കടുത്ത നിയന്ത്രണങ്ങൾ; ഇനി ഓൺലൈനിൽ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ടവ

amazone
SHARE

ഉപ്പു തൊട്ട് കർപ്പൂരം വരെ ഇന്ന് സൂപ്പർ മാർക്കറ്റിൽ മാത്രമല്ല, ഓൺലൈൻ വഴിയും നമ്മുടെ വീട്ടുപടിക്കലെത്തും. മീനും ചിക്കനും വരെ കഴിക്കണമെന്നു തോന്നുമ്പോൾ നമ്മുടെ അടുക്കലെത്തും. അതാണ് ഓൺലൈൻ വിപണി. പോരാത്തതിനു സൂപ്പർ ഓഫറുകളും. പിന്നെന്തിന് വെയിലും മഴയും കൊണ്ട് പുറത്തിറങ്ങണം. 

എന്നാൽ പുതുവർഷത്തിൽ ഓൺലൈൻ വ്യാപാരത്തിനു കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നു വാർത്തകളുണ്ട്. 2019 ൽ പ്രാബല്യത്തിലാകുംവിധം  കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വ്യവസ്ഥകൾ ഇ–വിപണിയിലെ വമ്പൻ ഓഫറുകൾ‌ക്ക് അന്ത്യം കുറിക്കുമെന്നു വിദഗ്ധർ സൂചിപ്പിക്കുന്നു. വിദേശ നിക്ഷേപമുള്ള ഓൺലൈൻ കച്ചവട സ്ഥാപനങ്ങൾ (പ്ലാറ്റ്ഫോമുകൾ) സംബന്ധിച്ചാണ് പരിഷ്കരിച്ച നയങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ രംഗത്തെ പ്രമുഖരായ ഫ്ലിപ്കാർട്, ആമസോൺ എന്നിവയൊക്കെ വിദേശ നിയന്ത്രണത്തിലുള്ളവയാകയാൽ ബഹുഭൂരിപക്ഷം ഓൺലൈൻ കച്ചവടക്കാരെയും ഉപയോക്താക്കളെയും പുതിയ വ്യവസ്ഥകൾ ബാധിക്കും

വിദേശ കമ്പനികളുടെ വ്യാപാര തന്ത്രങ്ങൾ ഇന്ത്യയിലെ കച്ചവട സമൂഹത്തിനു പ്രതിസന്ധിയുണ്ടാക്കുമെന്നു എന്നാണ് സർക്കാർ വിലയിരുത്തൽ. മാത്രമല്ല, കുത്തകവൽക്കരണത്തിനു കൂച്ചുവിലങ്ങികയും ലക്ഷ്യമാണ്. 

ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഉൽപന്നം വിൽക്കുന്നവർക്ക് സ്റ്റോക്കിന്റെ 25 ശതമാനത്തിൽ കൂടുതൽ ഏതെങ്കിലും ഒരു പ്ലാറ്റ്ഫോം വഴി വിൽക്കാനാവില്ല. വിൽപനക്കാർ ഉൽപന്നം സമാഹരിക്കുന്നതിനും നിയന്ത്രണമുണ്ട്. ആമസോൺ, ഫ്ലിപ്കാർട് തുടങ്ങിയ പ്ലാറ്റ്ഫോം കമ്പനികളുടെയോ അവരുടെ ഉപസ്ഥാപനങ്ങളുടെയോ നിയന്ത്രണത്തിലുള്ള മൊത്ത വ്യാപാരക്കമ്പനികളിൽ നിന്നാകരുത് 25 ശതമാനത്തിലേറെ ഉൽപന്നങ്ങൾ.

ഇ–കൊമേഴ്സ് പ്ലാറ്റ് ഫോം ഏതെങ്കിലും കമ്പനിയുടെ ഉൽപന്നം വിൽക്കുന്നതിന് ‘എക്സ്ക്ലൂസിവ്’ കരാറുകളിലേർപ്പെടരുത്. മറ്റ് വ്യാപാര പ്ലാറ്റ്ഫോമുകളിലും ഉൽപന്നം ലഭ്യമാക്കണം. ഒരു ഓ‍ൺലൈൻ പ്ലാറ്റ്ഫോമിനോ ഗ്രൂപ്പ് കമ്പനികൾക്കോ ഓഹരി പങ്കാളിത്തമുള്ള കമ്പനികൾക്ക് ആ പ്ലാറ്റ്ഫോം വഴി ഉൽപന്നം വിൽക്കാനാവില്ല. പ്ലാറ്റ്ഫോം കമ്പനി ഏതെങ്കിലും പ്രത്യേക ആനുകൂല്യങ്ങളോ ചരക്കുനീക്കം, പരസ്യം, വിപണനം, പണമിടപാട്, വായ്പ തുടങ്ങിയ സൗകര്യങ്ങളോ ഏതെങ്കിലും പ്രത്യേക വിൽപനക്കാർക്കു മാത്രമായി നൽകുന്നതിനും നിയന്ത്രണമുണ്ട്. ആരോടും വിവേചനം ഇല്ലെന്ന് ഉറപ്പാക്കണമെന്നു സർക്കാർ സർക്കുലറിൽ പറയുന്നു

MORE IN BUSINESS
SHOW MORE