ടാറ്റയുടെ വാഹന വില്‍പനയില്‍ കുറവ്; ആശങ്കയോടെ ജീവനക്കാർ

INDIA-AUTOSHOW/
SHARE

ടാറ്റ മോട്ടോഴ്സിന്റെ ആഗോള വാഹന വില്‍പനയില്‍ കുറവ്. ടാറ്റയുടെ സബ്സിഡിയറിയായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റേതുള്‍പ്പെടെ, ഒരു ലക്ഷത്തി അഞ്ഞൂറ്റി അന്‍പത്തിയൊന്ന് യൂണിറ്റുകളാണ് ഡിസംബറില്‍ വിറ്റുപോയത്. അതിനിടെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ആഗോള തലത്തില്‍ 4,500 ജീവനക്കാരെ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു.  

കഴിഞ്ഞ നവംബറില്‍ ഒരു ലക്ഷത്തി നാലായിരത്തി തൊള്ളായിരത്തി അറുപത്തിനാല് യൂണിറ്റുകള്‍ ടാറ്റ ആഗോള തലത്തില്‍ വിറ്റഴിച്ചിരുന്നു. ഡിസംബറായപ്പോഴേക്കും 4,413 വാഹനങ്ങള്‍ കുറച്ചേ വില്‍ക്കാനായുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പതിനാറായിരത്തി ഒരു നൂറിലധികം വാഹനങ്ങള്‍ കുറഞ്ഞു. 

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വില്‍പന നവംബറില്‍ 49,312 യൂണിറ്റ് ആയിരുന്നത് ഡിസംബറില്‍ 45,474 ആയി കുറഞ്ഞു. 3838 വാഹനങ്ങള്‍ കുറവ്. 

കമ്പനിയുടെ ഏറ്റവും ലാഭകരമായ വിപണിയായ ചൈനയില്‍ നിന്നാണ് ജാഗ്വാറിന് വന്‍ തിരിച്ചടി നേരിട്ടത്. ഇതിനുപുറമെ, ബ്രെക്സിറ്റ് വന്നാലുണ്ടാകാവുന്ന ഭവിഷ്യത്തുകൂടി കണക്കിലെടുത്താണ് നാലായിരത്തിയഞ്ഞൂറ് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. 

സ്വമേധയാ ഒഴിഞ്ഞുപോകല്‍ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് കമ്പനി അറിയിച്ചു. നാല്‍പതിനായിരത്തിലധികം ജീവനക്കാരുള്ള ബ്രിട്ടണിലായിരിക്കും കൂടുതല്‍ പേരെ പിരിച്ചുവിടുക. 

ബ്രിട്ടണു പുറമെ ചൈന, ബ്രസീല്‍, ഓസ്ട്രിയ, സ്ലോവാക്യ എന്നിവിടങ്ങളിലാണ് ജാഗ്വാറിന് നിര്‍മാണ യൂണിറ്റുകളുള്ളത്. ഇന്ത്യയില്‍ പുണെയില്‍ അസംബ്ലിങ് യൂണിറ്റും. ബ്രെക്സിറ്റില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് ജാഗ്വാര്‍ ആവശ്യപ്പെട്ടിരുന്നു. 

ഉപാധികളില്ലാതെ ബ്രെക്സിറ്റ് കരാറുണ്ടാക്കിയാല്‍ വാര്‍ഷിക ലാഭത്തില്‍ ആയിരത്തി ഇരുനൂറ് കോടി പൗണ്ട് കുറവുണ്ടാകുമെന്നാണ് ജാഗ്വാര്‍ കണക്കാക്കുന്നത്. 

MORE IN BUSINESS
SHOW MORE