നിക്ഷേപസാധ്യത തേടി സാംസങ്; തിരുവനന്തപുരത്ത് ദക്ഷിണകൊറിയന്‍ കമ്പനികളുടെ ബിസിനസ് മീറ്റ്

samsung-to-kerala
SHARE

കേരളത്തില്‍ നിക്ഷേപസാധ്യത തേടി സാംസങ് അടക്കമുള്ള വന്‍കിട ദക്ഷിണകൊറിയന്‍ കമ്പനികളുടെ ബിസിനസ് മീറ്റ് തലസ്ഥാനത്ത്. കേരളവും ശ്രീലങ്കയും ഉള്‍പ്പെടുന്ന വിനോദസഞ്ചാരമേഖല ലക്ഷ്യമാക്കിയുള്ള വിമാനസര്‍വീസിന് സാധ്യതയുണ്ടെന്ന് കൊറിയന്‍ എയര്‍ലൈന്‍ വെളിപ്പെടുത്തി. ഇന്ത്യയിലെ കൊറിയന്‍ സ്ഥാനപതി ഷിന്‍ ബോങ് കിലും വ്യവസായമന്ത്രി ഇ.പി.ജയരാജനും നിക്ഷേപസാധ്യതകള്‍ ചര്‍ച്ച ചെയ്തു. കേരളത്തിലേക്ക് നിക്ഷേപം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വര്‍ഷം തന്നെ കൊറിയ സന്ദര്‍ശിക്കുമെന്ന് ഷിന്‍ ബോങ് കില്‍ പറഞ്ഞു.

കൊറിയന്‍ കാരവന്‍ എന്ന പേരില്‍ രണ്ടുദിവസം കോവളത്ത് നടക്കുന്ന ബിസിനസ് ടു ബിസിനസ് മീറ്റില്‍ പങ്കെടുക്കുന്നതിനാണ് കൊറിയന്‍ സ്ഥാനപതിയുടെ നേതൃത്വത്തില്‍ 30 വന്‍കിട കമ്പനികളുടെ പ്രതിനിധികള്‍ എത്തിയത്. സാംസങ്, എല്‍ജി, ഹ്യുണ്ടായ്, കൊറിയന്‍ എയര്‍ലൈന്‍, ഹോസ്കോ, കൊറിയ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍, സാംസങ് ഹെവി ഇന്‍ഡസ്ട്രീസ് തുടങ്ങിയ വമ്പന്‍ കമ്പനികളാണ് കേരളത്തിലെ ബിസിനസ് സമൂഹവുമായുള്ള ബിടുബി കൂടിക്കാഴ്ചയ്ക്ക് എത്തിയത്. ബിസിനസ് മീറ്റിന് മുന്നോടിയായി കൊറിയന്‍ സ്ഥാനപതി വ്യവസായമന്ത്രി ഇ.പി.ജയരാജനുമായി ചര്‍ച്ച നടത്തി. ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍, ഐ.ടി, റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ്, അടിസ്ഥാനസൗകര്യവികസനം, കപ്പല്‍നിര്‍മാണം, ടൂറിസം, മെഡിക്കല്‍ ടൂറിസം എന്നീ മേഖലകളില്‍ കൊറിയന്‍ കമ്പനികള്‍ക്ക് നിക്ഷേപം നടത്താന്‍ അവസരമുണ്ടെന്ന് ഇ.പി.ജയരാജന്‍ കൊറിയന്‍ സ്ഥാനപതിയെ അറിയിച്ചു. ഈ മേഖലകളിലെ സാധ്യതകള്‍ പരിശോധിക്കുമെന്ന് കൊറിയന്‍ സ്ഥാനപതി പറഞ്ഞു.

നിലവില്‍ കൊറിയന്‍ എയര്‍ലൈനിന് കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ പദ്ധതിയില്ലെങ്കിലും കേരളവും ശ്രീലങ്കയും ഉള്‍പ്പെടുന്ന വിനോദസഞ്ചാരമേഖലയെ ഉദ്ദേശിച്ച് സര്‍വീസ് നടത്തുന്നതിന് സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യതലസ്ഥാനത്തുനിന്നുള്ള ദൂരവും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് കേരളത്തിന്റെ പരിമിതികള്‍. ബിസിനസ് ടു ബിസിനസ് മീറ്റില്‍ കരാറുകള്‍ ഒപ്പിടുന്നതിന് സാധ്യതയില്ലെന്നും കേരളത്തിന്റെ സാധ്യതകള്‍ മനസിലാക്കുകയാണ് ഉദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിനിധി സംഘം നേരത്തെ തന്നെ സന്ദര്‍ശിച്ചിരുന്നെന്നും ഈ വര്‍ഷം അദ്ദേഹം കൊറിയയില്‍ നിക്ഷേപം തേടി എത്തുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും സ്ഥാനപതി പറഞ്ഞു. പ്രകൃതിക്ഷോഭങ്ങളുടെ പേരില്‍ വിദേശരാജ്യങ്ങളുടെ ധനസഹായം വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാടെന്നും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ധനസഹായം നല്‍കാന്‍ ആലോചനയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

MORE IN BUSINESS
SHOW MORE