിലയിരുത്തുന്നു. 

"L" ആകൃതിയിലുള്ള സമ്പദ് വ്യവസ്ഥയുടെ പ്രകടനം

ആഗോള സമ്പദ്‌വ്യവസ്ഥ തകർച്ചയിലേക്ക് നീങ്ങുകയും അടുത്തൊന്നും തിരിച്ചുവരാൻ ആകാത്ത രീതിയിൽ താഴ്ന്ന വളർച്ച നിരക്കിൽ മുന്നോട്ടുപോവുകയും ചെയ്യുന്ന  സാഹചര്യത്തെയാണ് ''L'' ആകൃതിയിലുള്ള വളർച്ച എന്ന് പറയുന്നത്.  

വൈറസ് പടരുകയും ലോക് ഡൗൺ നീട്ടേണ്ടി വരികയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ "L" ആകൃതിയിലുള്ള വളർച്ച ആയിരിക്കും ഫലം. വൈറസ് ആദ്യം കണ്ടെത്തിയ ചൈനയിലെ വുഹാനിൽ ഉണ്ടായ അവസ്ഥയാണിത്. ലോക്ഡൗണിന് ശേഷം അവിടെ മരണം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നു. ''L'' മാതൃകയിലുള്ള വളർച്ചനിരക്ക് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളെ ആയിരിക്കും. കാരണം വലിയതോതിലുള്ള സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുന്നതിന് വികസ്വര  പരിമിതിയുണ്ട്. ഇത് കൂടുതൽ പ്രതിസന്ധിയിലേക്കായിരിക്കും നയിക്കുക

MORE IN BUSINESS
SHOW MORE
Loading...
Loading...