ഇത് കൂട്ടായ്മയുടെ വിജയം ; ചൗചൗ കൃഷിയിൽ നേട്ടം കൊയ്ത് ബിന്ദു

bindu07
SHARE

ചൗചൗ എന്ന പച്ചക്കറി വിളയുടെ വ്യാപകമായ കൃഷി കേരളത്തിൽ ആദ്യമായി തുടങ്ങിയ വ്യക്തിയാണ് വയനാട് വടുവൻചാൽ സ്വദേശി ബിന്ദു രാജു. മൂന്നു വർഷം മുമ്പാണ് ബിന്ദു ചൗചൗ  കൃഷി ആരംഭിക്കുന്നത്. കുടുംബശ്രീ, അയൽക്കൂട്ടം വഴിയായി 4 പേരുടെ കൂട്ടായ്മ രൂപീകരിച്ച് രണ്ടര ഏക്കർ സ്ഥലത്ത് സംഘം ചേർന്നും നാല് ഏക്കറിൽ സ്വന്തമായും ഇവർ നിലവിൽ ചൗചൗ കൃഷി ചെയ്യുന്നു. ആഭ്യന്തര വിപണിയിലും വിദേശത്തേക്കും ഒക്കെ ചൗചൗ വിൽപ്പന നടത്തുന്ന ഇവർ, ഈ കൃഷിയിലൂടെ മികച്ച വരുമാനവും നേടുന്നുണ്ട്.

പരമ്പരാഗത കാർഷിക കുടുംബമാണ് ബിന്ദുവിന്റേത്. ഭർത്താവും മക്കളുമൊക്കെയായി കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബം. തേയിലയും കാപ്പിയുമായിരുന്നു ആദ്യകാലങ്ങളിൽ പ്രധാനമായും കൃഷി ചെയ്തിരുന്നത്. തേയിലയുടെയും കാപ്പിയുടെയും വിലയിടിയുകയും ഉൽപാദന ചെലവു വർദ്ധിക്കുകയും ചെയ്തതോടെ കൃഷി നഷ്ടങ്ങളുടേതായി മാറി ഈ കുടുംബത്തിന് . കര കയറാൻ പച്ചക്കറികളടക്കമുള്ള ഇടവിള കൃഷികൾ ആരംഭിച്ചാലോ എന്നായി ആലോചന. പച്ചക്കറികളിൽ എന്തു പുതുമ കൊണ്ടു വരാൻ കഴിയും എന്ന ചിന്തയിൽ നിന്നാണ് കേരളത്തിൽ അത്ര പ്രചാരത്തിൽ ഇല്ലാത്തതും, പൊതുവേ ആരും കാര്യമായി കൃഷി ചെയ്യാത്തതുമായ ചൗചൗ, കൃഷി ചെയ്യാം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. 

ചൗചൗവിന്റെ കൃഷി സെപ്റ്റംബർ മാസത്തിലാണ് ആരംഭിക്കുന്നത്. പടവലവും പാവലും ഒക്കെ കൃഷി ചെയ്യുന്നത് പോലെ പന്തൽ ഒരുക്കി തന്നെയാണ് ചൗചൗവും കൃഷി ചെയ്യുന്നത്. ഏകദേശം ഒരു വർഷത്തോളം കൃഷിയും വിളവെടുപ്പും ഒക്കെ നീളും. സെപ്റ്റംബറിൽ കൃഷി ആരംഭിച്ചാൽ ഏകദേശം ജൂലൈ വരെ വിളവ് എടുക്കാം. ഭൂമി ഒരുക്കിയെടുത്ത ശേഷം തടമൊരുക്കിയാണ് ചൗചൗ നടുന്നത്. സാധാരണ പച്ചക്കറി വിളകളുടെ വിത്ത് ആണ് നടന്നതെങ്കിൽ ഈ കൃഷിയിൽ ചൗചൗ തന്നെയാണ് നടുന്നത്. വിളവെടുപ്പിന്റെ അവസാന ഘട്ടത്തിൽ മുള പൊട്ടിയിട്ടുള്ളതോ നല്ല മൂപ്പായതോ ആയ ചൗചൗ വിത്തിനു വേണ്ടി മാറ്റി വക്കും. മുള പൊട്ടിയ ശേഷം 20 ദിവസത്തിനുള്ളിൽ ചൗചൗ നടേണ്ടതുണ്ട്. ഒരു തടത്തിൽ മൂന്ന് ചൗചൗ വിത്തുകൾ ആണ് നടുന്നത്. പടർന്നു പന്തലിക്കുന്ന വിള ആയതു കൊണ്ട് 10 അടി അകലം തടങ്ങൾ തമ്മിൽ വേണം. നടുന്ന സമയത്ത് പൊതുവേ കൃഷി ചെലവ് കുറയ്ക്കാനായി അടിവളം നൽകാറില്ല. നട്ട വിത്തിൽ നിന്ന് മുള വളർന്ന് വള്ളി വീശി തുടങ്ങുമ്പോൾ പന്തൽ ഇട്ടു കൊടുക്കണം. പന്തലിൽ നിന്ന് താഴേക്ക് ചരട് കെട്ടി നൽകിയാണ് വള്ളികൾ മുകളിലേക്ക് എത്തിക്കുന്നത്. 

