എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ പുതിയ പദ്ധതി; പ്രതീക്ഷ

air-india-new
SHARE

സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. എയര്‍ ഇന്ത്യ അസെറ്റ് ഹോള്‍ഡിങ് കമ്പനി എന്ന പേരില്‍ ഒരു സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കാനാണ് നീക്കം. അന്‍പത്തിയയ്യായിരം കോടിയോളം രൂപയാണ് എയര്‍ ഇന്ത്യയുടെ കടം. 

എയര്‍ ഇന്ത്യയുടെ അക്കൗണ്ട്സ് ബുക്കിലുള്ള കടബാധ്യത പകുതിയായി കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ആകെയുള്ള അന്‍പത്തയ്യായിരം കോടി കടത്തില്‍ ഇരുപത്തൊമ്പതിനായിരം കോടി സ്പെഷല്‍ പര്‍പ്പസ് വെഹിക്കിളിലേക്ക് മാറ്റും. അതോടെ കമ്പനിയുടെ കടം ഇരുപത്താറായിരം കോടിയായി കുറയും. വരുമാനത്തില്‍ നിന്ന് കടം വീട്ടേണ്ട ബാധ്യത പകുതിയായി കുറയുന്നതുമൂലം എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം മെച്ചപ്പെടുമെന്നാണ് വിലയിരുത്തല്‍. ബാധ്യത പേറുന്ന എയര്‍ ഇന്ത്യ അസെറ്റ് ഹോള്‍ഡിങ് കമ്പനിക്ക് സര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ടാകും. നിലവില്‍ എയര്‍ ഇന്ത്യയ്ക്ക് കടം നല്‍കിയിട്ടുള്ളവരുടെ ബാധ്യത കൂടി എസ്പിവിയിലേക്ക് മാറ്റും. 

രാജ്യത്തെമ്പാടും എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍, തന്ത്രപ്രധാനമല്ലാത്തവ വിറ്റ് കടം വീട്ടാനുള്ള നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത് അസെറ്റ് ഹോള്‍ഡിങ് കമ്പനിയായിരിക്കും. എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനിയായ എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട് സര്‍വീസ് വില്‍ക്കുമെന്ന് സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള ചുമതലയും എസ്പിവിക്കായിരിക്കും. രാജ്യത്തെ എണ്‍പത്തിയഞ്ച് ശതമാനം ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്ങും കൈകാര്യം ചെയ്യുന്നത് എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട് സര്‍വീസാണ്. 

MORE IN BUSINESS
SHOW MORE