ജിഎസ്ടി വന്നാലും വാറ്റ് കുടിശിക ഈടാക്കാം; കിട്ടാനുള്ള ഇരുപതിനായിരം കോടി രൂപ

vat-hc
SHARE

ജിഎസ്ടി നിലവിൽ വന്നതിനു ശേഷം, വാറ്റ് കുടിശികയും പിഴയും ഈടാക്കാനുള്ള നികുതി വകുപ്പ് നടപടി ചോദ്യം ചെയ്ത് വ്യാപാരസ്ഥാപനങ്ങള്‍ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. മൂവായിരത്തി ഇരുന്നൂറിലേറെ ഹർജികളാണ് ഹൈക്കോടതി ഒരേസമയം തള്ളിയത്. കുടിശികയും പിഴയുമായി ഇരുപതിനായിരം കോടി രൂപയോളമാണ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കാനുള്ളത്. 

മൂല്യവർധിത നികുതി നിയമ പ്രകാരം 2011 മുതൽ ലഭിക്കേണ്ട കുടിശികയും പിഴയും ഈടാക്കാനുള്ള നികുതി വകുപ്പ് തീരുമാനത്തിനെതിരെയാണ് വ്യാപാര സ്ഥാപനങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. ജിഎസ്ടി നിലവില്‍ വന്ന സാഹചര്യത്തില്‍ വാറ്റ് നിയമം ഇല്ലാതായെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. 

ഉല്‍പന്നങ്ങളേയും സേവനങ്ങളേയും ബാധിക്കുന്ന ഏതെങ്കിലും സംസ്ഥാന നിയമം ഭരണഘടനാ ഭേദഗതിയിലൂടെയുണ്ടാക്കിയ നിയമവുമായി ഒത്തുപോകാതെ വന്നാല്‍ അത്തരം കാര്യങ്ങളിൽ വ്യക്തത വരുത്താന്‍ ഒരുവർഷം സമയം അനുവദിച്ചിരുന്നു. ഈ സമയപരിധി അവസാനിച്ച സാഹചര്യത്തിൽ ഇല്ലാത്ത നിയമത്തിന്റെ പേരിൽ നികുതി പിരിവ് അംഗീകരിക്കാനാവില്ലെന്നായിരുന്നു സ്ഥാപനയുടമകളുടെ വാദം. 

2017 ജൂലൈ ഒന്ന് മുതൽ സേവനനികുതി ഇല്ലാതായതിനാൽ, സേവനനികുതിയും പിഴയും ആവശ്യപ്പെടുന്ന ഉത്തരവുകൾക്ക് സാധുതയില്ലെന്ന് വ്യാപാരസ്ഥാപനങ്ങള്‍ നിലപാടെടുത്തു. ജിഎസ്ടി നിലവിൽ വന്നു എന്നതുകൊണ്ട് വാറ്റ് നിലവിലുണ്ടായിരുന്ന കാലത്ത് നൽകാൻ ബാധ്യതയുള്ള നികുതി കുടിശികയിൽ നിന്ന് ആരും ഒഴിവാകുന്നില്ലെന്നായിരുന്നു നികുതി വകുപ്പിന്റെ വാദം. 

നടപടിക്രമങ്ങൾ പാലിച്ചാണ് നികുതി കുടിശിക ഈടാക്കാന്‍ നോട്ടിസ് അയച്ചതെന്നും നികുതിവകുപ്പ് നിലപാടെടുത്തു. ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ വ്യാപാരസ്ഥാപനങ്ങളുടെ മാത്രം കുടിശിക ആയിരത്തി എണ്ണൂറുകോടിയോളം രൂപയാണ്. സംസ്ഥാനത്താകെ പിരിഞ്ഞുകിട്ടാനുള്ള തുക ഇരുപതിനായിരം കോടി രൂപയ്ക്ക് അടുത്തുവരുമെന്നാണ് കണക്ക്.

MORE IN BUSINESS
SHOW MORE