പുതുവർഷത്തിൽ പുത്തൻ വിദ്യയുമായി ജിയോ, ലക്ഷ്യം സാധാരണക്കാർ

Reliance-Jio-ambani
SHARE

ജനപ്രിയ ഓഫറുകളിലൂടെ സാധാരണക്കാരുടെ ഇഷ്ട ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ പുതുവർഷത്തിൽ പുതിയ സമ്മാനങ്ങളുമായെത്തുന്നു. മനംമയക്കുന്ന ഓഫറുകൾ ഇത്രയും നാളും നൽകിയെങ്കിലും പരാതികൾക്കു പഞ്ഞമുണ്ടായിരുന്നില്ല. 

മോശം സിഗ്നലുകൾ മൂലമുണ്ടാകുന്ന കോൾ ഡ്രോപ്പുകളാണ് ടെലികോം സേവനദാതാക്കൾ അഭിമുഖീകരിക്കുന്ന ഇന്നത്തെ ഏറ്റവും വലിയ പ്രശ്നമായി വിലയിരുത്തുന്നത്. ഇതിനു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് റിലയൻസ് ജിയോ. വൈഫൈ ഉപയോഗിച്ചാണ് ഈ പ്രതിസന്ധി ഇവർ മറികടക്കുന്നത്. 

സിഗ്നൽ മോശമാണെങ്കിൽ പ്രദേശത്ത് ലഭ്യമായ സൗജന്യ വൈഫൈ ഉപയോഗിച്ച് കോൾ പൂർത്തിയാക്കാൻ ഉപയോക്താക്കൾക്ക് കഴിയും. ഇത്തരമൊരു സർവീസ് വരും ദിവസങ്ങളിൽ ജിയോ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. വോവൈഫൈ എന്ന പേരിലുള്ള സർവീസിന്റെ പരീക്ഷണം മധ്യപ്രദേശിൽ തുടങ്ങിയതായാണ് അറിയുന്നത്. ഫോണിൽ വോവൈഫൈ കാണിക്കുന്നതിന്റെ ചിത്രങ്ങൾ ചിലർ സോഷ്യല്‍മീഡിയകളിൽ ഷെയർ ചെയ്തിട്ടുണ്ട്. ലഭ്യമായ വിവരപ്രകാരം ആദ്യഘട്ടത്തിൽ മധ്യപ്രദേശിനു പുറമെ ആന്ധ്രാപ്രദേശ്, തെലങ്കാന, കേരള എന്നീ സര്‍ക്കിളുകളിലും ജിയോയുടെ വോവൈഫൈ സര്‍വീസ് വരുന്നമെന്നാണ്. വോവൈഫൈയുടെ ഔദ്യോഗിക ലോഞ്ചിങ് 2019 ന്റെ തുടക്കത്തില്‍ തന്നെ പ്രതീക്ഷിക്കാം

പുതിയ സേവനം അധികം വൈകാതെ ഉപയോക്താക്കൾക്ക് നൽകി തുടങ്ങുമെന്ന് ജിയോ ടെലികോം മന്ത്രാലയത്തെ അറിയിച്ചിരുന്നു. പുതിയ ശ്രേണിയിൽപ്പെട്ട 4ജി ജിയോ ഫോണുകളിലും വോയ്സ് ഓവർ വൈഫൈ എന്ന ഈ സവിശേഷത ജിയോ സംയോജിപ്പിക്കുന്നുണ്ട്. 20 കോടി ജിയോഫോണുകളാണ് വിതരണം ചെയ്തിട്ടുള്ളത്.

ഗ്രാമീണ മേഖലയിൽ സേവനം മെച്ചപ്പെടുത്താൻ ഇത് സഹായകരമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. പുതിയ സേവനവുമായി ബന്ധപ്പെട്ട സുരക്ഷ പരിശോധനകൾ പൂർത്തിയായതായി ടെലികോം മന്ത്രാലയം അറിയിച്ചു. ഉപയോക്താക്കൾക്ക് ഈ സേവനം നൽകുന്നതിന് മുൻപായി കൂടുതൽ പരിശോധനകൾ ആവശ്യമെങ്കിൽ അത് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാൻ ജിയോ ടെലികോം മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മേഖലയിലും വൊഡാഫോണിനെയും എയർടെല്ലിനെയും പിന്തള്ളി ആദ്യം സേവനം എത്തിക്കുകയാണ് ജിയോയുടെ ലക്ഷ്യം.

ഗ്രാമീണ മേഖലയിലും ടയർ–1, 2, 3 നഗരങ്ങളിലും പൊതു സൗജന്യ വൈഫൈ സേവനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികൾ കേന്ദ്ര സര്‍ക്കാർ സ്വീകരിച്ചു വരുന്നുണ്ട്. 10,000 വൈഫൈ ഹോട്ട് സ്പോട്ടുകൾ രാജ്യത്താകെ സൃഷ്ടിക്കാനാണ് ടെലികോം മന്ത്രാലയത്തിന്‍റെ പരിപാടി. 2019 അവസാനത്തോടെ 40 ദശലക്ഷം പുതിയ ഉപയോക്താക്കളെ പൊതു സൗജന്യ വൈഫൈയിലൂടെ ഇന്‍റർനെറ്റുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം

ജിയോ ഉപയോക്താക്കൾ പരസ്പരം നടത്തുന്ന കോളുകൾക്ക് മാത്രമാകും തുടക്കത്തിൽ പുതിയ സംവിധാനം ലഭ്യമാകുക. ഘട്ടം ഘട്ടമായി ഇത് വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് ജിയോയുമായി അടുത്ത വൃത്തങ്ങൾ സൂചന നൽകി. ജിയോഫോണുകളിൽ കൂടി വോയ്സ് ഓവർ വൈഫൈ ലഭ്യമാകുന്നതോടെ ഫീച്ചർ ഫോൺ ഉപയോക്താക്കളായ നല്ലൊരു ശതമാനം ആളുകളെ ആകർഷിക്കാനാകുമെന്നും ഇത് മേൽക്കോയ്മ നൽകുമെന്നുമാണ് ജിയോയുടെ കണക്കുകൂട്ടൽ

MORE IN BUSINESS
SHOW MORE