കുരുമുളക് വിൽപ്പന ഇനി എളുപ്പം; കര്‍ഷകര്‍ക്കായി മൊബൈല്‍ ആപ്പ്

pepper
SHARE

രാജ്യത്തെ കുരുമുളക് കര്‍ഷകര്‍ക്കായി മൊബൈല്‍ ആപ്പ് പുറത്തിറക്കി. ഉല്‍പാദനവും വിപണനവും സുഗമമാക്കുകയാണ് ലക്ഷ്യം.  മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ ആപ്പിന്റെ സേവനം ലഭ്യമാണ്. 

കുരുമുളകിന്റെ ഉല്‍പാദനവും വിതരണവും വില്‍പനയും സംബന്ധിച്ച് കര്‍ഷകര്‍ക്ക് അവബോധം നല്‍കുകയാണ് പുതിയ ആപ്പിലൂെട. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കും സംശയങ്ങള്‍ക്കും കൃത്യമായ പരിഹാരവും നല്‍കുന്നുണ്ട്. കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, രാജ്യാന്തര – ദേശീയ വിപണികള്‍ എന്നിവയുമായി ആപ്പിലൂടെ കര്‍ഷകരെ ബന്ധിപ്പിക്കും. അതിനാല്‍ തന്നെ ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് നേരിട്ടുതന്നെ വിപണിയുമായി ബന്ധപ്പെടാന്‍ കഴിയും. കര്‍ഷകര്‍ നല്‍കുന്ന വില്‍പന പരസ്യങ്ങള്‍ ആപ്പില്‍ ലഭ്യമാക്കും. വില സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം എന്നത് വ്യാപാരികള്‍ക്കും ഗുണകരമാണ്. 

കുരുമുളക് കൃഷിരീതികള്‍, വളപ്രയോഗം, കീടനാശിനി പ്രയോഗം എന്നീ കാര്യങ്ങളെല്ലാം ആപ്പിലൂടെ മനസ്സിലാക്കാന്‍ കഴിയും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സ്പൈസസ് ബോര്‍ഡ് സെക്രട്ടറി എം.കെ.ഷണ്‍മുഖ സുന്ദരമാണ് കാര്‍ഷിക ആപ്പ് അവതരിപ്പിച്ചത്. സ്പൈസസ് ബോര്‍ഡ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസേര്‍ച്ച്, കേരള കാര്‍ഷിക സര്‍വകലാശാല, കൃഷി മന്ത്രാലയം എന്നിവയുടെ പ്രതിനിധികളും കര്‍ഷകരും ചടങ്ങില്‍ പങ്കെടുത്തു. 

MORE IN BUSINESS
SHOW MORE