നികുതിപരിഷ്കരണം; നാൽപ്പതോളം ഇനങ്ങളുടെ നികുതി കുറയും

ibw-gst-t
SHARE

നാല്‍പതോളം ഇനങ്ങളുടെ നികുതി ഇനിയും കുറച്ചേക്കും. പരോക്ഷ നികുതി സമ്പ്രദായം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണിത്. ശനിയാഴ്ചയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം. 

സാനിറ്ററി നാപ്കിനുകള്‍, ഹാന്‍ഡ്‌ലൂം, കരകൗശല ഉല്‍പന്നങ്ങള്‍ എന്നിവയെ കുറഞ്ഞ നികുതി സ്ലാബിലേക്ക് കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ ഉല്‍പന്നങ്ങള്‍ നികുതി ഘടനയ്ക്ക് കീഴിലാകുമ്പോള്‍, ഇത്തരം ഉല്‍പന്നങ്ങളുടെ നികുതി കുറയ്ക്കുന്നത് വരുമാനത്തില്‍ കാര്യമായ കുറവുണ്ടാക്കില്ലെന്നാണ് വിലയിരുത്തുന്നത്. യുക്തമായ രീതിയില്‍ നികുതി പരിഷ്കരിക്കുമെന്ന് ധനമന്ത്രി പീയൂഷ് ഗോയല്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിനോടകം 328 ഉല്‍പന്നങ്ങളുടെ നികുതി ജിഎസ്ടി കൗണ്‍സില്‍ കുറച്ചിരുന്നു. 

അതേസമയം, 28 ശതമാനം നികുതിയുള്ള സ്ലാബില്‍ ഉള്‍പ്പെട്ടിരിക്കുന്ന ചില ഉല്‍പന്നങ്ങള്‍ക്ക് പ്രതീക്ഷിച്ചത്ര നികുതി കുറയാന്‍ സാധ്യതയില്ല. വരുമാനം സംബന്ധിച്ച് കേന്ദ്ര –സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ധാരണയിലെത്തേണ്ടതിലാനാണിത്. 49 ഉല്‍പന്നങ്ങളാണ് നിലവില്‍ 28 ശതമാനം നികുതി സ്ലാബിലുള്ളത്. 5, 12, 18, 28 എന്നിങ്ങനെ നാല് നികുതി സ്ലാബുകളാണ് ജിഎസ്ടിയിലുള്ളത്. ഇതിനുപുറമെ  സ്വര്‍ണത്തിനും മറ്റ് വിലകൂടിയ കല്ലുകള്‍ക്കും മൂന്നുശതമാനം നികുതിയുമുണ്ട്.

നികുതി കുറയ്ക്കുന്നതിനുപുറമെ, ജിഎസ്ടിയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പരിഷ്കരണവും ശനിയാഴ്ച ചേരുന്ന ഇരുപത്തിയെട്ടാമത് കൗണ്‍സില്‍ യോഗം പരിഗണിച്ചേക്കും. പരോക്ഷ നികുതി സമ്പ്രദായം പരിഷ്കരിക്കുന്നതും ജിഎസ്ടി നടപ്പാക്കല്‍ ലഘൂകരിക്കുന്നതുമുള്‍പ്പെടെ 46 വിഭാഗങ്ങളിലെ നിയമപരിഷ്കരണമാണ് പരിഗണിക്കുക. 

MORE IN BUSINESS
SHOW MORE