വ്യാജ ആപ്പുകള്‍ വഴി ബാങ്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നു

mobile-app-2
SHARE

ബാങ്കുകളുടെ വ്യാജ മൊബൈല്‍ ആപ്പുകള്‍ വഴി ആയിരക്കണക്കിന് ഇന്ത്യന്‍ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്.  എസ്ബിഐ, ഐസിഐസിഐ, ആക്സിസ് ബാങ്ക്, സിറ്റി ബാങ്ക് എന്നിവയുടെ ഉപഭോക്താക്കളുടെ അക്കൗണ്ടുകളുടെയും ക്രെഡിറ്റ് കാര്‍ഡുകളുടെയും വിശദാംശങ്ങളാണ് ചോര്‍ന്നത്.

ഐടി സുരക്ഷാ സ്ഥാപനമായ സോഫോസ് ലാബ്സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഡാറ്റ ചോര്‍ത്തല്‍ വിവരങ്ങളുള്ളത്. എസ്ബിഐ, ഐസിഐസിഐ, ആക്സിസ് ബാങ്ക്, സിറ്റി ബാങ്ക് എന്നിവയുടെ ലോഗോ ഉള്‍പ്പെടെയുള്ള ആപ്പുകള്‍ വ്യാജനാണെന്ന്  തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ വാഗ്ദാനങ്ങള്‍ നല്‍കി ഉപഭോക്താക്കളെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്. ഇടപാടുകള്‍ക്ക് ക്യാഷ് ബാക്ക്, സൗജന്യ മൊബൈല്‍ ഡാറ്റ, പലിശ രഹിത വായ്പ തുടങ്ങിയ ഓഫറുകളാണ് മുന്നോട്ടുവയ്ക്കുന്നത്. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ച് വീട്ടുപടിക്കല്‍ എത്തിക്കുമെന്നുവരെ  വാഗ്ദാനമുണ്ട്. ബാങ്കുകളെ സമീപിച്ചപ്പോള്‍ വ്യാജനെക്കുറിച്ച് വിവരമില്ലെന്നായിരുന്നു മറുപടിയെന്ന് സോഫോസ് ലാബ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ഓവര്‍സീസ്, ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക് എന്നിവയുള്‍പ്പെടെ ഏഴ് ബാങ്ക് ആപ്പുകളാണ് വ്യാജന്മാര്‍ ലക്ഷ്യമിട്ടതെന്ന് സോഫോസ് ലാബ്സ് വ്യക്തമാക്കി. അതേസമയം തങ്ങളുടെ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ നിന്ന് പേര് ഒഴിവാക്കണമെന്നും സിറ്റി ബാങ്ക് സോഫോസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യെസ് ബാങ്ക് അവരുടെ സൈബര്‍ വിഭാഗത്തെ അറിയിച്ചു കഴിഞ്ഞു. ഡാറ്റചോര്‍ച്ചയെക്കുറിച്ച് എസ്ബിഐ ഇതേവരെ പ്രതികരിച്ചിട്ടുമില്ല. 

MORE IN BUSINESS
SHOW MORE