സാമ്പത്തിക പ്രതിസന്ധി അടുത്ത ബജറ്റിനെയും ബാധിക്കും; മുന്നറിയിപ്പുമായി ധനവകുപ്പ്

kerala-budget
SHARE

സാമ്പത്തിക പ്രതിസന്ധി അടുത്ത ബജറ്റിനെയും ബാധിക്കുമെന്ന സൂചനയുമായി ധനവകുപ്പിന്റെ സര്‍ക്കുലര്‍. അടുത്ത ബജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് ചെലവ് ചുരുക്കാനുള്ള നിര്‍ദേശങ്ങളുള്ളത്. പുതുക്കിയ എസ്റ്റിമേറ്റ്, ബജറ്റ് എസ്റ്റിമേറ്റിലും കൂടരുതെന്ന് സര്‍ക്കുലറിലുണ്ട്. സര്‍ക്കുലറിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.

അടുത്ത ബജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ക്ക് ധനവകുപ്പ് നല്‍കിയ സര്‍ക്കുലറാണ് സാമ്പത്തിക ഞെരുക്കം തുടരുമെന്ന് വ്യക്തമാക്കുന്നത്. സാമ്പത്തിക പരിമിതി തുടരുന്ന സാഹചര്യത്തില്‍ വകുപ്പുകള്‍ സമര്‍പ്പിക്കുന്ന പുതുക്കിയ എസ്റ്റിമേറ്റ് നിലവിലെ ബജറ്റ് എസ്റ്റിമേറ്റിലും കൂടരുതെന്നാണ് നിര്‍ദേശം.

പദ്ധതികളുടെ വലിപ്പം കുറയ്ക്കാന്‍ വകുപ്പുമേധാവികള്‍ ശ്രമിക്കണം. ഉപേക്ഷിക്കുന്ന പദ്ധതികളില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ പട്ടിക പ്രത്യേകം തയ്യാറാക്കണം. ഇവരെ പുനര്‍വിന്യസിക്കുന്നതിനാണ് ഈ നിര്‍ദേശം.

നിലവിലെ പദ്ധതികള്‍ സൂക്ഷ്മമായി പരിശോധിച്ച് തുടരേണ്ടവ ഏതൊക്കെ എന്ന് വ്യക്താക്കണം. സാമ്പത്തികവര്‍ഷത്തെ ആദ്യനാലുമാസക്കാലത്തെ ചെലവിന്റെ പുരോഗതി കൂടി പരിഗണിച്ച ശേഷമേ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാവൂ എന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

അടുത്ത വര്‍ഷത്തേക്കുള്ള പദ്ധതി ചെലവിന്റെ നിര്‍ദേശം ഈ മാസം 31ന് മുമ്പും പദ്ധതിയിതര ചെലവിന്റെ നിര്‍ദേശം 21ന് മുമ്പും സമര്‍പ്പിക്കണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കുന്ന ബജറ്റായിരുന്നു കഴിഞ്ഞതവണ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. ഇത്തവണത്തെ ബജറ്റും ചെലവ് നിയന്ത്രിക്കുന്നതിന ്ഊന്നല്‍ നല്‍കുമെന്ന വ്യക്തമായ സൂചനയാണ് സര്‍ക്കുലര്‍ നല്‍കുന്നത്. 

MORE IN BUSINESS
SHOW MORE