നികുതിയിളവ് എങ്ങനെ..? ആദായം ആര്‍ക്കൊക്കെ..? അറിയേണ്ടതെല്ലാം

income-tax-1
SHARE

തിരഞ്ഞെടുപ്പു വർഷത്തിൽ ആദായനികുതിയിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് നരേന്ദ്രമോദി സർക്കാരിന്റെ ഇടക്കാല ബജറ്റ്. ധനമന്ത്രി പിയൂഷ് ഗോയൽ അവതരിപ്പിച്ച ബജറ്റ് പ്രകാരം അഞ്ചു ലക്ഷം രൂപ വരെയുളള ശമ്പളവരുമാനക്കാർക്ക് 2019–20 കാലയളവിൽ നികുതി ഒഴിവാക്കി. 2.5 ലക്ഷം രൂപയായിരുന്ന ഇളവാണ് ഒറ്റയടിക്ക് ബജറ്റിൽ ഇരട്ടിയാക്കിയത്. 

നികുതി ഇളവുകൾ ഇങ്ങനെ:

അഞ്ചു ലക്ഷം രൂപ വരുമാനവും ഒപ്പം നിക്ഷേപങ്ങളായി 1.5 ലക്ഷം രൂപയും നീക്കിവയ്ക്കുന്നവർക്ക് നികുതിയില്ല (6.5 ലക്ഷം രൂപ വരെയുള്ളവർക്ക് ഇത്തരത്തിൽ നികുതിയിളവ് നേടാം).

ശമ്പള പെൻഷൻ വരുമാനക്കാർക്കുള്ള ഇളവ് 40,000 ൽ നിന്ന് 50,000 രൂപയാക്കി. അഞ്ചു ലക്ഷം രൂപ വരെ വരുമാനനികുതി ഒഴിവാക്കലും നിക്ഷേപങ്ങളിൽ 1.5 ലക്ഷം രൂപ ഇളവും കണക്കാക്കുമ്പോൾ പെൻഷൻ വരുമാനക്കാർക്ക് മൊത്തത്തിൽ ഏഴുലക്ഷം രൂപ വരെ വരുമാനനികുതി ഇളവ് ലഭിക്കും.

ബാങ്ക്, പോസ്റ്റ് ഓഫിസ് നിക്ഷേപ പലിശയ്ക്കു സ്രോതസ്സിൽ നിന്നു നികുതി ഈടാക്കുന്നത്(ടിഡിഎസ്) പതിനായിരത്തിൽ നിന്ന് 40,000 രൂപയാക്കി.

വാടക വരുമാനത്തിന് സ്രോതസ്സിൽ നിന്ന് ഈടാക്കാനുള്ള പരിധി 1.8 ലക്ഷത്തിൽ നിന്ന് 2.4 ലക്ഷമാക്കി. 

സേവിങ്സ് ബാങ്ക് പലിശയിലുള്ള ഇളവ് 10,000 ൽ നിന്ന് 40,000 രൂപയാക്കി ഉയർത്തി.

മുൻ ബജറ്റുകളിലും നികുതിദായകർക്ക് മോദി സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. 2014 ലെ ബജറ്റിൽ നികുതിയിളവ് രണ്ടിൽ നിന്ന് 2.5 ലക്ഷത്തിലേക്ക് ഉയർത്തിയിരുന്നു. 80 സി പ്രകാരം നൽകുന്ന നികുതി ഇളവുകൾ അന്ന് 50,000 ൽ നിന്ന് 1.5 ലക്ഷം രൂപയാക്കുകയും ചെയ്തു. ഭവനവായ്പ നൽകുന്നവർക്ക് പലിശയിലുളള ഇളവ് രണ്ടു ലക്ഷം രൂപയാക്കാനും 2014 ൽ തീരുമാനമായിരുന്നു.

നിലവിൽ അറുപതു വയസിനു താഴെയുളള ആദായനികുതിദായകർക്ക് 2.5 ലക്ഷം രൂപവരെയാണ് ഇളവ് ലഭിക്കുന്നത്. 60 മുതൽ 80 വയസിനു താഴെവരെ ഈ ഇളവ് 3 ലക്ഷം രൂപയും 80 വയസും അതിനു മേലുമുള്ളവർക്ക് 5 ലക്ഷം രൂപയുമായിരുന്നു ഇളവ്.

2017 ലെ ബജറ്റിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലി 2,50,001 മുതൽ അഞ്ചു ലക്ഷം രൂപ വരെയുള്ളവർക്ക് ആദായനികുതി പത്തിൽ നിന്ന് അഞ്ച് ശതമാനമാക്കിയിരുന്നു. ഇതിലൂടെ 12,500 രൂപയാണ് അന്ന് നികുതിദായകർക്ക് ആദായനികുതിയിൽ ഇളവ് ലഭിച്ചത്.

MORE IN BUSINESS
SHOW MORE