സ്ഥാപനങ്ങള്‍ക്ക് സ്വര്‍ണം നിക്ഷേപിച്ച് പണമാക്കാന്‍ അനുമതി നല്‍കി റിസര്‍വ് ബാങ്ക്

rbi-gold3
SHARE

കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് സ്വര്‍ണം നിക്ഷേപിച്ച് പണമാക്കാന്‍ അനുമതി നല്‍കിക്കൊണ്ട് റിസര്‍വ് ബാങ്ക് ഉത്തരവിറക്കി. ജീവകാരുണ്യ സംഘടനകള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് പുതുതായി അനുമതി കിട്ടിയത്. 

നിലവില്‍ വ്യക്തികള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ എന്നിവര്‍ക്ക് നിക്ഷേപം നടത്താന്‍ കഴിയുന്നതാണ് ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്കീം. കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കിയതിലൂടെ സര്‍ക്കാരിന്റെ സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. സമ്പാദ്യമായി സൂക്ഷിച്ചുവയ്ക്കുന്ന സ്വര്‍ണം സ്വീകരിച്ച് ബാങ്ക് നിക്ഷേപമായി മാറ്റുന്ന ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതി 2015ല്‍ ആണ് അവതരിപ്പിച്ചത്. ഏറ്റവും ചുരുങ്ങിയത് മൂന്നു വര്‍ഷത്തേക്കാണ് നിക്ഷേപം. ഇതിന് രണ്ടേകാല്‍ ശതമാനം വാര്‍ഷിക പലിശ ലഭിക്കും. ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ രണ്ടര ശതമാനമാണ് പലിശ. ചുരുങ്ങിയത് 30 ഗ്രാം സ്വര്‍ണമെങ്കിലും നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ.

 നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്കോ, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കോ നികുതി കൊടുക്കേണ്ടതില്ലെന്നതും ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതിയുടെ പ്രത്യേകതയാണ്. അതേസമയം, കണക്കില്‍പ്പെടാത്ത സ്വര്‍ണത്തിന്റെ അളവെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കൂടുതല്‍ പേര്‍ക്ക് നിക്ഷേപ അനുമതി നല്‍കിയതെന്ന് കരുതുന്നവരുമുണ്ട്. ജീവകാരുണ്യ സംഘടനകള്‍ വഴി സ്വര്‍ണം നിക്ഷേപമാക്കി മാറ്റാന്‍ നിരവധി പേര്‍ തയ്യാറായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

MORE IN BUSINESS
SHOW MORE