ട്വിറ്ററിനു വക്കീല്‍ നോട്ടിസ്; പിന്നാലെ മാസ്റ്റഡോണിലേക്ക് 'കുടിയേറി' ഇന്ത്യക്കാർ

mastodon-twitter
SHARE

മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിനു വെല്ലുവിളിയായി മാസ്റ്റഡോണ്‍. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള ഇടത്തിനൊപ്പം വിദ്വേഷപ്രസംഗകരെയും വര്‍ഗീയത വിളമ്പുന്നവരെയും ഒരുപോലെ നേരിടുന്ന ഇടമെന്നാണ് മാസ്റ്റഡോണിലേക്ക് കുടിയേറുന്നവരുടെ അഭിപ്രായം. ജര്‍മന്‍കാരനായ യുജെന്‍ റോച്ച്കോയാണ് 2016ല്‍ 24ാം വയസില്‍ മാസ്റ്റഡോണിനു രൂപംനല്‍കിയത്.

ഒരു ട്വീറ്റിനെതുടര്‍ന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ ഹെഗ്ഡെയുടെ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തതാണ് ട്വിറ്റര്‍ ഉപേക്ഷിച്ച് മാസ്റ്റഡോണിലേക്ക് കുടിയേറാന്‍ ഒരുകൂട്ടം ഇന്ത്യന്‍ ഉപയോക്താക്കളെ പ്രേരിപ്പിച്ചിരിക്കുന്നത്. നടപടിക്കെതിരെ ട്വിറ്ററിനു വക്കീല്‍ നോട്ടിസ് അയച്ചിരിക്കുകയാണ് സഞ്ജയ് ഹെഗ്ഡേ. 

സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വികേന്ദ്രീകൃത ശൃംഖലയാണ് മാസ്റ്റഡോണ്‍. ഓരോ യൂസറും ഓരോ മാസ്റ്റഡോണ്‍ സെര്‍വറിലെ അംഗമാണ്. ഈ െസര്‍വറുകള്‍ മാസ്റ്റഡോണിലെ ഓരോ ഇന്‍സ്റ്റന്‍സുകളാണ്. വിവിധ ഇന്‍സ്റ്റന്‍സുകള്‍ അഥവാ സെര്‍വറുകളിലെ അംഗങ്ങളുമായി സംവദിക്കാനും മാസ്റ്റഡോണ്‍ അവസരമൊരുക്കുന്നു. 

ട്വിറ്ററിലെ കുറിപ്പുകള്‍ ട്വീറ്റുകളാണെങ്കില്‍ മാസ്റ്റഡോണിലെ കുറിപ്പുകള്‍ക്ക് ടൂട്ട്സ് എന്നാണ് വിളിപ്പേര്. കുത്തക കമ്പനികളെപ്പോലെ പരസ്യവരുമാനം മാസ്റ്റഡോണിന്‍റെ ലക്ഷ്യമല്ലെന്ന് യൂജെന്‍ റോച്ച്കോ വ്യക്തമാക്കുന്നു. 

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ പ്രതീക് സിന്‍ഹ, സാമൂഹികപ്രവര്‍ത്തക കവിത കൃഷ്ണന്‍, ബോളിവുഡ് ഗായകന്‍ വിശാല്‍ ദദ്‍ലാനി അടക്കമുള്ളവര്‍ ട്വിറ്റര്‍ വിട്ട് മാസ്റ്റഡോണിലേക്ക് മാറി. എന്നാല്‍ ഇപ്പോഴത്തെ മാറ്റം ട്വിറ്ററിനെ ബാധിക്കില്ലെന്നാണ് ഐ.ടി. വിദഗ്ധരുടെ വിലയിരുത്തല്‍.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...