കൃഷിയിടത്തിലെ ജോലികളെല്ലാം ബിന്ദുവും കുടുംബവും പിന്നെ അയൽക്കൂട്ടത്തിലെ പങ്കാളികളും ചേർന്നാണ് ചെയ്യുന്നത്. 90 ദിവസം കൊണ്ട് പന്തലിൽ ചൗചൗ പടർന്ന് പന്തലിക്കും. 120 ദിവസം വളർച്ചയെത്തുമ്പോൾ മുതൽ വിളവ് എടുത്തു തുടങ്ങാം. 8 ദിവസം കൂടുമ്പോൾ വിളവെടുക്കാം. ആറര ഏക്കറിൽ ബിന്ദു ചൗചൗ മാത്രം കൃഷി ചെയ്യുന്നത് കൊണ്ട് ഇവിടെ ദിവസവും വിളവ് എടുപ്പ് ഉണ്ട്. മൂന്ന് ചൗചൗ ഉണ്ടെങ്കിൽ ഒരു കിലോ തൂക്കം ലഭിക്കും.

പറിച്ചെടുക്കുന്ന ചൗചൗ ഏകദേശം 15 മുതൽ 20 ദിവസം വരെ കേടാകാതിരിക്കും. സീസണും ഡിമാൻഡും അനുസരിച്ച് 4 രൂപ മുതൽ 22 രൂപ വരെ ചൗചൗവിന് വില ലഭിക്കുന്നുണ്ട്. ഒരു വർഷം നോക്കുമ്പോൾ ശരാശരി 15 രൂപയാണ് വില ലഭിക്കുന്നത്. ചൗചൗ കൃഷി താരതമ്യേന ലാഭകരമാണ് ഇവർക്ക് . കൃഷി ലാഭകരം ആവുന്നതിന്റെ പ്രധാനകാരണം ഒരു വിള തന്നെ കൂടുതൽ ഏരിയയിൽ കൃഷി ചെയ്യാൻ കഴിയുന്നതു കൊണ്ടാണ്. പ്രാദേശിക വിപണിയേക്കാൾ തമിഴ്നാട്ടിലേക്കും കൂടാതെ വിദേശരാജ്യങ്ങളിലേക്കും ആണ് ഇവർ കൃഷി ചെയ്യുന്ന ചൗചൗ കയറിപ്പോകുന്നത്.

ചൗചൗ കൃഷി കൂടാതെ രാജുവും കുടുംബവും ചേന, വാഴ തുടങ്ങിയവയും ഇടവിളയായി കൃഷി ചെയ്യുന്നുണ്ട്. 1 ഏക്കറിൽ ആയി 1250 ഓളം ചുവട് ചേന കൃഷി ചെയ്യുന്നു. അടിവളമായി ചാണകം നൽകിയ ശേഷം തൈ പൊന്തി വരുമ്പോൾ കോഴി വളവും കൂടി നൽകും. ഏത്തവാഴ 5 ഏക്കർ സ്ഥലത്ത് കൃഷി ചെയ്തത് ഇപ്പോൾ വിളവെടുത്തു കൊണ്ടിരിക്കുന്നു. വാഴക്ക് കാറ്റു പിടിക്കാതിരിക്കാൻ ഇടയിലുള്ള കവുങ്ങിൽ പ്രേത്യേക രീതിയിൽ വലിച്ച് കൊളുത്തിയാണ് കെട്ടുന്നത്. 1 ഏക്കറിൽ ഈ രീതിയിൽ 150 താങ്ങുണ്ടെങ്കിൽ 1000 വാഴ പിടിച്ചുകെട്ടാം. വാഴ വെട്ടാതെയാണ് കുല വെട്ടിയെടുക്കുന്നത്. വാഴക്കുല താഴെ വീണ് ചതവ് പറ്റാതിരിക്കാൻ, തോട്ടിയും അരിവാളും ഉപയോഗിച്ച് തണ്ട് മുറിച്ച ശേഷം നിലത്ത് വീഴും മുമ്പ് ചാക്കിലേക്ക് പിടിച്ചെടുക്കും. ചുരുങ്ങിയ സമയം കൊണ്ട് കുലകൾ ഈ രീതിയിൽ വെട്ടി എടുക്കാം. അവശേഷിക്കുന്ന വാഴകൾക്ക് കാറ്റു പിടിക്കാതിരിക്കാൻ എല്ലാ കുലയും വെട്ടിയ ശേഷമേ വാഴ ചുവടോടെ വെട്ടി മാറ്റു. വാഴക്കുലകൾ പടല ഇരിഞ്ഞ് രണ്ടായി തരം തിരിച്ച് കൂടുതലും വിദേശത്ത് കയറ്റി അയക്കുന്നവർക്ക് ആണ് ഇവർ വിൽപ്പന നടത്തുന്നത്. ഇതിലൂടെ അധിക വരുമാനവും ലഭിക്കുന്നു. 

കേരളത്തിൽ കാര്യമായി പ്രചാരമില്ല, വിപണന സാധ്യത ഇല്ല എന്നൊക്കെ അറിഞ്ഞിട്ടും, കേരളത്തിന് പുറത്തുള്ള വിപണി കണ്ടെത്തി വിറ്റഴിക്കാൻ കഴിയും എന്ന ധൈര്യമാണ് ചൗചൗ കൃഷിയിൽ വിജയകരമായി മുന്നേറാൻ ബിന്ദുവിന് കഴിയുന്നത്. ഈ മുന്നേറ്റത്തിന് ഊർജം പകരുന്നതാവട്ടെ കുടുംബത്തിന്റെയും അയൽക്കൂട്ട കൂട്ടായ്മയുടെയും ഒക്കെ അകമഴിഞ്ഞ പിന്തുണയും. ചൗ ചൗ കൃഷിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്..

ബിന്ദു രാജു

കച്ചിറയിൽ വീട്

ചെല്ലങ്കോട് (പി.ഒ)

വടുവൻചാൽ

വയനാട് ( ജില്ല)

ഫോൺ: 96 05 19 52 85

MORE IN NATTUPACHA
SHOW MORE
Loading...
Loading...