രൂപയുടെ മൂല്യം അല്‍പം മെച്ചപ്പെട്ടു; ആവശ്യത്തിന് വിദേശനാണ്യ ശേഖരം ഇന്ത്യക്കുണ്ടെന്ന് വിദഗ്ധർ

INDIA-ECONOMY-CURRENCY-ANNIVERSARY
SHARE

രൂപയുടെ മൂല്യം ഇന്ന് അല്‍പം മെച്ചപ്പെട്ടു. വിനിമയത്തില്‍ ഒരു ഡോളറിന് 72 രൂപ 79 പൈസയായി. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ കഴിയുന്നത്ര വിദേശനാണ്യ ശേഖരം റിസര്‍വ് ബാങ്കിന്റെ പക്കലുണ്ടെന്ന് വിദഗ്ധര്‍. ലോകബാങ്ക് നിര്‍ദേശിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിദേശനാണ്യ ശേഖരം ഇന്ത്യയ്ക്കുണ്ടെന്നാണ് വിലയിരുത്തല്‍. 

ചരിത്രം തിരുത്തി രൂപയുടെ മൂല്യം താഴേക്കുപോകുമ്പോഴാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും നോമുറ ഹോള്‍ഡിങ്സ് ഇങ്കും പുതിയ വിലയിരുത്തലുമായെത്തുന്നത്. ഇരുവരുടെയും അഭിപ്രായത്തില്‍ ഏറ്റവും കുറഞ്ഞത് 2,500 കോടി ഡോളറെങ്കിലും കറന്‍സി എക്സ്ചേഞ്ചില്‍ വില്‍ക്കാന്‍ ആര്‍ബിഐയ്ക്കുകഴിയും. വില്‍പന നടത്തിയാലും പതിനായിരം കോടി ഡോളറിന്റെയെങ്കിലും വിദേശ നാണ്യശേഖരം അവശേഷിക്കുമെന്ന് നോമുറ അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ശക്തമായ വിദേശനാണ്യ ശേഖരമുള്ളത് ഇന്ത്യയ്ക്കാണെന്നാണ് നോമുറ പറയുന്നത്. ഏറ്റവും ചുരുങ്ങിയത് എട്ടുമാസത്തെ ഇറക്കുമതിക്കുള്ള നാണ്യ ശേഖരം ആര്‍ബിഐയുടെ പക്കലുണ്ട്. ലോകബാങ്ക് നിര്‍ദേശക്കുന്നത് പരമാവധി മൂന്നുമാസത്തെ ഇറക്കുമതിക്കുള്ള ശേഖരമാണ്. 

രാജ്യത്തെ സമ്പദ്ഘടനയുടെ പോരായ്മകളല്ല ഇപ്പോഴത്തെ രൂപയുടെ ഇടിവിന് കാരണമെന്ന് കേന്ദ്രം വിലയിരുത്തുന്നു. ക്രൂഡോയില്‍ വില കയറുന്നതുമൂലം വികസ്വരരാജ്യങ്ങളുടെയെല്ലാം കറന്‍സി ഇടിയുകയാണ്. അതിനാലാണ് പ്രത്യേക നടപടിളെടുക്കാന്‍ കേന്ദ്രം വിസമ്മതിക്കുന്നതും. അതേസമയം, കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 2460 കോടി ഡോളര്‍ വിറ്റ് റിസര്‍വ് ബാങ്ക് രൂപയെ താങ്ങി നിര്‍ത്തിയിരുന്നു. ജൂലൈയില്‍ വില്‍പന വെറും 109 കോടി ഡോളറിന്റേതായി കുറയ്ക്കുകയും ചെയ്തു. ഇറക്കുമതികള്‍ കുറച്ചും ആഭ്യന്തര കമ്പനികളുടെ ബോണ്ടുകളിറക്കിയും രൂപയുടെ മൂല്യം കൂട്ടാനുള്ള ശ്രമങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. 

MORE IN BUSINESS
SHOW MORE