36 പശുക്കളിൽ നിന്നും മാസം മൂന്നര ലക്ഷം; ജോസ് കുര്യന്റെ ക്ഷീര വിജയം; വിഡിയോ

nattupacha-main
SHARE

ബിസിനസിന്റെ തിരക്കിട്ട് വഴികളിലൂടെ സഞ്ചരിക്കുമ്പോഴും കൃഷിയെ മാറ്റി നിർത്തിയുള്ള ഒരു ജീവിതം ജോസ് കുര്യന് ചിന്തിക്കാൻപോലും കഴിയില്ല. കാർഷികകുടുംബത്തിൽ ജനിച്ച വളർന്നതുകൊണ്ടും കൃഷിയെ ചെറുപ്പംമുതൽ കണ്ടും, കേട്ടും, ചെയ്തും, പോന്നിരുന്നതുകൊണ്ടും കൃഷി ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി അലിഞ്ഞുചേർന്നതാണ്. കൃഷിയിലുള്ള ഇദ്ദേഹത്തിന്റെ താൽപര്യത്തിന് ഒരേ മനസ്സോടെ പൂർണപിന്തുണയുമായി ഒപ്പമുണ്ട് ഭാര്യയും മക്കളും.  ദിവസവും രാവിലെ 4 മണി മുതൽ എട്ടു മണിവരെയെങ്കിലും തൊഴുത്തിലും പറമ്പിലുമൊക്കെയുള്ള ജോലികളിൽ വ്യാപൃതനായിരിക്കും ഇദ്ദേഹം. പിന്നീട് വിവിധ സ്ഥലങ്ങളിലുള്ള കൺസ്ട്രക്ഷൻ സൈറ്റുകളിലേക്ക് പോയാലും ഉച്ചയോടെ തിരികെയെത്തും. വീണ്ടും വൈകുന്നേരം വരെ പശുവിന്റെയും പറമ്പിലെ കൃഷികളുടെയുമൊക്കെ പുറകേയാണ്.  

30 വർഷത്തോളമായി ക്ഷീര കൃഷി ഇദ്ദേഹത്തിന് ജീവിതത്തിന്റെ ഭാഗമായിട്ട്. വീടിനോട് ചേർന്നുള്ള ഒരു ചെറിയ തൊഴുത്തിൽ ആദ്യം ഒന്നും രണ്ടും പശുക്കളെ വളർത്തിയാണ് തുടങ്ങിയത്. ക്രമേണ അത് അഞ്ചും ആറും പശുക്കളായി മാറി. പറമ്പിലെ മറ്റു വിളകളുടെ കൃഷിനാശവും വിലത്തകർച്ചയും മൂലം കാർഷികജീവിതം പ്രതിസന്ധിയിലായപ്പോൾ ജോസ് കുര്യനെ കൃഷിയിൽ താങ്ങി നിർത്തിയത് ക്ഷീര കൃഷി മാത്രമായിരുന്നു. അതുകൊണ്ടുതന്നെ കൃഷിയിൽ നിന്ന് കൂടുതൽ വരുമാനം എങ്ങനെ നേടാം എന്ന് ചിന്തിച്ചപ്പോൾ ഡയറിഫാം വലുതാക്കി എടുക്കുന്നത് തന്നെയായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ ഓപ്ഷൻ.

