പ്രളയം: ഇന്ധനക്ഷാമം നേരിടാൻ ക്രൂഡ് ഓയിലുമായി കപ്പലുകൾ

ship
SHARE

പ്രളയത്തെ തുടര്‍ന്നുണ്ടായ ഇന്ധനക്ഷാമം നേരിടാന്‍ അന്‍പതിനായിരം മെട്രിക് ടണ്‍ ക്രൂഡ് ഒായില്‍ കൊച്ചിയിലെത്തി. ദുരിതാശ്വാസക്യാംപുകളിലേക്ക് കുടിവെള്ളമടക്കമുള്ള അവശ്യവസ്തുക്കുളമായി രാജ്യത്തെ വിവിധ തുറമുഖങ്ങളില്‍ നിന്ന് കൂടുതല്‍ കപ്പലുകളും കൊച്ചിയിലെത്തി തുടങ്ങി. മരുന്നുകള്‍ കേട് കൂടാതെ സൂക്ഷിക്കാന്‍ വെല്ലിങ് ടണ്‍ ഐലന്‍ഡിലെ മൂന്ന് വെയര്‍ഹൗസുകള്‍ ജില്ലാ ഭരണകൂടത്തിന് നല്‍കുമെന്ന് പോര്‍ട് ട്രസ്റ്റ് ചെയര്‍മാന്‍ എ.വി. രമണ മനോരമ ന്യൂസിനോട് പറഞ്ഞു. 

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഭൂരിഭാഗം പെട്രോള്‍ പമ്പുകളിലേയും ഇന്ധന ശേഖരം നശിച്ചിരുന്നു. വൈദ്യുതി ബന്ധം കൂടി നിലച്ചതോടെ ദുരിതാശ്വാസക്യാംപുകളിലെ ജനറേറ്ററുകളും മറ്റും പ്രവര്‍ത്തിപ്പിക്കാന്‍ അമിതമായി തോതില്‍ ഇന്ധനവും ആവശ്യമായി വന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമായത്. മുൈബ ബിപിസിഎല്‍ റിഫൈനറിയില്‍ നിന്നാണ് കൊച്ചിന്‍ റിഫൈനറിയിലേക്ക് അധികമായി അന്‍പതിനായിരം മെട്രിക് ടണ്‍ ക്രൂഡ് ഒായില്‍ എത്തിച്ചത്.

വിവിധ തുറമുഖങ്ങളില്‍ നിന്നുള്ള ദുരിതാശ്വാസ സാമഗ്രികള്‍ തൂത്തുക്കുടിയില്‍ എത്തിച്ച് തൂത്തുകുടി തുറമുഖത്ത്  നിന്നാണ് കപ്പലുകള്‍ കൊച്ചിയിലെത്തുന്നത്. ദുരിതാശ്വാസ സാമഗ്രികളുമായെത്തുന്ന കപ്പലുകള്‍ക്കായി മൂന്ന് ബര്‍ത്തുകളാണ് നീക്കിവച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിക്കുന്ന മരുന്നുകള്‍ സൂക്ഷിക്കാനും കൊച്ചി പോര്‍ട് ട്രസ്റ്റ് സൗകര്യമൊരുക്കി. 

ദുരിതാശ്വാസ ക്യാംപുകളിലേക്കായി കൊച്ചി തുറമുഖത്തെത്തക്കുന്ന അവശ്യവസ്തുക്കളുടെ വിതരണത്തിന്റെ മേല്‍നോട്ടവും പോര്‍ട്ട് ട്രസ്റ്റ് തന്നെ ഏറ്റെടുത്തിട്ടുണ്ട്.  

MORE IN BUSINESS
SHOW MORE