സംരംഭം തുടങ്ങാൻ അനുമതി 30 ദിവസത്തിനുള്ളിൽ; കെസ്വിഫ്റ്റ് തുടങ്ങി

k-swift-project-ep-jayarajan
SHARE

സംരംഭകര്‍ക്ക് സന്തോഷവാര്‍ത്ത. സംസ്ഥാനത്ത് വ്യവസായങ്ങള്‍ തുടങ്ങാന്‍ ഇനിമുതല്‍ ഏകജാലക അനുമതി ഓണ്‍ലൈനായി ലഭിക്കും. 30 ദിവസത്തിനകം ഓണ്‍ലൈനായി അനുമതികള്‍ നല്‍കുന്ന കെസ്വിഫ്റ്റ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.

വ്യവസായ അനുകൂല സംസ്ഥാനമല്ലെന്ന ദുഷ്പേര് മാറാന്‍ ഉതകുന്ന പദ്ധതിയാണ് കെ സ്വിഫ്റ്റ് എന്ന കണക്കുകൂട്ടലിലാണ് വ്യവസായവകുപ്പ്. വ്യവസായം തുടങ്ങുന്നതിന് ഇനി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി നടക്കേണ്ടിവരില്ല. 14 വകുപ്പുകളില്‍ നിന്ന് ലഭിക്കേണ്ട 29 അനുമതികളും ലൈസന്‍സുകളും ഇനി ഒരുവെബ്സൈറ്റ് വഴി ലഭിക്കും. ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ ലൈസന്‍സ് ലഭിച്ചതായി കണക്കാക്കും. ഇതിന് വേണ്ട നിയമഭേദഗതികള്‍ വൈകാതെയുണ്ടാകുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു.

അനുമതികള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറ‍ഞ്ഞു. ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കെ സ്വിഫ്റ്റിന്റെ ഭാഗമായുള്ള സെല്‍ പ്രവര്‍ത്തിക്കും. ഇതിലൂടെ അപേക്ഷയുടെ പുരോഗതി സംരംഭകന് അറിയാനാകും. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന കാലയളവിലെ പോരായ്മകളും വീഴ്ചകളും മനസിലാക്കി വേണ്ട ഭേദഗതികള്‍ വരുത്തി അടുത്തമാസം മുതല്‍ പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കും. പദ്ധതിയുടെ പൂര്‍ണ ലോഞ്ചിങ് അടുത്തമാസം 11ന് കൊച്ചിയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.

MORE IN BUSINESS
SHOW MORE