അങ്ങനെ രണ്ടു വർഷങ്ങൾക്കുമുമ്പാണ് കൂടുതൽ പശുക്കളുമായ് ജോസ് കുര്യൻ ഡയറി ഫാം വിപുലമാക്കിയത്. 36 പശുക്കളും 17 കിടാവുകളുമുണ്ട് നിലവിൽ ഇദ്ദേഹത്തിന്റെ തൊഴുത്തിൽ.  HF, ജഴ്സി, സ്വിസ് ബ്രൗൺ, HF ജേഴ്സി ക്രോസ് എന്നീ ഇനങ്ങളാണ് പശുക്കൾ . ഒരു യഥാർത്ഥ കർഷകന്റെ ജീവിതത്തിൽനിന്നും മാറ്റിനിർത്താനാവാത്ത ഒന്നാണ് പശുക്കൾ എന്ന ബോധ്യം ജോസ് കുര്യൻ ഉണ്ട്. അതുകൊണ്ടുതന്നെ പശുക്കൾക്ക് വേണ്ട തൊഴുത്ത് ഒരുക്കിയപ്പോഴും വീടിനോടു ചേർന്നു വീടിന്റെ അതേ ശൈലിയിൽ തന്നെയാണ് നിർമിച്ചത്. വീടിന്റെ മുന്നിലും സൈഡിലും ആയിട്ടുള്ള രണ്ടു തൊഴുത്തുകളിൽ ആണ് പശുക്കളെയും കിടാവുകളെയും പാർപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അങ്ങേയറ്റം വൃത്തിയും ശുചിത്വവും ഈ തൊഴുത്തുകളിൽ ഉണ്ട്. പ്രധാന തൊഴുത്തിൽ രണ്ട് നിരകളിൽ ആയിട്ടാണ് പശുക്കളെ കെട്ടുന്നത്. പശുക്കൾക്ക് സുഖപ്രദമായി നിൽക്കാൻ തൊഴുത്തിലെ തറയിൽ റബ്ബർ മാറ്റ് വിരിച്ചിട്ടുണ്ട്.  ഈ റബർ മാറ്റ് പശു ചവിട്ടുമ്പോൾ തെന്നി പോകാതിരിക്കാനായി തറയിൽ സ്റ്റീൽ പട്ടയിൽ ആണ് ഉറപ്പിച്ചിരിക്കുന്നത്. താരതമ്യേന ചൂട് കുറവുളള സ്ഥലമാണ് വയനാട് എങ്കിലും ചൂടു വന്നാൽ തണുപ്പ് നൽകാനായി തൊഴുത്തിൽ ഫാനുകൾ പിടിപ്പിച്ചിട്ടുണ്ട്. കോൺക്രീറ്റിന്റെ ചെറിയ തൂണുകളിലാണ് പശുക്കളെ കെട്ടിയിരിക്കുന്നത്. രണ്ടു പശുക്കൾക്ക് ഇടയിലായി തൊഴുത്തിനെ പുൽത്തൊട്ടിയുമായി വേർതിരിക്കുന്ന ഭാഗത്ത് പശുക്കൾക്കുള്ള കുടിവെള്ളം വാട്ടർ ബൗളിൽ ക്രമീകരിച്ചിട്ടുണ്ട്. സദാസമയവും കുടിവെള്ളം നിറഞ്ഞ് ഇരിക്കാനായി, ഓട്ടോമാറ്റിക് സംവിധാനമൊരുക്കാൻ ഏറ്റവും ചെലവുകുറഞ്ഞ രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ടോയലറ്റുകളിൽ ഉപയോഗിക്കുന്ന ഫ്ലഷ് ടാങ്ക് സംവിധാനവുമായി പൈപ്പ് ലൈൻ കണക്ട് ചെയ്തതു വഴിയാണ് സദാസമയവും ബൗളിൽ വെള്ളം നിറഞ്ഞിരിക്കുന്നത്.

