വയനാട്ടില്‍ നിന്ന് ഇതാ കാർഷിക ലോകത്തെ ഈ നിശബ്ദ വിപ്ലവം

Thumb Image
SHARE

കൃഷിയിലൂടെ കർഷകരുടെയും അവരുടെ കുടുംബങ്ങളുടെയും, സമൂഹത്തിന്റെയും, ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനം. കർഷകർക്കു വേണ്ടി ഇവർ ചെയ്യുന്ന പ്രവർത്തനങ്ങൾ മാതൃകയാക്കാൻ വിദേശ രാജ്യങ്ങളിൽ നിന്ന് പോലും ഇന്ന് ആളുകളെത്തുന്നു. കാർഷിക ലോകത്തെ ഈ നിശബ്ദ വിപ്ലവം അറിയാം ഇന്ന് .

പ്രകൃതിയുടെ ഹരിതാഭ സൗന്ദര്യവും അനുഗ്രഹീതമായ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും കൊണ്ട് സമ്പന്നമാണ് ഈ നാട് ... വയനാട്. സമുദ്ര നിരപ്പിൽ നിന്നും 2700 അടി ഉയരത്തിൽ, പശ്ചിമഘട്ട മലനിരകൾക്കിടയിലാണ് ഈ കാർഷിക ജില്ല. പൂർവ്വ കാലത്ത് വയൽനാടായിരുന്ന ഈ ദേശം പിന്നീട് വയനാടായെങ്കിലും പ്രദേശത്തിന്റെ കീർത്തി നൂറ്റാണ്ടുകൾക്കു മുമ്പേ കറുത്ത പൊന്നിലൂടെ കടൽ കടന്നതാണ്. ആദിവാസികളുടെയും കർഷകന്റെയും മണ്ണായിരുന്നതുകൊണ്ട് തന്നെ സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നോക്കാവസ്ഥയിൽ കൂടിയാണ് 1980 ൽ രൂപികൃതമായ ഈ ജില്ല . 

വയനാട് ജില്ല രൂപികരിക്കുന്നതിനും മുൻപ് 1974ൽ കത്തോലിക്ക സഭ മാനന്തവാടി ആസ്ഥാനമാക്കി രൂപത സ്ഥാപിച്ചു. നല്ല മണ്ണും, ജീവിക്കാൻ മാർഗവും തേടി മധ്യതിരുവിതാംകൂറിൽ നിന്ന് കുടിയേറ്റം വ്യാപകമായ സമയമായിരുന്നു അത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ, '

മാരക രോഗങ്ങൾ, ദാരിദ്രം, പട്ടിണി.... ഇങ്ങനെ മണ്ണിനെ കീഴടക്കാൻ വന്ന മനുഷ്യൻ തളർന്നു മരിച്ചു വീഴുന്ന അവസ്ഥ... പ്രതിസന്ധികളുടെ നിലയില്ലാ കയത്തിൽ വയനാടിന്റെ മക്കൾ നട്ടം തിരിഞ്ഞു കൊണ്ടിരുന്ന ഈ സാഹചര്യത്തിലേക്കാണ് പുതിയ രൂപത പിറവിയെടുക്കുന്നത്. ജാതി മത ലിംഗ വർണ്ണ ഭേദമില്ലാതെ ജനങ്ങളെ ഈ തകർച്ചയിൽ നിന്ന് താങ്ങി നിർത്തുവാനും ഒരു കൈ സഹായമാകുവാനും മാനന്തവാടി രൂപത, സ്ഥാപിതമായ വർഷം തന്നെ രൂപതയുടെ ഔദ്യോഗിക സാമൂഹ്യ സേവന വിഭാഗം ആരംഭിച്ചു. അതാണ് WSS എന്നറിയപ്പെടുന്ന വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി.

NGO ആയി രജിസ്റ്റർ ചെയ്ത WSS, വയനാട്ടിൽ മാത്രമല്ല രൂപതയുടെ പരിധിയിലുള്ള പശ്ചിമഘട്ടത്തോട് ചേർന്ന പ്രദേശങ്ങളായ മലപ്പുറം ജില്ലയിലെ നിലമ്പൂർ, കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, കർണ്ണാടകയിലെ 5 ജില്ലകൾ, കൂടാതെ തമിഴ്നാട്ടിലെ നീലഗിരി പ്രദേശങ്ങളിലും പ്രവർത്തന മേഖല വ്യാപിപ്പിച്ചു. കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന പ്രദേശത്തെ ജനങ്ങളുടെ സാമൂഹ്യ സാമ്പത്തിക അഭിവൃദ്ധിയായിരുന്നു WSS ന്റെ ലക്ഷ്യം. 

