അദാനിയുടെ വാക്ക് പാഴായി; ആയിരം ദിവസമായപ്പോളും വിഴിഞ്ഞം പാതിവഴിയിൽ

Vizhinjam-Port-Adani
SHARE

വിഴിഞ്ഞം തുറമുഖം നിര്‍മാണം തുടങ്ങി ആയിരം ദിവസമായപ്പോള്‍ പദ്ധതി പാതിവഴിയില്‍. കരാര്‍ പ്രകാരം 2019 ഡിസംബര്‍ 4നാണ് ആദ്യഘട്ടം പൂര്‍ത്തിയാകേണ്ടതെങ്കിലും ആയിരം ദിവസത്തിനകം ആദ്യഘട്ടം പ്രവര്‍ത്തനമാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞിരുന്നു. പാറലഭ്യതയിലെ തടസവും പ്രകൃതിക്ഷോഭങ്ങളുമാണ് തിരിച്ചടിയായതെന്നാണ് കമ്പനിയുടെ വിശദീകരണം.

2015 ഡിസംബര്‍ അഞ്ച്. അന്ന് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണോത്ഘാടനച്ചടങ്ങില്‍ അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി പ്രഖ്യാപിച്ചു. ആയിരം ദിവസം കൊണ്ട് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കും. 

ഇന്ന് ആയിരം ദിവസം പിന്നിടുമ്പോള്‍ പദ്ധതി പാതിവഴിയിലാണ്. 615 പൈലുകളില്‍ 377 എണ്ണമാണ് പൂര്‍ത്തിയായത്. കടല്‍ നികത്തിയെടുക്കാനുള്ളത് 50 ഹെക്ടറെങ്കില്‍ നികത്തിയത് 35 ഹെക്ടറാണ്. ഓഖിയില്‍ കേടുപാടുപറ്റിയ ഡ്രഡ്ജറുകള്‍ ഇതുവരെ നന്നാക്കാത്തതിനാല്‍ ഡ്രഡ്ജിങ് നടക്കുന്നില്ല. മൂന്നുകിലോമീറ്ററോളം വരുന്ന പുലിമുട്ടിന്റെ 650 മീറ്ററോളം മാത്രമാണ് നിര്‍മിച്ചത്. പാറക്ഷാമം മൂലം പുലിമുട്ട് നിര്‍മാണം നിലച്ചു. 18 ഓഫിസ് കെട്ടിടങ്ങളുടെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ ഓഖിയില്‍ പൈലുകളും 50 മീറ്ററോളം പുലിമുട്ടും തകര്‍ന്നു. 

കഴിഞ്ഞമാസം കടല്‍ക്ഷോഭത്തില്‍ പൈലിങ്  യൂണിറ്റിലേക്കുള്ള അപ്രോച്ച് പാലവും തകര്‍ന്നു. കരാറില്‍ പറഞ്ഞസമയത്ത് നിര്‍മാണം പൂര്‍ത്തിയാക്കാനാവില്ലെന്ന കമ്പനിയുടെ വാദം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. കൂടുതല്‍ ഡ്രഡ്ജറുകളും നിര്‍മാണസാമഗ്രികളുമെത്തിച്ച് പദ്ധതിയുടെ വേഗം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് കമ്പനിയും നടപ്പാക്കിയില്ല. 

ഒക്ടോബര്‍ അവസാനത്തോടെ മുതലപ്പൊഴിയില്‍ നിന്നും കൊല്ലത്തുനിന്നും ബാര്‍ജ് വഴി പാറ എത്തിക്കാനാകുമെന്നും നിര്‍മാണത്തിന് ഗതിവേഗമേറുമെന്നും അദാനി ഗ്രൂപ്പ് പറയുന്നു. ഒക്ടോബറോടെ പ്രതിദിനം പതിനായിരം ടണ്‍ പാറ എത്തിക്കാമെന്നാണ് പ്രതീക്ഷ. 

MORE IN BUSINESS
SHOW MORE