ട്രായ് നിയന്ത്രണം ശനിയാഴ്ച നിലവിൽവരും

trai
SHARE

ടെലിവിഷന്‍ ചാനലുകളുടെ നിരക്കില്‍ ടെലിക്കോം റഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണം ശനിയാഴ്ച നിലവില്‍വരും. നിയന്ത്രണം നിരക്ക് കൂട്ടുമെന്ന് കേബിള്‍ ടി.വി - ‍ഡി.ടി.എച്ച് കമ്പനികള്‍ പറയുമ്പോള്‍ ആവശ്യമുള്ള ചാനല്‍ മാത്രം തിരഞ്ഞെടുക്കാനുള്ള അവസരം നിരക്ക് കുറയ്ക്കുമെന്ന് ട്രായ് ചൂണ്ടിക്കാട്ടുന്നു. മനോരമ ന്യൂസ്, മഴവില്‍ മനോരമ ചാനലുകള്‍ പ്രേക്ഷകര്‍ക്ക് സൗജന്യമായി തുടരും. 

ചാനല്‍ കമ്പനികള്‍ അവരവരുടെ ചാനലുകള്‍ സൗജന്യമാണോ പേ ചാനലാണോ എന്ന് വ്യക്തമാക്കാന്‍ ട്രായ് നിര്‍ദേശിച്ചതാണ് ഇപ്പോഴത്തെ മാറ്റത്തിന് കാരണം. ഇതോടെ മുന്‍പ് സൗജന്യമായിരുന്നു പല ചാനലുകളും പേ ചാനലുകളായി.സ്റ്റാര്‍ , സീ, സോണി തുടങ്ങിയ കമ്പനികളെല്ലാം ചാനല്‍ നിരക്കുകളും പ്രഖ്യാപിച്ചുകഴിഞ്ഞു.  100 ചാനലുകള്‍ ഇനി 130രൂപയ്ക്ക് ഉപഭോക്താവിന് ലഭ്യമാക്കുന്നതാണ് അടിസ്ഥാന പാക്കേജ്.  അടിസ്ഥാന പാക്കേജിലെ ചാനലുകള്‍ ഏതൊക്കയാകണമെന്ന് ഉപഭാക്താവിന് തീരുമാനിക്കാം.

അതെസമയം മനോരമ ന്യൂസ്, മഴവില്‍ മനോരമ , മഴവില്‍ മനോരമ എച്ച്.ഡി എന്നീ ചാനലുകള്‍ അടിസ്ഥാന പാക്കേജിലടക്കം പ്രേക്ഷകര്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും. ഇതിനിടെ ഒരു ചാനലിന്റെ പരമാവധിനിരക്ക് 19 രൂപയില്‍ കൂടാന്‍ പാടില്ലെന്ന നിര്‍ദേശമുള്ളതിനാല്‍  വന്‍തുക ഈടാക്കിയിരുന്ന പ്രീമിയം ചാനലുകള്‍ പലതും നിരക്ക് കുത്തനെ കുറയ്ക്കുകയും ചെയ്തു. ട്രായ് നിര്‍ദേശിച്ച പരമാവധി നിരക്ക് മുന്‍നിര്‍ത്തി കേബിള്‍ ടിവി - ഡി.ടി.എച്ച് കമ്പനികള്‍ക്ക് പ്രത്യേക പാക്കേജുകള്‍ ഉണ്ടാക്കാം. 

എന്നാല്‍ നിലവില്‍ കേബിള്‍ ടിവി - ഡി.ടി.എച്ച് കമ്പനികള്‍ അവരുടെ പാക്കേജുകള്‍ എന്തെന്ന് പ്രഖ്യാപിച്ചിട്ടുമില്ല. നിലവിലെ അവസ്ഥയില്‍ ഇപ്പോഴുള്ള 873 ചാനലുകളില്‍ ഉപഭോക്താക്കള്‍ കാണാത്ത ചാനലുകള്‍ വിതരണക്കാരും ഒഴിവാക്കും. ശനിയാഴ്ചയ്ക്കുശേഷം ഒരു ചാനലും ലഭിക്കില്ലെന്ന പ്രചാരണം വ്യാപകമായ അവസ്ഥയില്‍ കേബിള്‍ ടിവി - ഡി.ടി.എച്ച് കമ്പനികളെ ബന്ധപ്പെട്ട് ഇഷ്ടമുള്ള ചാനലുകള്‍ ആവശ്യപ്പെടാനാണ് ട്രായ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന നിര്‍ദേശം. ചാനലുകളുെട പൂര്‍ണവിവരം ട്രായ് വെബ്സൈറ്റില്‍ ലഭ്യമാണ്.

MORE IN BUSINESS
SHOW MORE