പട്ടിണിയിലായ കുടുംബങ്ങൾക്ക്, പ്രേത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും പോഷകമൂല്യമുള്ള ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമങ്ങളായിരുന്നു WSS ആദ്യം ആരംഭിച്ചത്. 70കളിൽ ജില്ലയിൽ മുതിർന്നവരുടെ സാക്ഷരത ഏറെ പിറകിലാണ് എന്ന് തിരിച്ചറിഞ്ഞ്, WSS തിരുനെല്ലി പഞ്ചായത്തിൽ സാക്ഷരത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ജില്ല മുഴുവനും വ്യാപിപ്പിക്കുകയും ചെയ്തു. സർക്കാർ സാക്ഷരത പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ ആരംഭിക്കുന്നതിനും വളരെ മുമ്പേ ആയിരുന്നു ഇത്. അക്കാലത്ത് തന്നെ സ്ത്രീകളുടെ ശാക്തീകരണവും സംരഭകത്വവും സമ്പാദ്യ ശീലവും ലക്ഷ്യമിട്ട് SHG അഥവാ Self help groupകളും പുരുഷൻമാർക്കായി ക്രെഡിറ്റ് യൂണിയനുകളും WSS ആരംഭിച്ചിരുന്നു. ഇന്ന് സംസ്ഥാനത്തിന്റെ അഭിമാനമായ കുടുംബശ്രീ, ജനശ്രീ പോലുള്ള പ്രസ്ഥാനങ്ങൾ തുടങ്ങാൻ പ്രചോദനമായ പ്രവർത്തനമായിരുന്നു ഇത്. ആയുർവേദത്തിലും പാരമ്പര്യ ചികൽസകളിലും ഉപയോഗിക്കുന്ന പശ്ചിമഘട്ടത്തിൽ തന്നെ അപൂർവ്വമായി മാറി കൊണ്ടിരിക്കുന്ന, ഔഷധ സസ്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടി മാനന്തവാടി ബോയ്സ് ടൗണിൽ 5 ഏക്കറോളം സ്ഥലത്ത് WSS ഔഷധസസ്യ തോട്ടവും മരുന്ന് ഉൽപാദന യൂണിറ്റും ആരംഭിച്ചു. കൂടാതെ SHG കളിൽ പരിശീലനം നൽകിയതു വഴി, സ്ത്രീകൾ വീടുകളിൽ തന്നെ ഔഷധ സസ്യങ്ങൾ വളർത്തി അവശ്യമരുന്നുകളുടെ ഉൽപാദനവും വിപണനവും അക്കാലത്ത് തന്നെ തുടങ്ങി. കാർഷിക മേഖലയുടെ വളർച്ചക്കു വേണ്ട പ്രവർത്തനങ്ങളായിരുന്നു പിന്നീട് WSS നടപ്പിലാക്കിയത്.

2000 കാലഘട്ടം . WSS ന്റെ ചരിത്രത്തിൽ നിർണായകമായ ഗതി മാറ്റം സംഭവിച്ച ഒരു സമയമായിരുന്നു അത്. 99 മുതൽ 2004 വരെയുള്ള കാലഘട്ടത്തിൽ ഏകദേശം 2000 ത്തോളം കർഷകരാണ് വയനാട് ജില്ലയിൽ മാത്രം ആത്മഹത്യ ചെയ്തത്. വയനാട്ടിലെ ജനങ്ങൾക്കു വേണ്ടി, കർഷകർക്കു വേണ്ടി നിലകൊള്ളുന്ന WSS ന് മാറി നിൽക്കാനാവുമായിരുന്നില്ല ഈ സാഹചര്യത്തിൽ. 

1999 മുതൽ 2004 വരെയുള്ള വർഷങ്ങളിലെ മിക്ക ദിവസങ്ങളിലെ പുലരികളിലും വീട്ടുമുറ്റത്തെത്തുന്ന പത്രങ്ങളിൽ സ്ഥിരമായി വരുന്നൊരു വാർത്തയായി മാറി വയനാട്ടിലെ കർഷക ആത്മഹത്യകൾ . ഇടത്തരക്കാരായ കർഷകരാണ് കടബാധ്യതകളിലും കൃഷി നഷ്ടങ്ങളിലും പിടിച്ചു നിൽക്കാനാവാതെ കൂടുതലും ആത്മഹത്യ ചെയ്തത്. ദേശീയ തലത്തിൽ പോലും ചർച്ച ചെയ്യപ്പെട്ടിട്ടും യഥാർത്ഥ പ്രശ്നങ്ങൾക്കുള്ള പരിഹാരം കാണാൻ ആർക്കുമായില്ല. വയനാടിന്റെയും കർഷകരുടെയും ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന WSS ന് ഈ ഒരു ഘട്ടത്തിൽ ഇടപെടാതിരിക്കാൻ ആവുമായിരുന്നില്ല. ആത്മഹത്യ ചെയ്തവരുടെ കുടുംബാംഗങ്ങളെയും ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നവരെയും കണ്ടെത്തി സാന്ത്വന നടപടികളിലൂടെയും കൗൺസിലിങ്ങിലൂടെയും ആശ്വസിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു ആദ്യഘട്ടം. തുടർന്ന് കർഷക ആത്മഹത്യയുടെ യഥാർത്ഥ പ്രശ്നങ്ങളും കാരണങ്ങളും തേടി കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ പ്രദേശത്ത് പഠനം നടത്തി WSS. കടബാധ്യതകളും കൃഷി നഷ്ടവും ഒറ്റനോട്ടത്തിലുള്ള കാരണങ്ങളായിരുന്നെങ്കിലും അതിലേക്ക് വഴിവച്ചത് മറ്റു പലതുമായിരുന്നു . കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവ്, കാലാവസ്ഥ വ്യതിയാനം, നാട് നേരിട്ട അതിരൂക്ഷമായ വരൾച്ച, കുരുമുളകിന് വന്ന ദ്രുതവാട്ടം, മഞ്ഞളിപ്പ് തുടങ്ങിയ രോഗങ്ങൾ, വയലുകളിലെ കൃഷി പരാജയങ്ങൾ തുടങ്ങിയവയെല്ലാം കർകന് കൃഷിയിലൂടെ അധോഗതിയും ആത്മഹത്യയുമാണ് തിരികെ നൽകിയത്. ഈ പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം മണ്ണിന്റെ വിശദ പരിശോധനയിലൂടെ കണ്ടെത്തിയത് ഏറെ ഞെട്ടിപ്പിക്കുന്നതായിരുന്നു.

