എയര്‍ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലെത്തിയേക്കും; നീക്കം 'വിസ്താര'യിലൂടെ

AIR-INDIA-FRANCE
SHARE

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ഇന്ത്യ വാങ്ങുന്നതിന് ടാറ്റാ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും സംയുക്തമായി താല്‍പര്യപത്രം നല്‍കിയേക്കുമെന്ന് സൂചന. ഇരു കമ്പനികളുടെയും സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സ് ഉപയോഗിച്ച് എയര്‍ഇന്ത്യ വാങ്ങാനാണ് നീക്കം. ഈ ആഴ്ച ചേരുന്ന ടാറ്റാ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊളളും 

അവസാനം എയര്‍ഇന്ത്യ വീണ്ടും ടാററയുടെ കൈകളിലെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. 1932ല്‍ ജെആര്‍ഡി ടാറ്റയാണ് എയര്‍ഇന്ത്യ സ്ഥാപിച്ചത്. ടാറ്റ എയര്‍ലൈന്‍സ് എന്ന് അറിയപ്പെട്ടിരുന്ന കമ്പനി 1948ല്‍ ആണ് എയര്‍ഇന്ത്യ ഇന്‍റര്‌‍നാഷണല്‍ എന്ന് പേര് മാററുന്നത്.   ടാറ്റസണ്‍സ് -  സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സ് ഉപയോഗിച്ച് എയര്‍ഇന്ത്യ വാങ്ങാന്‍ നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എയര്‍ഇന്ത്യയുടെ നിലവിലെ സാമ്പത്തിക സ്ഥിതി, പ്രവര്‍ത്തന ശേഷി തുടങ്ങിയവ വിലയിരുത്തുന്നതായി വിസ്താര സ്ഥിരീകരിച്ചു. എയര്‍ഇന്ത്യയുടെ 100 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതിനുളള താല്‍പര്യപത്രം ക്ഷണിക്കുകയും ചെയ്തു. മാര്‍ച്ച് 17ആണ് അവസാന തീയതി. ഈയാഴ്ച ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമെടുത്ത ശേഷം താല്‍പര്യ പത്രം സമര്‍പ്പിക്കാനാണ് ടാറ്റയുടെ ആലോചന. 2018 ല്‍ ആദ്യമായി എയര്‍ഇന്ത്യ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴും ടാറ്റാ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ 76 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ആണ് അന്ന് കേന്ദ്രം തീരുമാനിച്ചത്. 100 ശതമാനം ഓഹരികള്‍ വാങ്ങാതെ വിസ്താര - എയര്‍ ഇന്ത്യ ലയനം സാധ്യമാകാത്തതിനാലാണ് അന്ന് ടാറ്റ പിന്‍വാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ എയര്‍ഇന്ത്യ പൂര്‍ണമായും വില്‍പനയ്ക്ക് വച്ച സാഹചര്യത്തില്‍ ആണ് ടാറ്റാ  മുന്നോട്ട് വന്നിരിക്കുന്നത്.

58351 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ ആകെ കടം. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രത്യേക സാമ്പത്തിക പാക്കേജിന്‍റെ സഹായത്തിലാണ് എയര്‍ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 30000 കോടി രൂപ വരെ ഇത്തരത്തില്‍ കേന്ദ്രം കൈമാറിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 7500 കോടിയോളം രൂപയാണ് എയര്‍ഇന്ത്യയുടെ നഷ്ടം

MORE IN BUSINESS
SHOW MORE
Loading...
Loading...