ഓഖി; വിഴിഞ്ഞം തുറമുഖം വൈകും

vizhinjam-port
SHARE

വിഴിഞ്ഞം തുറമുഖം ഒരുവര്‍ഷത്തോളം വൈകും. 2020 ഒക്ടോബറില്‍ തുറമുഖത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധമായുള്ള റയില്‍വേ ലൈന്‍ 2022ല്‍ പൂര്‍ത്തിയാക്കും. 

ഓഖി ചുഴലിക്കാറ്റിന്റെ ആഘാതമാണ് ഈ വര്‍ഷം ഡിസംബറില്‍ കമ്മീഷന്‍ ചെയ്യേണ്ട വിഴിഞ്ഞം പദ്ധതി വൈകിപ്പിച്ചതെന്ന വാദത്തില്‍ അദാനി ഗ്രൂപ്പ് ഉറച്ചുനില്‍ക്കുകയാണ്. കാലതാമസം പദ്ധതിയുടെ ചെലവ് കൂട്ടില്ലെന്ന് അദാനി ഗ്രൂപ്പ്. പാറ ക്ഷാമം മൂലം പുലിമുട്ട് നിര്‍മാണം മന്ദഗതിയിലാണ്. 21 പാറമടകള്‍ക്ക് അപേക്ഷിച്ചിട്ടുണ്ട്. നാലുമാസത്തിനകം ഇവയില്‍ നിന്ന് പാറ ലഭ്യമാകും. പൈലിങ് ജോലികള്‍ 98 ശതമാനവും പൂര്‍ത്തിയായി. ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നും ഉപകരണങ്ങള്‍ വാങ്ങാന്‍ കരാര്‍ നല്‍കിക്കഴിഞ്ഞു. 

തുറമുഖത്തിനാവശ്യമായ വാട്ടര്‍ കണക്ഷന്‍ നല്‍കിയെന്നും ഓഗസ്റ്റോടെ വൈദ്യുതിലൈന്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നും വിസില്‍ എം.ഡി ജയകുമാര്‍ പറഞ്ഞു. 92 ശതമാനം ഭൂമിയും ഏറ്റെടുത്ത് അദാനിക്ക് കൈമാറി. പദ്ധതിക്ക് അനുബന്ധമായുള്ള റയില്‍വേ ലൈനിന്റെ കരട് ഡിപിആര്‍ തയ്യാറായി. 10.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റയില്‍വേ ലൈനിനായി 9 കിലോമീറ്റര്‍ നീളത്തില്‍ ടണല്‍ നിര്‍മിക്കും. വിഴിഞ്ഞത്തിന് അനുബന്ധമായുള്ള ഔട്ടര്‍ റിങ് റോഡിന്റെ 400 സ്ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവില്‍ വ്യവസായ ടൗണ്‍ഷിപ്പ് സ്ഥാപിക്കും. ഇതിനായി നിയമനിര്‍മാണം നടത്തും.

തുറമുഖത്തിന്റെ 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം വികസനസാധ്യതാമേഖലയായി കണക്കാക്കി ഡിപിആര്‍ തയ്യാറാക്കും. തുറമുഖം നല്‍കുന്ന വികസനസാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ സി.ഐ.ഐയുമായി ചേര്‍ന്ന് 18ന് തലസ്ഥാനത്ത് രാജ്യാന്തര ബിസിനസ് ഉച്ചകോടി നടത്തും.

MORE IN BUSINESS
SHOW MORE