പത്തുവർഷത്തിനിടെ എഴുതിത്തള്ളിയത് 7 ലക്ഷംകോടി; കണക്കു പുറത്തുവിട്ട് ആർബിഐ

reserve-bank-of-india-1
SHARE

കഴിഞ്ഞ പത്തുവർഷത്തിനിടെ രാജ്യത്തെബാങ്കുകൾ എഴുതിതള്ളിയ കിട്ടാക്കടം ഏഴുലക്ഷംകോടി രൂപ. ആർബിഐയുടെ റിപ്പോർ‌ട്ടുകളെ ഉദ്ധരിച്ചുള്ള കണക്കാണ് പുറത്തുവന്നത്. ഇതിൽ എൺപതുശതമാനവും എഴുതിത്തളളിയത് 2014ന് ശേഷമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

കേന്ദ്രത്തിലെ കഴിഞ്ഞരണ്ട് സർക്കാരുകളുടെ കാലത്ത് ബാങ്കുകൾ എഴുതിതള്ളിയ കിട്ടാക്കട-നിഷ്ക്രിയ ആസ്തിയുടെ കണക്കുകളാണ് ആർബിഐയുടെ റിപ്പോർട്ടുകളെ ഉദ്ധരിച്ച് പുറത്തുവന്നിട്ടുള്ളത്. പത്തുവർഷത്തിനിടെ ആകെ എഴുതിത്തളളിയത് എഴുലക്ഷംകോടിരൂപ. അതിൽ എൺപതുശതമാനവും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ. 

അതായത്, അഞ്ചരലക്ഷംകോടിരൂപ. തിരികെലഭിക്കുമെന്ന് ഉറപ്പില്ലാത്ത ചെറുതും വലുതുമായ തുകകളാണ് ഇവ. 2009മുതൽ 2014 വരെ ഇരുപതിനായിരംമുതൽ നാൽപത്തി രണ്ടായിരംകോടിവരെയാണ് ഓരോവർഷവും എഴുതിത്തള്ളിയതെങ്കിൽ, 2016-17 ൽ ഒരുലക്ഷത്തി എണ്ണായിരംകോടിയാണത്. 2017-18ലാണ് ഏറ്റവുംകൂടുതൽ. ഒരുലക്ഷത്തി അറുപത്തിയോരായിരംകോടിരുപ. കഴിഞ്ഞസാമ്പത്തികവർഷത്തിലെ ആദ്യ ഒൻപതുമാസം ഒരുലക്ഷത്തിഅൻപത്തിയാറായിരം കോടിയും എഴുതിതള്ളി. 

രാജ്യത്തെ വലിയബാങ്കായ എസ്ബിഐയാണ് ഏറ്റവുംകൂടുതൽ കിട്ടാകടം എഴുതിത്തളളിയിട്ടുള്ളത്. എന്നാൽ, ഇവയിൽ പലതും വീണ്ടെടുക്കാനുളള നടപടികൾ പുരോഗമിക്കുന്നതായും ആർബിഐ പറയുന്നുണ്ട്. 

അതേസമയം, എഴുതിതള്ളിയതായി പ്രഖ്യാപിക്കുന്ന കാർഷികവായ്പകൾ അതത് സർക്കാരുകൾ, ബാങ്കിന് കൈമാറുന്നതിനാൽ ബാങ്കിന് നഷ്ടംവരുന്നതല്ല. അതിനാൽ അവ ഈകണക്കിൽ ഉൾപ്പെടുന്നില്ല. 

MORE IN BUSINESS
SHOW MORE