ഉല്‍സവ സീസണില്‍ ഓണ്‍ലൈനിൽ വമ്പൻ വിൽപന; നേടിയത് 15,000 കോടി രൂപ

AMAZON.COM-SAFRICA/
SHARE

ഉല്‍സവ സീസണില്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍  നേടിയത് 15,000 കോടി രൂപയുടെ വില്‍പന. ഇതില്‍ ഏറ്റവും മുന്നില്‍ ആമസോണും ഫ്ലിപ്കാര്‍ട്ടും. സ്മാര്‍ട് ഫോണുകളള്‍, ഗൃഹോപകരണങ്ങള്‍, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് ഏറ്റവുമധികം വിറ്റുപോയത്. 

ഒന്‍പതാം തീയതി ആരംഭിച്ച് ഇന്നല അവസാനിച്ച ഏഴുദിവസത്തെ കച്ചവടമാണ് പതിനയ്യായിരം കോടി രൂപയുടേത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 64 ശതമാനം അധികമെന്ന് കണ്‍സള്‍ട്ടിങ് സ്ഥാപനമായ റെഡ്സീര്‍ പറയുന്നു. ഓഫര്‍ തുടങ്ങി ആദ്യ 36 മണിക്കൂറില്‍ തന്നെ കഴിഞ്ഞ കൊല്ലത്തെ ആകെ വരുമാനം നേടാനായതായി ആമസോണ്‍ ഇന്ത്യ സിനീയര്‍ വൈസ് പ്രസിഡന്റ് അമിത് അഗര്‍വാള്‍ പറഞ്ഞു.  മികച്ച ഓഫറുകള്‍ക്കും ഇ കൊമേഴ്സ് കമ്പനികള്‍ പ്രഖ്യാപിച്ച ലോയല്‍റ്റി സ്കീമുകള്‍ക്കും പുറമെ, ചെറു നഗരങ്ങളിലും പട്ടണങ്ങളിലും ഉപഭോക്താക്കള്‍ കൂടിയതാണ് കമ്പനികള്‍ക്ക് അനുഗ്രഹമായത്. പേയ്മെന്റ് ബാങ്കുകളും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഓഫറുകളും ഉപഭോക്താക്കളെ ആകര്‍ഷിച്ചു. ബിഗ് ബില്യന്‍ ഡേയ്സ് എന്ന പേരില്‍ ആരംഭിച്ച ഓഫര്‍ വില്‍പനയില്‍ ഫ്ളിപ്കാര്‍ട്ട് വില പേശി ഉല്‍പന്നങ്ങള്‍ വാങ്ങാനും അവസരമൊരുക്കിയിരുന്നു. മൊബൈല്‍ ഫോണ്‍ വില്‍പനയായിരുന്നു മുന്നിട്ടുനിന്നത്. ആദ്യ മൂന്നുദിവസത്തിനുള്ളില്‍ തന്നെ 5,800 കോടിയോളം രൂപയുടെ ഫോണുകള്‍ വിറ്റുപോയി. കഴിഞ്ഞ വര്‍ഷം പതിനായിരത്തില്‍ താഴെ വിലയുള്ള ഫോണുകള്‍ക്കായിരുന്നു ആവശ്യക്കാരേറിയതെങ്കില്‍ ഇത്തവണ സ്ഥിതി മാറി. 

പ്രീമിയം സ്മാര്‍ട് ഫോണ്‍ വിഭാഗത്തിലും 15,000 രൂപവരെ വിലയുള്ളവയ്ക്കുമായിരുന്നു പ്രിയമേറെ. 1,224 കോടി രൂപയുടെ ഗൃഹോപകരണങ്ങളുടെ വില്‍പനയും 864 കോടി രൂപയുടെ ഫാഷന്‍ ഉല്‍പന്നങ്ങളുടെ വില്‍പനയും ഓഫറിന്റെ ആദ്യ ദിനങ്ങളി‍ല്‍ തന്നെ നടന്നു.  പ്രമുഖ ഇ കൊമേഴ്സ് കമ്പനികളെല്ലാം പത്താം തീയതി ഓഫര്‍ വില്‍പന ആരംഭിച്ചപ്പോള്‍ പേ ടിഎം മാള്‍ ഒന്‍പതിന് തുടങ്ങിയിരുന്നു. വില്‍പനയുടെ 75 ശതമാനവും ടയര്‍ 3, 4 പട്ടണങ്ങളില്‍ നിന്നായിരുന്നുവെന്ന് ഷോപ്ക്ലൂസ് അറിയിച്ചു. സ്നാപ്ഡീലിന്റെ ഓഫര്‍ വില്‍പനയില്‍ 38 ശതമാനം പുതിയ ഉപഭോക്താക്കളായിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി.

MORE IN BUSINESS
SHOW MORE