ഭവനവായ്പാ നിരക്ക് റിപോയുമായി ബന്ധിപ്പിച്ച് എസ്ബിഐ; പരിഷ്കാരം പ്രാബല്യത്തിൽ

STATE BANK INDIA-RESULTS/
SHARE

റിസര്‍വ് ബാങ്കിന്റെ റിപോ നിരക്കനുസരിച്ച് ഭവനവായ്പകളുടെ പലിശനിരക്ക് നിശ്ചയിക്കാനുള്ള എസ്.ബി.ഐയുടെ തീരുമാനം ഇന്ന് മുതല്‍  പ്രാബല്യത്തില്‍. റിപോയുമായി ഭവനവായ്പാനിരക്ക് ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യ ബാങ്കാണ് എസ്.ബി.ഐ. അതേസമയം, നിലവിലുള്ള എം.സി.എല്‍.ആര്‍ രീതി തുടരും. 

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയാണ് റിപോ നിരക്ക്. ആറുലക്ഷം രൂപയില്‍ അധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് റിപോ അധിഷ്ഠിത ഭവനവായ്പയ്‍ക്ക് അര്‍ഹത. അവശേഷിക്കുന്ന വായ്പയുടെ മൂന്നുശതമാനം വര്‍ഷംതോറും തിരിച്ചടയ്‍ക്കുന്ന രീതിയിലാകും ഇതില്‍ ഇ.എം.ഐ നിശ്ചയിക്കുക. പലിശനിരക്ക് റിപോ പ്രകാരം മാറിക്കൊണ്ടിരിക്കും. നിര്‍മാണത്തിലുള്ള വീടുകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി രണ്ടുവര്‍ഷമടക്കം പരമാവധി തിരിച്ചടവ് കാലാവധി 35 വര്‍ഷമായിരിക്കും. നിലവില്‍ 5.75 ശതമാനമാണ് റിപോ നിരക്ക്.

പലിശനിര്‍ണയം സുതാര്യമാക്കുകയാണ് എസ്.ബി.ഐയുടെ ലക്ഷ്യം. റിസര്‍വ് ബാങ്കിന്റെ നിരക്കുകള്‍ക്ക് അനുസരിച്ച് പലിശകൂട്ടുന്ന ബാങ്കുകള്‍ കുറയ്‍ക്കുമ്പോള്‍ പലിശ കുറയ്‍ക്കാറില്ലെന്നത് ദീര്‍ഘകാലമായുള്ള പരാതിയാണ്. ഇതിന് പരിഹാരം കാണാനാണ് റിപോ നിരക്ക് അടിസ്ഥാനമാക്കാനുള്ള എസ്.ബി.ഐയുള്ള തീരുമാനം.  ഇതിനൊപ്പം 2.25 ശതമാനവും റിസ്ക് സ്കോറിന്റെ 1.2.3 വിഭാഗത്തില്‍വരുന്നവര്‍ക്ക്  .40 ശതമാനം കൂടി ചേര്‍ത്താല്‍ 8.40 ശതമാനത്തില്‍ ഭവനവായ്പ ലഭിക്കും. നിലവില്‍ ഭവനവായ്പ നല്‍കുന്ന എം.സി.എല്‍.ആര്‍ രീതിയില്‍ 8.55 ശതമാനം മുതല്‍ 9.10 ശതമാനം വരെയാണ് പലിശനിരക്ക്.

എം.സി.എല്‍.ആര്‍ വായ്പയെടുത്തിട്ടുള്ളവര്‍ക്ക് 0.25 ശതമാനം മാറ്റച്ചാര്‍ജ് നല്‍കി റിപോ നിരക്കിലേക്ക് മാറാം. വായ്പാനിരക്ക് കുറയുമ്പോഴെന്നപോലെ കൂടുമ്പോള്‍ പലിശ ഉയരുമെന്നത് റിപോ നിരക്കിലേക്ക് മാറുന്നവര്‍ പ്രതീക്ഷിക്കണമെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

MORE IN BUSINESS
SHOW MORE
Loading...
Loading...