ഇന്ത്യ രാജ്യാന്തര നിലവാരത്തിലേക്ക്; ബിസിനസ് പട്ടികയില്‍ മികച്ച മുന്നേറ്റം

business-report
SHARE

വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഇന്ത്യയ്ക്ക് മികച്ച നേട്ടം. ലോക ബാങ്കിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയില്‍ ഇന്ത്യ എഴുപത്തിയേഴാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്.  

വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെ കാര്യത്തില്‍, 190 രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം നൂറാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇക്കൊല്ലമായപ്പോഴേക്ക് 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എഴുപത്തിയേഴാം സ്ഥാനത്തെത്തി. മികച്ച മുന്നേറ്റം നടത്തിയ പത്തുരാജ്യങ്ങളില്‍ ഒന്നും ഇന്ത്യയാണ്. വലിയ രാജ്യങ്ങളില്‍ ഇത്തരം നേട്ടം കൈവരിക്കുന്ന ഏക രാജ്യവും. കഴിഞ്ഞ രണ്ടുകൊല്ലം കൊണ്ട് 53 സ്ഥാനങ്ങളും നാലുകൊല്ലം കൊണ്ട് 65 സ ്ഥാനങ്ങളുമാണ് ഇന്ത്യ മെച്ചപ്പെടുത്തിയത്. മേഖലയിലെ മറ്റുരാജ്യങ്ങളില്‍ എണ്‍പത്തിയൊന്നാം സ്ഥാനത്തുള്ള ഭൂട്ടാനാണ് തൊട്ടടുത്തുള്ളത്. ശ്രീലങ്ക നൂറാം സ്ഥാനത്തും പാക്കിസ്താന്‍ നൂറ്റിമുപ്പത്തിയാറാം സ്ഥാനത്തും.  

സാമ്പത്തിക നയ രൂപീകരണത്തിലെ രാജ്യാന്തര മാതൃകകളുമായുള്ള താരതമ്യത്തില്‍ രാജ്യത്തിന്റെ സ്കോര്‍ 60.76 ആയിരുന്നത് 67.23 ആയി വര്‍ധിച്ചു. രാജ്യാന്തര നിലവാരത്തിലേക്ക് രാജ്യം നടന്നടുക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്. സാമ്പത്തിക രംഗത്തെ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതില്‍ ഇന്ത്യ വിജയിച്ചെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. മികവ് കണക്കാക്കുന്ന പത്ത് ഘടകങ്ങളില്‍ ആറും ഇന്ത്യ മെച്ചപ്പെടുത്തി. നിര്‍മാണാനുമതി നല്‍കുന്നതിലും വ്യാപാരത്തിലും മികച്ച നേട്ടമാണ് കൈവരിച്ചത്. നിര്‍മാണാനുമതിയുടെ കാര്യത്തില്‍ 181ആം റാങ്കില്‍ നിന്ന് അന്‍പത്തിരണ്ടാം റാങ്കിലെത്തി. കയറ്റിറക്കുമതി രംഗത്ത് കാലമാമസവും അതുമൂലമുണ്ടാകുന്ന ചെലവും കുറയ്ക്കുന്നതിന് സ്വീകരിച്ച നടപടികളെ ലോകബാങ്ക് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. 

MORE IN BUSINESS
SHOW MORE