ഉപഭോക്താക്കളുടെ ഡാറ്റയില്‍ കമ്പനികള്‍ക്ക് അധികാരമില്ലെന്ന് ട്രായ്

trai
SHARE

ടെലികോം കമ്പനികള്‍ ശേഖരിക്കുന്ന ഉപഭോക്താക്കളുടെ ഡാറ്റയില്‍ കമ്പനികള്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി. ഡാറ്റ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും കമ്പനികള്‍ ഉപഭോക്താക്കളുടെ സമ്മതം വാങ്ങിയിരിക്കണമെന്നും ട്രായ് വ്യക്തമാക്കി. 

ഡാറ്റയുടെ സ്വകാര്യത സംബന്ധിച്ച് സുപ്രധാനമായ നിര്‍ദേശങ്ങളാണ് ട്രായ് നല്‍കിയിരിക്കുന്നത്. ഡാറ്റയില്‍ കമ്പനികള്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് വ്യക്തമാക്കിയ ട്രായ്, ഇത്തരം ഡാറ്റ മറവിയില്‍ സൂക്ഷിച്ചുവയ്ക്കേണ്ടതാണെന്നും അഭിപ്രായപ്പെട്ടു. ശേഖരിക്കുന്ന വിവരങ്ങള്‍ മറവിയില്‍ സൂക്ഷിക്കുക എന്ന രീതി ഇതാദ്യമായാണ് രാജ്യത്ത്, ഏതെങ്കിലുമൊരു റെഗുലേറ്ററി അതോറിറ്റി ഊന്നിപ്പറയുന്നത്. തന്നെക്കുറിച്ചുള്ള പഴയ വിവരങ്ങളോ, ഫോട്ടോകളോ, കോള്‍ റെക്കോര്‍ഡുകളോ, വിഡിയോകളോ നീക്കം ചെയ്യാന്‍ ഉപഭോക്താവിനുതന്നെ അധികാരം നല്‍കുന്നതാണ് ഇത്.  

നിലവില്‍, ഡാറ്റ സംരക്ഷിക്കാനുള്ള ടെലികോം കമ്പനികളുടെ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനായി കമ്പനികള്‍ മെറ്റ–ഡാറ്റാ സംവിധാനം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ട്രാഡ് ടെലികോം വകുപ്പിന് നിര്‍ദേശം നല്‍കി. ടെലികോം ഉപകരണങ്ങള്‍, ഓപറേറ്റിങ് സംവിധാനങ്ങള്‍, ആപ്ലിക്കേഷനുകള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നയം പ്രഖ്യാപിക്കണം. ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും ഡാറ്റ സംരക്ഷണ നയത്തിന് പരിധിയില്‍ കൊണ്ടുവരണം. കമ്പനികള്‍ക്ക് നല്‍കുന്ന വിവരങ്ങളേതൊക്കെയെന്ന് തിരഞ്ഞെടുക്കാനും, ഡാറ്റകള്‍ കൈമാറ്റം ചെയ്യാനും ഒക്കെയുള്ള പൂര്‍ണാധികാരണം ഉപഭോക്താവിനായിരിക്കും.

ഏതെങ്കിലും വിധത്തില്‍ ഡാറ്റ ചോര്‍ത്തപ്പെടുകയാണെങ്കില്‍ അത് ഉപഭോക്താവിനെ അറിയിക്കാന്‍ കമ്പനികള്‍ക്ക് ബാധ്യതയുണ്ട്. ഇതിനെതിരായ പരിഹാര നടപടികള്‍ സഹിതം പ്രസിദ്ധപ്പെടുത്തണമെന്നാണ് ട്രായ്‌യുടെ 77 പേജുള്ള നിര്‍ദേശങ്ങളില്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത്. വിവാദമായ ഫേസ്ബുക്ക് ഡാറ്റ ചോര്‍ത്തലിന്റെ  പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യമര്‍ഹക്കുന്നതാണ് ട്രായ്‌യുടെ പുതിയ നിര്‍ദേശങ്ങള്‍. 

MORE IN BUSINESS
SHOW MORE