പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ല; രാജ്യത്തെ സേവനമേഖലയില്‍ ഇടിവ്

രാജ്യത്തെ സേവനമേഖലയില്‍ ഇടിവ്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാത്തതിനാല്‍ സേവനമേഖലയുടെ വളര്‍ച്ചാ സൂചിക, ഓഗസ്റ്റില്‍ 51.5ലേക്ക് താഴ്ന്നു. അതേസമയം, വ്യവസായക്ഷമത ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തി.

കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് കൂടിയതാണ് സേവനമേഖലയ്ക്ക് തിരിച്ചടിയായത്. പുതിയ നിയമനങ്ങള്‍ നടത്താന്‍ കമ്പനികള്‍ മടിച്ചതോടെ ജൂലൈയില്‍ 54.2 ആയിരുന്ന നിക്കേയ് ഇന്ത്യ ബിസിനസ് ആക്ടിവിറ്റി ഇന്‍ഡെക്സ്, ഓഗസ്റ്റില്‍ 51.5ലേക്ക് താഴ്ന്നു.  മൂന്നു മാസത്തിനിടയിലെ ഏറ്റവും കുറവ്, പുതിയ നിയമനങ്ങളാണ് ഓഗസ്റ്റിലുണ്ടായതെന്ന് സര്‍വെയില്‍ പറയുന്നു. എണ്ണവില കുതിച്ചുയര്‍ന്നതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് ഒന്‍പതുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലുമാണ്. എന്നാല്‍ രാജ്യത്ത് വ്യവസായക്ഷമത  കഴിഞ്ഞ മെയ്ക്കുശേഷം ഉയര്‍ന്ന നിലയിലേക്കെത്തിയെന്ന് സര്‍വെ വ്യക്തമാക്കുന്നു. വില്‍പന കൂടുമെന്ന പ്രതീക്ഷയെത്തുടര്‍ന്ന് വ്യവസായക്ഷമത മൂന്നുമാസത്തിനിടയിലെ ഉയര്‍ന്ന നിലവാരത്തിലാണ്. സാമ്പത്തിക രംഗത്തെ സംബന്ധിച്ചിടത്തോളം അനുകൂലകാലാവസ്ഥയെന്നാണ് സര്‍വെ സൂചിപ്പിക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ സാമ്പത്തിക രംഗം 8.2 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു.