സ്വര്‍ണവില കുതിക്കുന്നു; കാല്‍ലക്ഷം രൂപ കടന്നു

018asad@gmail.com
SHARE

റെക്കോര്‍ഡുകള്‍ മറികടന്ന് കുതിച്ച് സ്വര്‍ണവില ആദ്യമായി കാല്‍ലക്ഷം രൂപ കടന്നു. 25,160 രൂപയാണ് ഒരു പവന് ഇന്നത്തെ വില. വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം. 

രണ്ടു ദിവസമായി 24,920 രൂപയില്‍ തുടര്‍ന്ന ശേഷമാണ് ഇന്ന് 240 രൂപ കൂടി സ്വര്‍ണം പുതിയ റെക്കോര്‍ഡിട്ടത്. ഗ്രാമിന് 3145 രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 20 ഡോളര്‍ കൂടി 1348 ഡോളറായി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണവില ഉയരാന്‍ കാരണമായി. ഒരു ഡോളറിന് 71.20 രൂപയാണ് ഇന്നത്തെ നിരക്ക്. അമേരിക്കയിലെ ഭരണസ്തംഭനം, ബ്രിട്ടനിലെ ബ്രെക്സിറ്റ് വിഷയങ്ങള്‍ തുടങ്ങിയവയാണ് സ്വര്‍ണവിലയെ ബാധിച്ചത്. എണ്ണവില കൂടുന്നതും, ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു.

വിവാഹ സീസണും ഉല്‍സവാഘോഷ സീസണും മുന്നോടിയായി വ്യാപാരികള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് ആഭ്യന്തരവിപണിയിലും ഡിമാന്‍ഡ് കൂട്ടിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞു. അമേരിക്ക–ചൈന വ്യാപാര തര്‍ക്കം സംബന്ധിച്ച ചര്‍ച്ചകള്‍ വിജയം കാണാത്തതും വിലകൂടാന്‍ കാരണമായി.  രാജ്യാന്തര വിപണിയില്‍ വില കൂടുകയും രൂപയുടെ മൂല്യം ഉയരാതിരിക്കുകയും ചെയ്താല്‍ സ്വര്‍ണ വില ഇനിയും കൂടും.

MORE IN BUSINESS
SHOW MORE