അസംഘടിത മേഖലകളിലുള്ളവര്‍ക്കും പെന്‍ഷന്‍; പുതിയ പദ്ധതിയുമായി എൽഐസി

lic-policy-new
SHARE

അസംഘടിത മേഖലകളിലുള്ളവര്‍ക്കും പെന്‍ഷന്‍ ഉറപ്പിക്കാന്‍ കഴിയുന്ന പദ്ധതിയുമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍. ഒറ്റത്തവണ പ്രീമിയം അടയ്ക്കേണ്ടുന്ന ജീവന്‍ ശാന്തി എന്ന പെന്‍ഷന്‍ പദ്ധതിയാണ് എല്‍ഐസി അവതരിപ്പിച്ചിരിക്കുന്നത്.  ഒന്നരലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ പ്രീമിയം 

30 വയസ്സുമുതൽ 79 വയസ്സുവരെയുള്ളവർക്കു ചേരാവുന്നതാണ് ജീവന്‍ ശാന്തി പോളിസി. തൊട്ടടുത്ത മാസം മുതലോ നിശ്ചിത കാലാവധിക്കുശേഷമോ പെൻഷൻ കിട്ടുന്ന രീതി തിരഞ്ഞെടുക്കാം.  സാധാരണ പോളിസികളിൽ ഭർത്താവ്, ഭാര്യ, മക്കൾ എന്നീ കുടുംബാഗങ്ങൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ ഇതിൽ വിപുലമാക്കിയിട്ടുണ്ട്. ഒറ്റയ്ക്കോ രണ്ടുപേരുടെ പേരിലോ എടുക്കാമെന്ന വ്യവസ്ഥയിൽ ഭർത്താവ്, ഭാര്യ, മക്കൾ, കൊച്ചുമക്കൾ, സഹോദരങ്ങൾ, മാതാപിതാക്കൾ, അവരുടെ മാതാപിതാക്കൾ എന്നിങ്ങനെ അടുത്ത ബന്ധുക്കളിലാരുമാകാം പങ്കാളി. മരണാനന്തരാനുകൂല്യം അവകാശികൾക്കു നൽകേണ്ടതില്ലെന്നു തീരുമാനിച്ചാൽ പെൻഷൻ തുക കൂടുതൽ കിട്ടും. ഏറ്റവും കുറഞ്ഞ പെന്‍ഷൻ തുക പ്രതിമാസം 1000 രൂപ കിട്ടുന്ന രീതിയിലാണു മിനിമം നിക്ഷേപത്തുകയും ഡിഫർമെന്റ് കാലവും നിശ്ചയിച്ചിരിക്കുന്നത്.

30 വയസ്സുള്ളയാൾ 20 വർഷം കഴിഞ്ഞു പെൻഷൻ കിട്ടുന്ന രീതിയിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ, ഇരുപതാം വർഷം ‘ഡെത്ത് കവർ’ 51 ലക്ഷം രൂപയായിരിക്കുമെന്ന് എൽഐസി പറയുന്നു. നിശ്ചിതകാലാവധിക്കുശേഷം പെൻഷൻ കിട്ടുന്ന രീതിയായാൽ ഓരോ മാസവും നിശ്ചിത ശതമാനം ഗാരന്റീഡ് അഡിഷനായി കൂട്ടിച്ചേർക്കപ്പെടും. ഇത് പോളിസിയുടമ മരണമടഞ്ഞാൽ അവകാശിക്ക്, ആദ്യനിക്ഷേപത്തുകയ്ക്കൊപ്പം ലഭിക്കും.

പ്രഫഷനലുകൾക്കും ശമ്പള വരുമാനക്കാർക്കും മാത്രമല്ല, ബിസിനസുകാർക്കും നാട്ടിലേക്ക് തിരികെ വരാൻ ആലോചിക്കുന്ന പ്രവാസികൾക്കുമൊക്കെ ഭാവിയിൽ പെൻഷൻ രൂപത്തിൽ സ്ഥിരവരുമാനമു‌റപ്പാക്കാൻ ജീവൻശാന്തി ഉപകരിക്കും. ഒരാൾക്ക് ഒന്നിലേറെ ജീവൻശാന്തികളെടുക്കാം. ജീവന്‍ ശാന്തി, ആദായനികുതിയിളവിനും പരിഗണിക്കും. 

MORE IN BUSINESS
SHOW MORE