ഇന്ത്യക്ക് അനുവദിച്ച പരിഗണന അമേരിക്ക അവസാനിപ്പിക്കുന്നു; കയറ്റുമതിക്ക് തിരിച്ചടി

Donald Trump
SHARE

വ്യാപാരരംഗത്ത് ഇന്ത്യക്ക് അനുവദിച്ച പ്രത്യേക പരിഗണന അവസാനിപ്പിക്കാനൊരുങ്ങി അമേരിക്ക. ഇതോടെ അമേരിക്കന്‍ വിപണിയില്‍ ഇറക്കുമതി തീരുവയില്ലാതെ 3,900 കോടി രൂപ  വിലമതിക്കുന്ന ഉല്‍പന്നങ്ങള്‍ വില്‍ക്കാനുള്ള അനുവാദം ഇന്ത്യക്ക് നിഷേധിക്കപ്പെടും. അതേസമയം, ജിഎസ്പി ഇല്ലാതാകുന്നത് ഇന്ത്യന്‍ കയറ്റുമതിക്ക് തിരിച്ചടിയാകില്ലെന്ന് വാണിജ്യമന്ത്രാലയം പ്രതികരിച്ചു.

ഇതുവരെ നടത്തിയ ചര്‍ച്ചകളിലൊന്നും ഇന്ത്യന്‍ വിപണയില്‍ അമേരിക്കയ്ക്ക് ന്യായമായ  പ്രവേശനം സാധ്യമാക്കുമെന്ന് ഇന്ത്യ ഉറപ്പുനല്‍കിയിട്ടില്ല. ഇതേ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുഎസ് കോണ്‍ഗ്രസിനെ അറിയിച്ചു. ജിഎസ്പി പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവായ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് ട്രംപിന്റെ നടപടി.  

ഓര്‍ഗാനിക് കെമിക്കലുകള്‍, ഇനോര്‍ഗാനിക് കെമിക്കലുകള്‍, കാര്‍ഷിക വിഭവങ്ങള്‍ തുടങ്ങിയവയാണ് ജിഎസ്പി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ നവംബറില്‍ 50 ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കുള്ള ഇറക്കുമതി നികുതി രഹിത പദ്ധതി അവസാനിപ്പിക്കുന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചിരുന്നു. 2017–18ല്‍ 560 കോടി ഡോളറിനുള്ള ഉല്‍പന്നങ്ങളാണ് ജിഎസ്പി പദ്ധതി വഴി ഇന്ത്യ അമേരിക്കയിലേക്ക് കയറ്റി അയച്ചത്. വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള വ്യാപാരം പ്രോല്‍സാഹിപ്പിക്കുതിനാണ് ജിഎസ്പി പദ്ധതി നടപ്പാക്കിയത്. ഇന്ത്യയ്ക്കൊപ്പം തുര്‍ക്കിയെയും ഈ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ജിഎസ്പിയെക്കുറിച്ച് പരിശോധിക്കാന്‍ നിയോഗിച്ച ഉപസമിതിയുടെ നിര്‍ദേശ പ്രകാരമാണ് അമേരിക്കയുടെ പുതിയ നടപടികള്‍. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ പ്രവേശനം നിഷേധിക്കുകയാണെന്ന് സമിതി കുറ്റപ്പെടുത്തിയിരുന്നു. 

MORE IN BUSINESS
SHOW MORE