ലോക സാമ്പത്തിക ഫോറത്തിന് ഒരുങ്ങി സ്വിറ്റ്സര്‍ലന്‍ഡ്; ഇന്ത്യൻ സംഘത്തെ നയിക്കുന്നത് സുരേഷ് പ്രഭു

world-economic-forum
SHARE

ലോക സാമ്പത്തിക ഫോറത്തിന് ഒരുങ്ങി സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസ്. നാളെ തുടങ്ങി നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഫോറത്തില്‍ അറുപത്തി അഞ്ചോളം രാഷ്ട്രങ്ങളിലെ നേതാക്കള്‍ പങ്കെടുക്കും. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭുവാണ് ഇന്ത്യന്‌ സഘത്തെ നയിക്കുന്നത്. 

1971ല്‍ തുടങ്ങിയ ലോക സാമ്പത്തിക ഫോറത്തിന്റെ 49ാമത് പതിപ്പിനാണ് സ്വിസ് പട്ടണമമായ ദാവോസിലെ മൗണ്ടേയ്‍ണ്‍ റിസോര്‍ട്ട് വേദിയാകുന്നത്. ഏറെ പ്രത്യേകതകളോടെയായിരുന്നു കഴിഞ്ഞ വര്‍ഷം സാമ്പത്തികഫോറം അവസാനിച്ചത്. ഈ വര്‍ഷം പ്രത്യേകതകള്‍ക്കൊപ്പം പ്രതിസന്ധിയും ലോക വേദിയെ ബാധിക്കുമെന്നാണ് കരുതുന്നത്. കാരണം പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ അമേരിക്കയില്‍ നിന്നുള്ള പ്രതിനിധികള്‍ ദാവോസിലെ വേദിയിലെത്തില്ല. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ട്രംപ് തന്നെ നേരിട്ടെത്തിയെങ്കില്‍ ഇത്തവണ ആരെയും വിടേണ്ടെന്നാണ് തീരുമാനം. അമേരിക്ക നേരിടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഭരണപ്രതിസന്ധി തന്നെയാണ് കാരണം. അറുപത്തി അഞ്ചോളം രാഷ്ട്രത്തലവന്മാർക്കൊപ്പം, ലോക ബാങ്ക്, രാജ്യാന്തര നാണ്യനിധി, രാജ്യാന്തര വ്യാപാര സംഘടന എന്നിവയുടെ മേധാവികൾ ഉൾപ്പെടെ ബിസിനസ്, രാഷ്ട്രീയം, കല, വിദ്യാഭ്യാസം, സാമൂഹിക പ്രവർത്തനം എന്നീ മേഖലകളിൽ നിന്നായി ഏകദേശം 3000ത്തില്‍ ൽ അധികം പേരാണ്  സാമ്പത്തിക ഫോറത്തിൽ എത്തിചേരുക.

’നാലാം തലമുറ വ്യവസായിക വിപ്ലവകാലത്തെ ആഗോളവല്‍ക്കരണം ‘ എന്നതാണ് 49ാമത് പതിപ്പിന്റെ പ്രധാന വിഷയം. ഇതിനു പുറമെ കാലവസ്ഥവ്യതിയാനവും  ലോക സമ്പത് വ്യവസ്ഥയും മുഖ്യവിഷയമായി ചര്‍ച്ചയ്ക്കുവരും.  ലോകത്തിലെ മൂന്നാമത്തെ  ഉപഭോക്തൃ വിപണിയായി ഇന്ത്യ മാറുമെന്ന പ്രവചനം കൂടി വന്നതോടെ ഇത്തവണയും ഇന്ത്യ തന്നെയാണ് സാമ്പത്തിക വേദിയുടെ ശ്രദ്ധാ കേന്ദ്രം. 

ഇന്ത്യയിൽ നിന്ന് ഒരു പ്രധാനമന്ത്രി ആദ്യമായി പ്ലീനറി സമ്മേളനം ഉദാഘനം ചെയ്തു എന്നതായിരുന്നു കഴിഞ്ഞ സാമ്പത്തിക ഫോറത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അന്ന് ലോകരാജ്യങ്ങളില്‍ വളര്‍ന്നുവരുന്ന സംരക്ഷണവാദത്തിനെതിരെ സംസാരിച്ച മോദിക്ക് നിറഞ്ഞ കയ്യടിയായിരുന്നു ലഭിച്ചത്. ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോയും അന്ന് മോദിയെ അനുകൂലിച്ച് സംസാരിച്ചു. പ്രസിഡന്റ് ട്രംപ് കേട്ട ഭാവം നടിച്ചില്ല. 

ഇത്തവണ  മോദിയില്ല. പകരം കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭുവാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. ലോക വ്യാപാര സംഘടനയ്ക്കുവേണ്ടി പുതിയ  നയരേഖയുടെ പണിപ്പുരയിലാണ് താനെന്നും ഇത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വാണിജ്യ മന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്നും നേരത്തെ സുരേഷ് പ്രഭു ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് വ്യവസായ ലോകത്തെ പ്രതിനിധീകരിച്ച്മുകേഷ് അംബാനി, പത്നി നിത അംബാനി, മക്കളായ ഇഷ, ആകാശ് എന്നിവരും അസിം പ്രേംജി, ഗൗതം അഡാനി, എം.എ. യൂസഫലി, ലക്ഷ്മി മിത്തൽ, ആനന്ദ് മഹീന്ദ്ര, എൻ. ചന്ദ്രശേഖരൻ, നന്ദൻ നിലേക്കനി, അജയ് പിരമൾ തുടങ്ങിയവരും പങ്കെടുക്കും.

MORE IN BUSINESS
SHOW MORE