പശുക്കളെ കുളിപ്പിക്കുന്നതു യന്ത്ര സഹായത്തോടെയാണ് . ഇതിനുള്ള ക്രമീകരണങ്ങളും തൊഴുത്തുകളിൽ ചെയ്തിട്ടുണ്ട്. ദിവസവും മൂന്നു നേരം പശുക്കളെ വെള്ളം സ്പ്രേ ചെയ്തു കുളിപ്പിക്കും. ഇതുകൂടാതെ ഇടയ്ക്കിടെ ചാണകം നീക്കി തൊഴുത്ത് കഴുകി വൃത്തിയാക്കുകയും ചെയ്യും. അണു നശീകരണ ലായനി ഉപയോഗിച്ച് ആണ് തൊഴുത്ത് കഴുകി വൃത്തിയാക്കുന്നത്. തൊഴുത്തിനുള്ളിലെ വൃത്തിക്കും ശുചിത്വത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്നതുകൊണ്ടുതന്നെ വീടിനോട് ചേർന്ന് തൊഴുത്ത് ഇരിക്കുന്നതിന്റെ യാതൊരു ബുദ്ധിമുട്ടുകളും ഇല്ല. പശുക്കളെ കുളിപ്പിക്കുന്നതിന്റെയും തൊഴുത്തു കഴുകുന്നതിന്റെയും വെള്ളവും മൂത്രവും എല്ലാം നേരെ ബയോഗ്യാസ് പ്ലാന്റിലേക്ക് ആണ് പോകുന്നത്. കൺസ്ട്രക്ഷൻ സൈറ്റുകളിലുള്ള തൊഴിലാളികൾക്ക് അടക്കമുള്ള ഭക്ഷണം പാചകം ചെയ്യുന്നത് ജോസ് കുര്യന്റെ വീട്ടിലാണ് . അതുകൊണ്ടുതന്നെ പാചകത്തിനാവശ്യമായ ഇന്ധനം ബയോഗ്യാസ് പ്ലാൻ്റിൽനിന്ന് സുലഭമായി ലഭിക്കുന്നുണ്ട്.  പ്രത്യേകരീതിയിലാണ് തൊഴുത്തിന്റെ നിർമ്മാണം.  യഥാർത്ഥത്തിൽ രണ്ടുനിലയുടെ ഉയരത്തിലാണ് തൊഴുത്ത്. മുറ്റത്തിന്റെ നിരപ്പിലുള്ള ലെവലിൽ ആണ് പശുക്കൾ നിൽക്കുന്നത് ഇതിനു താഴെയുള്ള ഭാഗം വലിയൊരു അറയാണ്. ഇതിനുള്ളിലേക്ക് ആണ് ചാണകം വന്ന് നിറയുന്നത്. മഴ നനയാതെ തന്നെ ചാണകം പൂർണമായി ഉണങ്ങിക്കിട്ടും. സ്വന്തം കൃഷിയിടത്തിലേക്ക് ആവശ്യമായ വളത്തിനു പുറമേ ചാണകത്തിന്റെ വിൽപ്പനയിലൂടെയും നല്ല വരുമാനം ഇദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.

ദിവസവും രാവിലെ നാല് മണിക്ക് തുടങ്ങും ഫാമിലെ ജോലികൾ.  ജോസിനും കുടുംബത്തിനും പുറമേ 4 തൊഴിലാളികൾ കൂടി ചേർന്നാണ് ഫാമിലെ ജോലികളെല്ലാം നിർവ്വഹിക്കുന്നത്. അന്യസംസ്ഥാനത്തു നിന്നെത്തിയ രണ്ടു കുടുംബങ്ങളാണ് ഇവരെ ഫാമിന്റെ പ്രവർത്തനങ്ങളിൽ സഹായിക്കുന്നത്. കുടുംബത്തിലെ അംഗങ്ങളെപ്പോലെ തന്നെയാണ് മറുനാട്ടിൽ നിന്നെത്തിയ ഇവർ ജോസിന്. ആ സ്നേഹവും ആത്മാർത്ഥതയും തിരിച്ചുമുണ്ട് ഇവർക്കും .

