ലോകധനികരില്‍ ആദ്യ പത്തുപേരില്‍ മുകേഷ് അംബാനിയും; ഒന്നാമത് ആമസോൺ ഉടമ

mukesh-ambani-t
SHARE

ലോകത്തെ ധനികരില്‍ ആദ്യ പത്തുപേരില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും. 5,400 കോടി ഡോളറാണ് അംബാനിയുടെ ആസ്തി. പട്ടികയില്‍ ഒന്നാമത് റീട്ടെയ്ല്‍ ഭീമന്‍ ആമസോണിന്‍റെ ഉടമ ജെഫ് ബിസോസും. 

ഹുറുണ്‍ റിസര്‍ച്ചിന്റെ ധനികരുടെ പട്ടികയിലാണ് മുകേഷ് അംബാനി പത്താം സ്ഥാനത്തെത്തിയത്. ഈ സ്ഥാനത്തെത്തുന്ന ഏക ഏഷ്യക്കാരനാണ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിയുടെ വിലവര്‍ധനയാണ് അംബാനിയുടെ ആസ്തി ഉയരാനിടയാക്കിയത്. കമ്പനിയുടെ മൂല്യം കഴിഞ്ഞമാസം എട്ടു ലക്ഷം കോടിയുടേതായി. മുകേഷ് അംബാനിക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ 52 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. മുകേഷിന്റെ സഹോദരന്‍ അനില്‍ അംബാനിയുടെ ആസ്തിയാകട്ടെ കഴിഞ്ഞ കൊല്ലത്തെ 700 കോടി ഡോളറില്‍ നിന്ന് 190 ഡോളറായി കുറയുകയായിരുന്നു.

രണ്ടുപേരും കുടുംബസ്വത്ത് തുല്യമായി വീതിച്ചെങ്കിലും അനിലിന്റെ ആസ്തി കുറഞ്ഞപ്പോള്‍ മുകേഷ് കഴിഞ്ഞ ഏഴുകൊല്ലം കൊണ്ട് മൂവായിരം കോടി ഡോളറിന്റെ അധിക സ്വത്താണ് സമ്പാദിച്ചതെന്ന് ഹുറൂണ്‍ റിസര്‍ച്ച് പറയുന്നു. ടെലികോം, റീട്ടെയ്‍ല്‍, എനര്‍ജി മേഖലകളിലാണ് മുകേഷിന്റെ വ്യവസായം.  ധനികരില്‍ ആദ്യ നൂറുപേരില്‍ നാല്‍പതാം സ്ഥാനത്തുള്ള എസ്പി ഹിന്ദുജ, അന്‍പത്തിയേഴാമന്‍ അസിം പ്രേംജി, നൂറാമന്‍ സൈറസ് പൂനവാല എന്നിവരാണ് മറ്റ് ഇന്ത്യക്കാര്‍. 

ഗോദ്റെജ് കുടുംബത്തിലെ മൂന്നാം തലമുറക്കാരിയായ സ്മിത കൃഷ്ണയാണ് വനിതകളില്‍ ധനികയായ ഇന്ത്യക്കാരി. 600 കോടി ഡോളറിന്റെ ആസ്തി. പട്ടികയില്‍ ഒന്നാമതുള്ള ആമസോണിന്‍റെ ജെഫ് ബിസോസിന്റെ ആസ്തി 2,400 കോടി ഡോളര്‍ വര്‍ധിച്ച് 14,700 കോടി ഡോളറിന്റേതായി. ധനികരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം കഴിഞ്ഞ കൊല്ലത്തേക്കാള്‍ 224 പേര്‍ കുറഞ്ഞ് 2,470 പേരായി. ഇതില്‍ ഏറ്റവും കൂടുതല്‍ ധനികരുള്ളത് ചൈനയില്‍ നിന്നാണ്, 658 പേര്‍. തൊട്ടുപിന്നില്‍ അമേരിക്കയില്‍ നിന്നുള്ള 584 പേരും. 

MORE IN BUSINESS
SHOW MORE