കൊച്ചി സെസിന് റെക്കോര്‍ഡ് നേട്ടം; കയറ്റുമതി വര്‍ദ്ധിച്ചത് 834 ശതമാനം

cochin-sez
SHARE

രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലകളില്‍ കൊച്ചി സെസിന് റെക്കോര്‍ഡ് നേട്ടം. കഴിഞ്ഞ മാസത്തെ കയറ്റുമതി, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 834 ശതമാനം വര്‍ധിച്ചു. എട്ടു സെസുകളില്‍ മുന്നില്‍ നില്‍ക്കുന്നതും കൊച്ചിയാണ്. 2017 ജൂലൈയില്‍ 590 കോടിരൂപയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാണ് കാക്കനാട്ടുള്ള സെസില്‍ നിന്ന് കയറ്റി അയച്ചത്. ഇക്കൊല്ലം അത് 5009 കോടി രൂപയുടേതായി വര്‍ധിച്ചു. 834 ശതമാനം വര്‍ധന. ഏപ്രില്‍ മുതല്‍ ജൂലൈവരെയുള്ള നാലുമാസങ്ങളിലെ ആകെ കയറ്റുമതിയും കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് 92 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

രണ്ടാം സ്ഥാനത്തുനില്‍ക്കുന്ന ഇന്‍ഡോര്‍ സെസിന് 48 ശതമാനം മെച്ചപ്പെടുത്താനേ കഴിഞ്ഞുള്ളൂ. ഈ കാലയളവില്‍ സെസുകളുടെ ആകെ കയറ്റുമതി വര്‍ധന മുപ്പതുശതമാനവും. വിശാഖപട്ടണം പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പ്രകടനം മെച്ചപ്പെടുത്താനുമായിട്ടില്ല. നാലു മാസങ്ങളില്‍, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2017ലെ ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള നാലുമാസങ്ങളില്‍ കൊച്ചി സെസില്‍ നിന്ന് 23,549 കോടി രൂപയുടെ സോഫ്റ്റ്‌വെയറാണ് കയറ്റുമതി ചെയ്തത്. ഇക്കൊല്ലം ഇത് 5,894 കോടി വര്‍ധിച്ച് 29,443 കോടിയുടേതായി. മൂല്യവര്‍ധിത ഉല്‍പന്നകയറ്റുമതിയാകട്ടെ 2,245 കോടിയില്‍ നിന്ന് 20,177 കോടിയുടേതായി. 17,932 കോടിയുടെ വര്‍ധന. നാലുമാസങ്ങളിലെ ആകെ കയറ്റുമതി 25,794 കോടിയില്‍ നിന്ന് 49,620 കോടിയുടേതായി. 23,826 കോടിയുടെ വര്‍ധന. 

8 പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിന്നും കൂടി ആകെ കയറ്റുമതി ഒരു ലക്ഷത്തി അറുപത്തിമൂവായിരം കോടിയില്‍ നിന്ന് രണ്ടുലക്ഷത്തി പതിനോരായിരം കോടിയായി. യുഎഇ ആണ് രാജ്യത്തെ സെസുകളുടെ മുഖ്യ വിപണി. ഇസ്രയേല്‍, ചൈന, നെതര്‍ലന്റ്സ്, ദക്ഷിണാഫ്രിക്ക, സ്പെയിന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കും, പ്രത്യേകസാമ്പത്തിക മേഖലകളില്‍ നിന്ന് കയറ്റുമതിയുണ്ട്. 

MORE IN BUSINESS
SHOW MORE