ഫാമിലെ ജോലികളെല്ലാം കൃത്യമായ ടൈംടേബിളിലൂടെയാണ്. ഓരോരുത്തർക്കും കൃത്യമായ ഉത്തരവാദിത്വങ്ങളുണ്ട് . നാലുമണിക്ക് തൊഴുത്തിൽ എത്തിയാലുടൻ ഒരാൾ ചാണകം നീക്കം ചെയ്തു പോകും . പുറകെ രണ്ടാമത്തെയാൾ പശുക്കളെ കുളിപ്പിച്ചും തൊഴുത്ത് കഴുകിയും നീങ്ങും. മൂന്നാമത്തെയാൾ കറവയ്ക്കു മുമ്പ് അകിട് അണുവിമുക്ത ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കും.  പിന്നെ ബാക്കിയുള്ളവർ ചേർന്ന് കറവയ്ക്കുള്ള മെഷീനുകൾ ഘടിപ്പിക്കലാണ്. 36 പശുക്കളിൽ നിലവിൽ 25 എണ്ണമാണ് കറവയ്ക്കുള്ളത്. രണ്ടുമണിക്കൂറോളം സമയമെടുക്കും പാൽ കറവ പൂർത്തിയാകാൻ. മെഷീൻ ഉപയോഗിച്ച് കറന്ന് എടുത്താലും അവസാനം അകിടിൽ നിന്ന് കൈകൊണ്ട് കൂടി കറന്നെടുക്കുന്ന പതിവുണ്ട് ഇവിടെ. കറവ കഴിഞ്ഞാൽ ഉടനെ പശുക്കളെ കിടക്കാൻ അനുവദിക്കില്ല. തൊട്ടു പുറകെ പശുക്കൾക്ക് തീറ്റ നൽകും. ആദ്യം കാലിത്തീറ്റകളും പിന്നീട് പുല്ല് അരിഞ്ഞതും ആണ് നൽകുക.

പശുക്കൾക്ക് നൽകാനുള്ള വിവിധ ഇനം കാലിത്തീറ്റകൾ തൊഴുത്തിനു സമീപത്തു തന്നെ ഫൈബർ ഡ്രമ്മുകളിലായിട്ടാണ് സൂക്ഷിച്ചു വച്ചിരിക്കുന്നത്. ചോളപ്പൊടി, കാൽസ്യപൊടി, ഗോതമ്പ് പൊടി , കാലിത്തീറ്റ, കടലപ്പിണ്ണാക്ക് , എന്നിവയെല്ലാം ചേർത്ത് 5കിലോ വീതം രണ്ടുനേരം കൊടുക്കും ഓരോ പശുവിനും. കാലിതീറ്റയോടൊപ്പം ദഹനപ്രക്രിയ എളുപ്പമാക്കാനായി ഒരല്പം ഈസ്റ്റ് പൊടി കൂടി ചേർക്കും. ഇതിന് തൊട്ടുപിറകെയാണ് തീറ്റപ്പുല്ലും ചോളത്തണ്ടും ചേർത്ത് അരിഞ്ഞത് പശുക്കൾക്ക് നൽകുന്നത് . ഓരോ പശുവിനും 15 കിലോ വീതം രണ്ടുനേരമായി ഒരുദിവസം 30 കിലോ തീറ്റപ്പുൽ ആണ് നൽകുക. തീറ്റപ്പുല്ലും ചോളത്തണ്ടും വളരെ ചെറുതായി അരിഞ്ഞ് ആണ് കൊടുക്കുന്നത് . പുല്ലരിയാനായിട്ടുള്ള ഷാഫ് കട്ടർ തൊഴുത്തിന് സൈഡിലായി ക്രമീകരിച്ചിട്ടുണ്ട്. പുല്ല് ഒട്ടും വേസ്റ്റായി നഷ്ടപ്പെടാതിരിക്കാനും ദഹനപ്രക്രിയ കൂടുതൽ എളുപ്പമാക്കാനും ആണ് പുല്ലു അരിഞ്ഞു നൽകുന്നത് . ഏഴുമണിയോടെ ഈ ജോലികളെല്ലാം പൂർത്തിയാകും.

