റവന്യൂനഷ്ടം കൂടാതെ തന്നെ സംസ്ഥാനങ്ങള്‍ക്ക് ഇന്ധന വില കുറയ്ക്കാനാകുമെന്ന് വിദഗ്ധർ

oil-price-t
SHARE

റവന്യൂനഷ്ടം കൂടാതെ തന്നെ സംസ്ഥാനങ്ങള്‍ക്ക് ഇന്ധന വില കുറയ്ക്കാനാകുമെന്ന് വിദഗ്ധര്‍. അതേസമയം, ഓരോ ലീറ്ററിനും ഒരു രൂപ വീതം കുറയ്ക്കാന്‍ ഇന്ധനക്കമ്പനികളോടാവശ്യപ്പെടുന്നത് കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്നും അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. 

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ്, എക്സൈസ് നികുതി ഒന്നര രൂപയും എണ്ണകമ്പനികള്‍ ഒരു രൂപയും വീതം കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തുനിഞ്ഞത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ വില്‍പന നികുതി കുറയ്ക്കാന്‍ തയ്യാറായിട്ടുമില്ല. എസ്ബിഐയുടെ ഗവേഷണ വിഭാഗത്തിന്റെ അഭിപ്രായപ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പെട്രോള്‍ ലീറ്ററിന് 4 രൂപ 60 പൈസവരെയും ഡീസലിന് 3 രൂപ 30 പൈസവരെയും കുറയ്ക്കാനാകും. നിലവിലെ വില വര്‍ധനയില്‍ നിന്ന് സംസ്ഥാനങ്ങള്‍ പതിമൂവായിരം കോടി രൂപയുടെ അധിക വരുമാനമാണ് നേടുന്നതെന്നും എസ്ബിഐ റിസേര്‍ച്ച് ചൂണ്ടിക്കാട്ടുന്നു. ക്രൂഡോയില്‍ ബാരലിന് 71 ഡോളറും രൂപയുടെ വിനിമയ നിരക്ക് 71 ഉം ആയിരുന്നപ്പോള്‍ സംസ്ഥാനങ്ങള്‍ ഇരുപത്തിമൂവായിരത്തി എഴുനൂറ് കോടിയുടെ അധിക ലാഭമാണ് നേടിയതെന്ന് എസ്ബിഐ പറയുന്നു. ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ ആദ്യമായി നടപടിയെടുത്തത് മഹാരാഷ്ട്രയാണ്. മൂല്യവര്‍ധിത നികുതി കുറച്ചതുവഴി, അധികമായി ലഭിക്കുമായിരുന്ന 2,250 കോടി രൂപയാണ് മഹാരാഷ്ട്ര വേണ്ടെന്നുവച്ചത്. അതേസമയം, ഓരോ ലീറ്ററിലും ഒരു രൂപ വീതം കുറയ്ക്കുന്നത് എണ്ണക്കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്ന് റേറ്റിങ് ഏജന്‍സി ഐസിആര്‍എയുടെ തലവന്‍ കെ.രവിചന്ദ്രന്‍ അഭിപ്രായപ്പെട്ടു. 9,000 കോടിയോളം രൂപയുടെ നഷ്ടമാണ് കമ്പനികള്‍ക്കുണ്ടാകുന്നത്. നിക്ഷേപകര്‍ എണ്ണക്കമ്പനി ഓഹരികള്‍ വിട്ടൊഴിയുന്നത് വിപണിക്കും തിരിച്ചടിയാകും. 

MORE IN BUSINESS
SHOW MORE