റിസര്‍വ് ബാങ്ക് വായ്പാ പലിശ ഉയര്‍ത്തിയേക്കുമെന്ന് വിദഗ്ധർ

rupee
SHARE

റിസര്‍വ് ബാങ്ക് വായ്പാ പലിശ ഉയര്‍ത്തിയേക്കുമെന്ന് റോയിട്ടേഴ്സിന്റെ സാമ്പത്തിക വിദഗ്ധരുടെ പാനല്‍. നാണ്യപ്പെരുപ്പം ഒരു പരിധിവരെ നിയന്ത്രണവിധേയമാണെങ്കിലും രൂപയ്ക്കുണ്ടാകുന്ന തിരിച്ചടി കണക്കിലെടുത്താണ് വിലയിരുത്തല്‍. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചത്ര ഉണ്ടാകില്ലെന്നും റോയിട്ടേഴ്സ് നടത്തിയ വോട്ടെടുപ്പില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

രണ്ടുമാസം മുന്‍പ് നടത്തിയ സര്‍വേയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ വിലയിരുത്തലാണ് 61 സാമ്പത്തിക വിദഗ്ധരടങ്ങിയ റോയിട്ടേഴ്സ് പാനല്‍ ഇത്തവണ നടത്തിയത്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദം വരെ റിസര്‍വ് ബാങ്ക്, വായ്പാനിരക്കുകള്‍ അതേപടി നിലനിര്‍ത്തിയേക്കുമെന്നായിരുന്നു കഴിഞ്ഞ പാനലിന്റെ വിലയിരുത്തല്‍. എന്നാല്‍ പാനലിലെ മൂന്നില്‍ രണ്ട് വിദഗ്ധരും ആര്‍ബിഐ റീപോ നിരക്ക് കൂട്ടുമെന്ന് ഇപ്പോള്‍ അഭിപ്രായപ്പെടുന്നു. 25 അടിസ്ഥാന നിരക്കുകള്‍ വര്‍ധിപ്പിച്ച് 6.75 ശതമാനമാക്കാനാണ് സാധ്യത. 50 അടിസ്ഥാന നിരക്കുകള്‍ വരെ ഉയര്‍ത്തിയേക്കുമെന്ന് അഭിപ്രായപ്പെട്ടവരും പാനലിലുണ്ട്. കഴിഞ്ഞ ജൂണിലും ഓഗസ്റ്റിലും ആര്‍ബിഐ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് തന്നെയാണ് നിരക്ക് വര്‍ധനയ്ക്ക് റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുന്നത്. ഇക്കൊല്ലം ഇതേവരെ 15 ശതമാനത്തോളം ഇടിഞ്ഞ രൂപ, ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കറന്‍സിയാണ്. അതേസമയം, സാമ്പത്തിക രംഗം മെച്ചപ്പെട്ടുനില്‍ക്കുന്നത് കേന്ദ്ര ബാങ്കിന് ആശ്വാസമാണ്. ഏഴുശതമാനം വളര്‍ച്ച കൈവരിക്കുന്ന സമ്പദ്‌വ്യവസ്ഥ, പക്ഷെ വരുന്ന പാദങ്ങളില്‍ അല്‍പം ഇടിയുമെന്നും റോയിട്ടേഴ്സ് പാനല്‍ അഭിപ്രായപ്പെടുന്നു. ക്രൂഡോയിലിന്റെ വിലയില്‍ ഇക്കൊല്ലം 20 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ആഭ്യന്തരോല്‍പാദനവുമായുള്ള കറന്‍റ് അക്കൗണ്ട് കമ്മി ഒരു കൊല്ലം മുന്‍പ് പോയിന്റ് 7 ശതമാനമായിരുന്നത് 1.9 ശതമാനമായി വര്‍ധിക്കാന്‍ ഇത് ഇടയാക്കി. സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടെ കമ്മി 2.8 ശതമാനമാകുമെന്നും വിലയിരുത്തുന്നുണ്ട്. 

MORE IN BUSINESS
SHOW MORE