വീഡിയോകോൺ-ഐസിഐസിഐ ബാങ്ക് അനധികൃത ഇടപാടിൽ സിബിഐ കേസ്

icici
SHARE

വീഡിയോകോൺ - ഐസിഐസിഐ ബാങ്ക് അനധികൃത ഇടപാടിൽ സിബിഐ കേസ് രജിസ്റ്റർചെയ്തു. ബാങ്കിന്റെ മുൻമേധാവി ചന്ദ കോച്ചറിന്റെ ക്രമവിരുദ്ധ ഇടപാടുകളിലും സിബിഐ അന്വേഷണം ശക്തമാക്കി. മുംബൈ അടക്കം വീഡിയോകോണിന്റെ വിവിധ ഓഫിസുകളിൽ അന്വേഷണസംഘം റെയ്ഡ് നടത്തി.

വീഡിയോകോൺ ഗ്രുപ്പിന് വഴിവിട്ട് സഹായംചെയ്തെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണംമുറുകുന്നത്. 3250കോടി രൂപയുടെ വായ്പയാണ്, ചന്ദകോച്ചർ മേധാവിയായി ഇരിക്കവേ വീഡിയോകോണ്‍ ഗ്രൂപ്പിന് അനുവദിച്ചത്. ഇത് ബാങ്കിന്റെ ചട്ടങ്ങൾക്ക് ക്രമവിരുദ്ധമാണെന്നും, ഭർത്താവായ വേണുഗോപാൽ ദൂതുമായി ചേർന്നുള്ള ഇടപാടാണ് വായ്പക്ക് പിന്നിലെന്നും ആരോപണം ഉയർന്നിരുന്നു. വിവാദത്തെ തുടർന്ന് കാലാവധി പൂർത്തിയാക്കാതെ ചന്ദകോച്ചർ കഴിഞ്ഞ ഒക്ടോബറിൽ ബാങ്ക് മേധാവിസ്ഥാനം രാജിവക്കുകയും ചെയ്തു. എന്നാൽ, അന്വേഷണം തുടരുന്നതിന്റെ ഭാഗമായി മുംബൈ, ഔറംഗബാദ് എന്നിവിടങ്ങളിലെ വിഡിയോകോൺ ഓഫിസുകൾ ഉൾപ്പെടെ നാലിടങ്ങളിൽ സിബിഐ റെയ്ഡ് നടത്തുകയായിരുന്നു. തുടർന്ന് എഫ്‌ഐആർ രജിസ്റ്റർചെയ്‌തു. വിഡിയോകോൺ ഓഫിസുകൾ കൂടാതെ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കോച്ചറിന്റെ ഭർത്താവ് ദീപക് കോച്ചറിന്റെ ‘ന്യൂപവർ റിന്യൂവബിൾസ്’ ഓഫിസിലും മുംബൈയിലെ നരിമാൻ പോയിന്റിൽ പ്രവർത്തിക്കുന്ന സുപ്രീം എനർജി പ്രൈവറ്റ് ലിമിറ്റഡ് ഓഫിസിലും റെയ്ഡ് നടന്നു.  ചന്ദകോച്ചറിന്റെ ഭർതൃസഹോദരനായ രാജീവ്‌ കോച്ചറിനെ, ഇതേകേസിൽ നേരത്തെ സിബിഐ അറസ്റ്റ്ചെയ്തിരുന്നു. സിബിഐയെ കൂടാതെ, ഓഹരിവിപണി നിയന്ത്രണ ഏജൻസി- സെബിയും എൻഫോഴ്സ്മെന്റും, ബാങ്കിന്റെ അന്വേഷണ സമിതിയും ചന്ദയുടെ ഇടപാടുകളെപ്പറ്റി അന്വേഷിക്കുന്നുണ്ട്. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.