7 മണിയോടെ പാൽ കൊണ്ടുപോകാനായി വണ്ടി എത്തും . തരിയോട് ക്ഷീര സഹകരണ സംഘത്തിൽ ആണ് ജോസ് കുര്യൻ പാൽ പൂർണമായും നൽകുന്നത്. ഫാമിൽ വെച്ചുതന്നെ പാൽ അളന്നെടുത്ത് കൊണ്ടുപോകും. ദിവസവും രണ്ടു നേരം ഇങ്ങനെ പാൽ വന്നു ശേഖരിക്കും. ശരാശരി 350 ലിറ്റർ പാലാണ് പ്രതിദിനം സഹകരണ സംഘത്തിൽ ജോസ് കുര്യൻ നൽകുന്നത്. ലിറ്ററിന് 33 രൂപ മുതൽ 35 രൂപ വരെ വില നിലവിൽ ലഭിക്കുന്നുണ്ട്. എട്ടര മണി ആകുമ്പോഴേക്കും പശുക്കൾക്ക് പിണ്ണാക്കിട്ട് കഞ്ഞി വെള്ളം നൽകും. ഈ സമയത്തുമുണ്ട് തൊഴുത്തിലെ ചാണകം നീക്കലും തൊഴുത്ത് കഴുകലും. പത്തു മണിയാകുമ്പോഴേക്കും പശുക്കൾക്ക് ആവശ്യമായ തീറ്റപ്പുൽ ശേഖരിക്കാൻ വേണ്ടി പാടത്തേക്ക് പോകും. മൂന്നര ഏക്കറോളം പാടത്ത് CO3 തീറ്റപ്പുൽ ജോസ് കുര്യൻ കൃഷി ചെയ്തിട്ടുണ്ട്. തീറ്റപ്പുൽകൃഷി കൂടുതൽ വ്യാപകമാക്കാൻ വീടിന് സമീപത്തുള്ള പാടത്തും തുടക്കമിട്ടുകഴിഞ്ഞു. ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് രണ്ടാമത്തെ കറവയ്ക്കുള്ള ജോലികൾ ആരംഭിക്കുന്നത്. രാവിലെ ചെയ്ത എല്ലാകാര്യങ്ങളും കൃത്യമായ ടൈംടേബിൾ പോലെതന്നെ ആവർത്തിക്കും. അഞ്ചുമണിയോടുകൂടി ഫാമിലെ എല്ലാ ജോലികളും പൂർണ്ണമാകും.

മുപ്പതുവർഷമായി തുടരുന്ന ക്ഷീര കൃഷിയിൽ ജോസ് കുര്യന് ഓരോ ഘട്ടത്തിലും വിവിധ സർക്കാർ വകുപ്പുകളുടെ ധനസഹായവും പിന്തുണയും ലഭിച്ചിട്ടുണ്ട് . തരിയോട് ക്ഷീര സഹകരണ സംഘം, മിൽമ, ക്ഷീരവികസന വകുപ്പ്, വെറ്റിനറി ഡിപ്പാർട്ട്മെൻറ് എന്നിവിടങ്ങളിൽ നിന്നെല്ലാം ലഭിച്ച പ്രോത്സാഹനമാണ് രണ്ടു പശുക്കളിൽ നിന്ന് ജില്ലയിലെ മികച്ച ഒരു ഡയറി ഫാം ആയി മാറാൻ കാരണമെന്ന് അഭിമാനത്തോടെ ജോസ് കുര്യൻ പറയും. ക്ഷീരവികസന വകുപ്പിന്റെ മികച്ച മാതൃക ഡയറി ഫാം കൂടിയാണിത്.

ഈ ഡയറി ഫാമിൽ പൊതുവേ അകിടുവീക്കമോ കാര്യമായ അസുഖങ്ങളൊ ഒന്നും തന്നെ ഇല്ലെന്നു പറയാം. കൃത്യമായ പരിചരണം, ഓരോ പശുക്കളിലും ഉള്ള സൂക്ഷ്മശ്രദ്ധ, തൊഴുത്തിനുള്ളിലെ ശുചിത്വം, സമീകൃതമായ ആഹാരക്രമം, രോഗലക്ഷണങ്ങൾ കണ്ടാൽ തുടക്കത്തിലേയുള്ള ചികിത്സ എന്നിവയൊക്കെയാണ് പശുക്കളെ രോഗങ്ങളിൽനിന്ന് അകറ്റി നിർത്തുന്നതെന്ന് ജോസ് കുര്യൻ സാക്ഷ്യപ്പെടുത്തുന്നു. ഫാമിലേക്ക് വേണ്ട പശുക്കളെ തിരഞ്ഞെടുക്കുന്നതിലും വളരെയധികം ശ്രദ്ധ പതിപ്പിക്കാറുണ്ട് ഇദ്ദേഹം.

