ദിവസം 20 കോടി നഷ്ടം; എയർ ഇന്ത്യ വാങ്ങാൻ ഇന്‍ഡിഗോയും, ഇത്തിഹാദും

air-india-28-05-19
SHARE

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ഇന്ത്യ വാങ്ങുന്നതിന് രണ്ട് വിമാന കമ്പനികള്‍ ശ്രമം തുടങ്ങിയതായി സൂചന. ഇന്‍ഡിഗോ എയര്‍ലൈന്‍സ്, ഇത്തിഹാദ് എയര്‍വേയ്സ് എന്നീ കമ്പനികളുടെ പ്രതിനിധികള്‍ കേന്ദ്രവുമായി ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.ദിവസേന ഇരുപതുകോടിരൂപ നഷ്ടത്തിലാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്.

പൊതുമേഖലാവിമാനക്കമ്പനിയായ എയര്‍ ഇന്ത്യക്ക് അറുപതിനായിരം കോടിയിലധികം കടബാധ്യതയുണ്ട്. എടുത്ത വായ്പയ്ക്ക് മാസംതോറും 225കോടിരൂപ പലിശയിനത്തില്‍മാത്രം നല്‍കേണ്ടിവരുന്നു. ഈ പശ്ചാത്തലത്തിലാണ് എയര്‍ഇന്ത്യ വില്‍ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. 

രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോ, അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്സ് എന്നിവര്‍ എയര്‍ഇന്ത്യ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ചര്‍ച്ചകള്‍ നടത്തിയതായി സൂചനയുണ്ട്. വാങ്ങാന്‍ ആളെ കിട്ടിയില്ലെങ്കില്‍ ആറുമാസത്തിനകം എയര്‍ ഇന്ത്യ പൂട്ടേണ്ടിവരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 

ജൂണ്‍ മാസത്തിനകം വിമാനക്കമ്പനി വാങ്ങാന്‍ ആളെ കിട്ടിയില്ലെങ്കില്‍ ജെറ്റ് എയര്‍വേയ്സിനു സംഭവിച്ചതു എയര്‍ ഇന്ത്യയ്ക്കും സംഭവിക്കുമെന്ന് അധികൃതര്‍ പറയുന്നു.  2011- 2012 സാമ്പത്തികവര്‍ഷം മുതല്‍ ഈ ഡിസംബര്‍വരെ മുപ്പതിനായിരത്തി അഞ്ഞൂറ്റി ഇരുപതുകോടി ഇരുപത്തിയൊന്ന് ലക്ഷം രൂപ എയര്‍ ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിച്ചിട്ടുണ്ട്. 

നിലവില്‍ 12 എയര്‍ ബസ് എ 320 വിമാനങ്ങള്‍ അറ്റകുറ്റപ്പണിക്കായി നിലത്തിറിയിരിക്കുകയാണ്. ഇവയ്ക്ക് പുതിയ എന്‍ജിന്‍ വാങ്ങണമെങ്കില്‍ ആയിരത്തിഒരുന്നൂറുകോടിരൂപയെങ്കിലും വേണം. ജീവനക്കാര്‍ക്ക് വൈകിയാണ് ശമ്പളം നല്‍കുന്നത്. അന്‍പതുകോടിരൂപ ശമ്പളക്കുടിശ്ശികയുണ്ടെന്ന് പറഞ്ഞ് പൈലറ്റുമാര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...