1500 കോടിയുടെ നിക്ഷേപവുമായി ടോറസ്; പദ്ധതി ഉദ്ഘാടനം ചെയ്തു

down-trivandrum
SHARE

ടെക്നോപാര്‍ക്കില്‍ 1500 കോടിരൂപയുടെ നിക്ഷേപവുമായി അമേരിക്കന്‍ കമ്പനിയായ ടോറസിന്റെ ഡൗണ്‍ടൗണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മെയ് മുതല്‍ ഡൗണ്‍ടൗണ്‍ പദ്ധതിയില്‍ ഐ.ടി കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങും. വന്‍കിട ഐ.ടി കമ്പനികളുമായുള്ള ചര്‍ച്ച അവസാനഘട്ടത്തിലാണെന്ന് ടോറസ് അധികൃതര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

2012ലെ എമര്‍ജിങ് കേരളയില്‍ വന്ന പദ്ധതിനിര്‍ദേശം ഒടുവില്‍ യാഥാര്‍ഥ്യമായി. അമേരിക്കയിലെ റിയല്‍ എസ്റ്റേറ്റ് പി.ഇ. സ്ഥാപനമായ ടോറസിന്റെ ഇന്ത്യയിലെ ആദ്യപദ്ധതിയാണ് ടെക്നോപാര്‍ക്കിന്റെ ഫേസ് ത്രീയില്‍ വരുന്ന ഡൗണ്‍ടൗണ്‍ എന്ന ഐ.ടി. ടൗണ്‍ഷിപ്പ്. പദ്ധതി വഴി മുപ്പതിനായിരം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

20 ഏക്കറാണ് ടോറസിന് അനുവദിച്ചിരിക്കുന്നത്. ഐ.ടി. ഓഫിസുകള്‍ക്ക് പുറമെ ഷോപ്പിങ് മാള്‍, 15 മള്‍ട്ടിപ്ലക്സ് തിയറ്ററുകള്‍, ഹോട്ടല്‍, സര്‍വീസ് അപ്പാര്‍ട്മെന്റുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ഏകജാലകസംവിധാനം വഴി കഴിഞ്ഞയാഴ്ചയാണ് പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇന്ത്യന്‍ കമ്പനിയായ എംബസി ഗ്രൂപ്പുമായി ചേര്‍ന്ന് പരിസ്ഥിതി സൗഹൃദമായ കെട്ടിടങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. ചെറിയകമ്പനികള്‍ക്ക് ഒരു മേശക്ക് ചുറ്റുമിരുന്ന് ജോലി ചെയ്യാന്‍ കഴിയുന്ന  കോ വര്‍ക്കിങ് സംവിധാനം കൊണ്ടുവരും. വീ വര്‍ക്ക് എന്ന രാജ്യാന്തര ഏജന്‍സിയുമായി ചേര്‍ന്നാണ് ഈ സൗകര്യം നല്‍കുന്നത്. ആറുമാസം കൊണ്ട് താല്‍ക്കാലിക കെട്ടിടങ്ങള്‍ തീര്‍ത്ത് ഐ.ടി കമ്പനികള്‍ക്ക് കൈമാറും. 

MORE IN BUSINESS
SHOW MORE