കറവയിലും തീറ്റയിലും മാത്രമല്ല എല്ലാ വർഷവും കൃത്യമായി ലഭിക്കേണ്ട പശുക്കളുടെ പ്രസവത്തിലും സൂക്ഷ്മ ശ്രദ്ധ പുലർത്തുന്നതു കൊണ്ടാണ് ഫാം ലാഭകരമായി മുന്നോട്ടുപോകുന്നത്. കൃഷി എന്നതിലുപരി മനസ്സിന് ഏറെ സന്തോഷം നൽകുന്ന ഒന്നാണ് ഡയറിഫാം എന്നാണ് ജോസ് കുര്യൻ പറയുന്നത്. തിരക്കുകളിൽ നിന്നും ടെൻഷനുകളിൽ നിന്നും ഓടി ഇവയ്ക്ക് അരികിലെത്തുമ്പോൾ ഈ മിണ്ടാപ്രാണികൾ കാണിക്കുന്ന സ്നേഹം മതി മനസ്സ് ശാന്തമാക്കാൻ .

കൃഷിയാവട്ടെ ബിസിനസ് ആവട്ടെ ഡയറി ഫാം ലാഭം തന്നെയാണ് ജോസ് കുര്യന് നൽകിയിട്ടുള്ളത് . മാസം ഒന്നര ലക്ഷം രൂപയെങ്കിലും ലാഭമായി നീക്കിവയ്ക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. ഇങ്ങനെ ലാഭം നേടാൻ കഴിയുന്നതിന് കാരണം കൃത്യമായ ആസൂത്രണവും ഫാമിലെ ഓരോ ചെറിയ ജോലികളിൽ പോലും നേരിട്ട് ഇടപെടുന്നത് കൊണ്ടുമാണന്നാണ് ഇദ്ദേഹം പറയുന്നത്. മൂന്നുവർഷത്തോളമായി ജൈവകൃഷി പിന്തുടരുകയാണ് ജോസ് കുര്യൻ. കാപ്പി, കുരുമുളക് , തെങ്ങ്, കമുക് ,ഇഞ്ചി, മഞ്ഞൾ പച്ചക്കറികൾ കൂടാതെ രണ്ടായിരത്തോളം ഏത്തവാഴകൾ എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ ജൈവ കൃഷിയുടെ ഭാഗമാണ്. ഡയറിഫാമിലെ ചാണകവും മൂത്രവുമാണ് കൃഷികൾക്കുള്ള പ്രധാന വളം .

ക്ഷീര കൃഷി മേഖലയിലെ മികവിന് വിവിധ അംഗീകാരങ്ങളും ജോസ് കുര്യനെ തേടിയെത്തിയിട്ടുണ്ട് . ക്ഷീരവികസന വകുപ്പ് ജില്ലയിലെ മികച്ച കർകനായും, മിൽമ മലബാർ യൂണിയനു കീഴിലെ വയനാട് ജില്ലയിലെ മികച്ച കർഷകനായും തിരഞ്ഞെടുത്ത് ആദരിച്ചു. കൂടാതെ തരിയോട് പഞ്ചായത്തിലെ മികച്ച കർഷകനായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളും ടൂറിസ്റ്റുകളും ഡയറിഫാം സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരും എല്ലാം ജില്ലയിൽ പഠനത്തിനായി ഓടിയെത്തുന്നത് ഇവിടേക്കാണ് . അതെ കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുത്ത മികവിന്റെ പാതയിലാണ് ജോസ് കുര്യന്റെ ഈ ഡയറി ഫാം.

MORE IN Business
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.