പയ്യന്റെ യൂട്യൂബ് ചാനല്‍ കാണുന്നതു ലക്ഷങ്ങള്‍, രാജ്യത്തെ പ്രായം കുറഞ്ഞ യൂട്യൂബര്‍

abhimanyu-youtuber
SHARE

അങ്കമാലി : മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ ദുരുപയോഗം ചെയ്യാതെ ഫലപ്രദമായി ഉപയോഗിക്കുന്നതിനു മാതൃകയാണു മണ്ണാർക്കാട് വട്ടോടിൽ ബൈജുവിന്റെ മകൻ പത്താം ക്ലാസ് വിദ്യാർഥി അഭിമന്യു വി. ബൈജു. അഭിമന്യുവിന്റെ യൂട്യൂബ് ചാനലിനു (A 4 tech) രണ്ടര ലക്ഷം കാഴ്ചക്കാരുണ്ടെന്ന് അച്ഛൻ ബൈജു അറിയുന്നതു വിദേശ മാധ്യമത്തിൽ അഭിമന്യുവിനെക്കുറിച്ചു വാർത്തവന്നപ്പോഴാണ്. പിന്നീടു കാര്യങ്ങൾ ഗൗരവമായി.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ യൂട്യൂബറായി യു ട്യൂബ് അഭിമന്യുവിനെ പ്രഖ്യാപിച്ചു. യൂട്യൂബ് പുറത്തിറക്കിയ പട്ടികയിലാണ് ഇതേ പ്രായത്തിലുള്ളവരുടെ യൂട്യൂബ് ചാനലുകളിൽ അഭിമന്യുവിനെ നമ്പർ വൺ ആയി തിരഞ്ഞെടുത്തത്. ഇപ്പോൾ വെബ് സീരിസ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. അഭിമന്യുവിന്റെ  വെബ് സീരിസ് ‘ബൈസിക്കിൾ ഭായ്സി’ന്റെ ഒഫീഷ്യൽ ടീസർ പ്രകാശനം ചെയ്തു. സമകാലിക വിഷയങ്ങളെ കോർത്തിണക്കിയുള്ള വെബ് സീരിസാണു പുറത്തിറക്കുകയെന്ന് അഭിമന്യു പറഞ്ഞു.

മണ്ണാർക്കാട് ശബരി സ്കൂളിലെ വിദ്യാർഥിയായ അഭിമന്യുവിനു പഠനം കുട്ടിക്കളിയല്ല. വെബ് സീരിസിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയാൽ പഠനത്തിൽ ശ്രദ്ധിക്കും. മൊബൈലും ലാപ്ടോപും  യൂട്യൂബ് ചാനലുമൊക്കെ മാറ്റിവച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുമെന്ന് അച്ഛനു വാക്കുകൊടുത്തിരിക്കുകയാണ് അഭിമന്യു. പുതിയ ആപ്ലിക്കേഷനുകളുടെയും മറ്റും സാങ്കേതികവശങ്ങൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്താണ് അഭിമന്യു വളരെ വേഗം കാഴ്ചക്കാരെ നേടിയത്.

സാങ്കേതിക വിവരങ്ങൾ മാത്രമല്ല,  എവിടെയെങ്കിലും യാത്ര പോയാൽ അതിന്റെ വിശേഷങ്ങളും അപ് ലോഡ് ചെയ്യും. ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിൽ അഭിമന്യുവിന്റെ അവതാരണ ശൈലി  ഒട്ടേറെ കാഴ്ചക്കാരെ നേടിക്കൊടുത്തു. ഇതോടെ പല കമ്പനികളും അഭിമന്യുവിന് ഉൽപന്നങ്ങൾ അയച്ചു കൊടുക്കുകയായിരുന്നു. ഇതുവരെ ഇരുനൂറോളം ഉൽപന്നങ്ങൾ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തി. 2017 മാർച്ച് ആറിനാണ് അഭിമന്യു ചാനൽ തുടങ്ങിയത്. യൂട്യൂബ് അഭിമന്യുവിനു പണം നൽകുന്നുണ്ട്. 

MORE IN BUSINESS
SHOW MORE
Loading...
Loading...