ആൺ-പെൺ വ്യത്യാസം; 108-ാം സ്ഥാനത്ത് ഇന്ത്യ, പിന്നാക്കാവസ്ഥ തുടരുന്നു

gender
SHARE

ആണ്‍–പെണ്‍ വ്യത്യാസത്തില്‍ ഇന്ത്യയുടെ പിന്നാക്കാവസ്ഥ തുടരുന്നു. 149 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം നൂറ്റിയെട്ടാമതാണ്. കഴിഞ്ഞവര്‍ഷവും ഇതേ സ്ഥാനമായിരുന്നു. 

 ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ പട്ടികയിലാണ് വളരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ ഈ പിന്നാക്കാവസ്ഥ. സാമ്പത്തികം, വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയം എന്നീ മേഖലകളില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ എത്രമാത്രം മുന്നേറി എന്ന കണക്കെടുപ്പാണ് ലോക സാമ്പത്തിക ഫോറത്തിന്റെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്. 2017 ലെ അതേ സ്ഥാനമാണ് ഇന്ത്യയ്ക്കെങ്കിിലും ആണ്‍–പെണ്‍ വ്യത്യാസത്തിലെ 33 ശതമാനം വിടവ് നികത്താനുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

സ്ത്രീകളുടെ ആരോഗ്യത്തിലും രോഗ പ്രതിരോധത്തിലും 147ആം സ്ഥാനമാണ് രാജ്യത്തിന്. തൊട്ടുപിന്നില്‍ അര്‍മേനിയയും മറ്റൊരു സാമ്പത്തിക ശക്തിയായ ചൈനയും. ഇക്കാര്യത്തില്‍ അയല്‍ രാജ്യമായ ശ്രീലങ്കയാണ് ഒന്നാം സ്ഥാനത്ത്. സ്ത്രീകളുടെ രാഷ്ട്രീയത്തിലെ പങ്കാളിത്തത്തില്‍ 2017ല്‍ പതിനഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യയെങ്കില്‍ 2018 ആയപ്പോഴേക്ക് 19ആം സ്ഥാനത്തേക്ക് താഴ്ന്നു. തെക്കേ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ മുന്നേറ്റം നടത്തിയത് ബംഗ്ലാദേശാണ്. 

അതേസമയം, ഒരേ ജോലിക്കുള്ള വേതനം, വിദ്യാഭ്യാസം എന്നിവയില്‍ ഇന്ത്യയിലെ സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് അടുത്ത് എത്തിയിട്ടുണ്ട്. നിര്‍മിത ബുദ്ധിയില്‍ ആഗോള തലത്തിലെ രണ്ടാമത്തെ മനുഷ്യവിഭവശേഷി ഉള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ സ്ത്രീകളുടെ പങ്കാളിത്തം 22 ശതമാനം മാത്രം. ഐസ്‌ലന്‍ഡാണ് ഗ്ലോബല്‍ ജെ‍ന്‍ഡര്‍ ഗ്യാപ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായ പത്താം വര്‍ഷമാണ് ആണ്‍–പെണ്‍ വ്യത്യാസം തീരെയില്ലാത്ത രാജ്യം എന്ന സ്ഥാനത്ത് ഐസ്‌ലന്‍ഡ് തുടരുന്നത്. തൊട്ടുപിന്നില്‍ നോര്‍വേ, സ്വീഡന്‍, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളും. 

MORE IN BUSINESS
SHOW MORE