വ്യാപാര യുദ്ധം; സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് ലോക ബാങ്ക്

GLOBAL-FOREX/ANALYSIS
SHARE

ഇക്കൊല്ലം ആഗോളതലത്തില്‍ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് ലോക ബാങ്ക്. വ്യാപാര യുദ്ധം അടക്കമുള്ള കാരണങ്ങളാണ് ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നത്. വികസ്വര വിപണികളില്‍ വളര്‍ച്ചയ്ക്ക് വേഗം കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള ലോക ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് 2018ല്‍ മൂന്നുശതമാനമായിരുന്ന സാമ്പത്തിക വളര്‍ച്ച 2.9 ശതമാനമായി കുറയുമെന്ന് പറയുന്നത്. 

വായ്പകള്‍ ലഭിക്കാനുള്ള അവസരങ്ങള്‍ കുറഞ്ഞതും വ്യാപാര യുദ്ധ സാധ്യതകള്‍ നിലനില്‍ക്കുന്നതുമാണ് പ്രധാന കാരണങ്ങള്‍. വികസ്വര വിപണികളില്‍ മാന്ദ്യം കൂടിയിട്ടുമുണ്ട്. ഈ വിപണികളില്‍ 4.2 ശതമാനം വളര്‍ച്ചയാണ് ലോക ബാങ്ക് കണക്കാക്കുന്നത്. മുന്‍പ് പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ അര ശതമാനം കുറവ്. വികസിത വിപണികളിലാകട്ടെ രണ്ടു ശതമാനം മാത്രവും. വ്യാപാര മേഖലയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ രാജ്യാന്തര തലത്തിലെ വ്യാപാര ബന്ധങ്ങളിലും വിള്ളല്‍ വീഴ്ത്തും. 

ചൈനയുടെ സാമ്പത്തിക വളര്‍ച്ച 6.5 ശതമാനത്തില്‍ നിന്ന് 6.2 ആയി കുറയും. സാമ്പത്തിക നയങ്ങളില്‍ ചൈന അയവുവരുത്തിയത് കയറ്റുമതിക്ക് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തിയതുമൂലമുള്ള തിരിച്ചടിയെ ഒരു പരിധിവരെ തരണം ചെയ്യാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വികസ്വര വിപണികളിലെ മാന്ദ്യം, പട്ടിണിയെ ഉന്മൂലനം ചെയ്യാനുള്ള ലോകരാജ്യങ്ങളുടെ പദ്ധതിയെ തകിടം മറിക്കും. 

സാമ്പത്തിക ഞെരുക്കത്തെ നേരിടാന്‍ അനുയോജ്യമായ നയ രൂപീകരണങ്ങള്‍ അനിവാര്യമാണ്. മനുഷ്യ വിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തുകയും നിക്ഷേപങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യണമെന്ന് ലോക ബാങ്ക് നിര്‍ദേശിക്കുന്നു.

MORE IN BUSINESS
SHOW MORE