കഴക്കൂട്ടത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു; മേല്‍പ്പാലത്തിന് കരാര്‍

tvm-over-bridge
SHARE

കഴക്കൂട്ടത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു. കഴക്കൂട്ടത്ത് മേല്‍പ്പാലം നിര്‍മിക്കുന്നതിനുള്ള കരാര്‍ ആര്‍.ഡി.എസ്–സി.വി.സി.സി എന്ന സംയുക്തസംരംഭത്തിന് നല്‍കി. രണ്ടുമാസത്തിനകം മേല്‍പ്പാലത്തിന്റെ നിര്‍മാണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. 

ഏറ്റവും കുറഞ്ഞതുക രേഖപ്പെടുത്തിയ കമ്പനിയുടെ ടെന്‍ഡറാണ് ദേശീയപാത അതോറിറ്റി സ്വീകരിച്ചിരിക്കുന്നത്. ഭൂമിയേറ്റെടുക്കലടക്കം 356 കോടിരൂപ ചെലവുവരുന്നതാണ് മേല്‍പ്പാലം. രണ്ടുമാസത്തിനകം ഭൂമിയേറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകുമെന്നാണ് ദേശീയപാത അതോറിറ്റി പ്രതീക്ഷിക്കുന്നത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് സമീപത്തുതുടങ്ങി ടെക്നോപാര്‍ക്കിന് സമീപത്ത് അവസാനിക്കുന്ന നിര്‍ദിഷ്ട മേല്‍പ്പാലത്തിന് 2.71 കിലോമീറ്റര്‍ നീളവും 21 മീറ്റര്‍ വീതിയുമുണ്ടാകും. മുപ്പതുമീറ്ററുകള്‍ ഇടവിട്ട് നിര്‍മിക്കുന്ന അഞ്ച് പില്ലറുകള്‍ മേല്‍പ്പാലത്തെ താങ്ങിനിര്‍ത്തും. പാലത്തിന് താഴെയുള്ള പാതയ്ക്ക് 45 മീറ്റര്‍വീതിയുണ്ടാകും. ഒപ്പം രണ്ട് സര്‍വീസ് റോഡുകളും.  

കഴക്കൂട്ടം ജംഗ്ഷന്‍ മുതല്‍ പൊലീസ് സ്റ്റേഷന്‍ വരെയുള്ള ഭാഗത്താണ് ഇനി ഭൂമി ഏറ്റെടുക്കാനുള്ളത്. നിര്‍മാണത്തിനാവശ്യമായ സാധനസാമഗ്രികളും മറ്റും കരാറുകാര്‍ക്ക് ഒരുമാസത്തിനകം സമാഹരിക്കാനാകും. ടെക്നോപാര്‍ക്കിലേക്കുള്ള ഗതാഗതത്തെ ബാധിക്കാതെ ദേശീയപാതയിലൂടെ തടസമില്ലാത്ത ഗതാഗതം സാധ്യമാക്കുകയാണ് മേല്‍പ്പാലം നിര്‍മിക്കുന്നതിന്റെ ഉദ്ദേശം. കൊല്ലംഭാഗത്തു നിന്ന് ദേശീയപാതവഴി വരുന്ന വാഹനങ്ങള്‍ മേല്‍പ്പാലം വഴി പോകും. അല്ലാത്ത വാഹനങ്ങളും ടെക്നോപാര്‍ക്കിലേക്കുള്ള വാഹനങ്ങളും മേല്‍പ്പാലത്തിന് അടിയിലുള്ള റോഡിലൂടെ കടത്തിവിടുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. 

MORE IN BUSINESS
SHOW MORE