മാഗ്നറ്റിക് കാർഡുകൾ ഇനി 5 ദിവസം മാത്രം, ശേഷം ചിപ്പുള്ള എ‍ടിഎം കാർഡുകൾ

atm-card
SHARE

എടിഎം കാർഡ് തട്ടിപ്പുകൾ ഇന്ന് നിത്യസംഭവമായിരിക്കുന്നു. എടിഎം കാർഡുകൾ ഉപയോഗിച്ച് പലവിധത്തിലും തരത്തിലുള്ള തട്ടിപ്പുകളാണ് ദിവസേന നടക്കുന്നത്. എത്ര മുൻകരുതലെടുത്താലും അവയെല്ലാം തട്ടിപ്പുകാർ മറികടക്കുകയാണ്. 

ഇതിനു തടയിടാൻ ബാങ്കുകൾ കൂടുതൽ പിടിമുറുക്കുകയാണ്.  മാഗ്നറ്റിക് സ്ട്രിപ്പുള്ള കാർഡുകൾ ഡിസംബർ 31 മുതൽ  അസാധുവാക്കും. സൈബർ സുരക്ഷ മുൻനിർത്തി ചെറിയ ചിപ്പ് ഘടിപ്പിച്ച ഇഎംവി കാർഡുകളിലേക്കു മാറാനുള്ള റിസർവ് ബാങ്ക് നിർദേശത്തെ തുടർന്നു ബാങ്കുകൾ നടപടി വേഗത്തിലാക്കുകയാണ്. ചിപ്പില്ലാത്ത കാർഡുകൾ ഡിസംബർ 31 രാത്രി വരെ ഉപയോഗിക്കാം. ഇതിനു ശേഷം എടിഎം, പിഒഎസ് മെഷീൻ തുടങ്ങിയവയിൽ കാർഡ് സ്വീകരിക്കില്ല

പുതിയ കാർഡുകൾ നൽകാനുള്ള നടപടി ഉടൻ പൂർത്തിയാക്കാൻ ബാങ്കുകൾ സർക്കുലർ നേരത്തെ നൽകിയിരുന്നു. പല ബാങ്കുകളും ഇഎംവി കാർഡുകൾ ഉപയോക്താക്കൾക്ക് നൽകൽ അവസാന ഘട്ടത്തിലാണ്. ജനുവരി ഒന്നിന് പഴയ കാർഡ് അസാധുവാകും. ചിലപ്പോൾ കാർഡുകൾ മാറ്റിയെടുക്കാൻ ബ്രാഞ്ചുകളെ സമീപിക്കേണ്ടി വരും. ഇതുസംബന്ധിച്ച വിവരങ്ങൾ എസ്എംഎസ് ആയി ഉപയോക്താക്കളെ അറിയിക്കണമെന്നും റിസർവ് ബാങ്ക് നിർദേശമുണ്ടായിരുന്നു. പുതിയ കാർഡുകളുടെ പിൻനമ്പർ ബ്രാഞ്ചിൽ നിന്നു നേരിട്ടു കൈപ്പറ്റണം.

നിലവിലുള്ള കാർഡുകൾ ഉപയോഗിച്ചു ബാങ്ക് തട്ടിപ്പുകൾ വർധിച്ച പശ്ചാത്തലത്തിലാണ് ഇഎംവി കാർഡുകളിലേക്കു മാറുന്നത്. യൂറോപേ, മാസ്‌റ്റർ കാർഡ്, വീസ എന്നിവയുടെ ആദ്യക്ഷരങ്ങൾ ചേർത്ത ചുരുക്കപ്പേരാണ് ഇഎംവി.

കൂടുതൽ സുരക്ഷ ലക്ഷ്യം

പ്ലാസ്‌റ്റിക് കാർഡിനു പിറകിൽ കാണുന്ന കറുത്ത നാട പോലത്തെ വരയ്‌ക്കു പകരം മൈക്രോ പ്രോസസർ അടങ്ങിയ ചെറിയ ചിപ്പ് ഘടിപ്പിച്ച കാർഡുകളാകും ഇനി ഉപയോഗത്തിലുണ്ടാവുക. മാഗ്നറ്റിക് കാർഡിനെ അപേക്ഷിച്ച് ഇഎംവി കാർഡുകൾ അധിക സുരക്ഷ നൽകുന്നു. മാഗ്നറ്റിക് സ്‌ട്രിപ്പിലെ വിവരങ്ങൾ പകർത്തിയെടുക്കാൻ എളുപ്പമാണ്. സ്കിമ്മിങ് വിദ്യയിലൂടെ കൃത്രിമ കാർഡ് ഉണ്ടാക്കിയ സംഭവങ്ങൾ ഒട്ടേറെയാണ്. ഇഎംവി കാർഡിൽ ഇത്തരം തട്ടിപ്പുകൾ സാധ്യമല്ല.

MORE IN BUSINESS
SHOW MORE