ഹരിത വിപ്ലവത്തിലുടെ ഉൽപ്പാദനം കൂട്ടാനായി രാജ്യം ശ്രമിച്ചപ്പോൾ മറുവശത്ത് നഷ്ടപ്പെട്ടത് മണ്ണിന്റെ സ്വഭാവികതയിലും ഘടനയിലും ജൈവികതയിലും വന്ന മാറ്റമാണ്. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗത്തിലുടെ മണ്ണ് വരണ്ടതായി. ജലാംശം പിടിച്ചു നിർത്താനുള്ള മണ്ണിന്റെ സ്വഭാവിക കഴിവ് നഷ്ടപ്പെട്ടു . മണ്ണിന്റെ ജൈവ സ്വഭാവം സംരക്ഷിക്കുന്ന മണ്ണിരകളും സൂക്ഷ്മജീവികളും മണ്ണിൽ ഇല്ലാതായി. ജൈവപാരിസ്ഥിതിക സന്തുലനം നഷ്ടപ്പെട്ട് ഞണ്ടും തവളയും കുറുക്കനുമെല്ലാം നാട്ടിൽ നിന്ന് അപ്രത്യക്ഷമായി. എന്തിനേറെ വിദൂര ഭാവിയിൽ മരുവൽക്കരണത്തിലേക്ക് പോലും വയനാട് എത്തിപ്പെടാമെന്നായിരുന്നു പഠനത്തിന്റെ കണ്ടെത്തൽ.

കർഷകന് കൃഷി നാശവും, നഷ്ടവും , അതുമൂലം കടബാധ്യതയും വന്ന് ആത്മഹത്യയിലേക്ക് നീങ്ങേണ്ടി വന്നതിന്റെ മൂലകാരണമായിരുന്നു ഈ പ0ന റിപ്പോർട്ട്. പ്രശ്നങ്ങൾക്കുള്ള അടിസ്ഥാന പരിഹാര മാർഗം ജൈവ കൃഷിയിലേക്കുള്ള ചുവടുമാറ്റം മാത്രമായിരുന്നു.

കാപ്പി, കുരുമുളക്, നെല്ല്, വാഴ, ഇഞ്ചി, കമുക് ഇങ്ങനെ വിള ഏത് കൃഷി ചെയ്താലും കുറച്ച് കഴിയുമ്പോൾ കൃഷി നശിക്കുന്ന അവസ്ഥ. ഏത് വിള, എങ്ങനെ കൃഷി ചെയ്യണമെന്നറിയാതെ ആശങ്കയിലായി കർഷകർ. ജില്ലയിലെ 23 പഞ്ചായത്തുകളിലും 3 മുൻസിപ്പാലിറ്റികളിലും WSS ഓരോ പ്രതിനിധിയെ നിയമിച്ചു. ജൈവകൃഷിയിലേക്ക് മാറാൻ കർഷകർക്ക് പ്രേരണയും ബോധവൽക്കരണവും നൽകുന്നതിനു വേണ്ടി.  കർഷകൻ, നല്ല കർഷകനായി നിലനിൽക്കണമെങ്കിൽ ശരിയായ, സുസ്ഥിര കാർഷിക സംവിധാനങ്ങളെ കുറിച്ച് അറിവും, പരിശീലനവും, സാമ്പത്തിക പിൻബലവും വേണം. ഉൽപ്പന്നങ്ങൾക്ക് ന്യായവിലയും വിപണിയും ഉണ്ടാകണം. ഈ ഒരു തിരിച്ചറിവ് WSS നും ഉണ്ടായിരുന്നു.

സമ്പൂർണ ജൈവ കൃഷി മതി എന്ന പൂർണ ബോധ്യത്തോടെ 98 കർഷകരാണ് ആദ്യഘട്ടത്തിൽ WSS നോട് സഹകരിച്ചത്. ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും എടുക്കുമായിരുന്നു മണ്ണിനെയും വിളകളെയും പൂർണ്ണമായും ജൈവ കൃഷിക്ക് യോജ്യമാക്കാൻ. കൃഷിയിലെ വരുമാനത്തിൽ കാര്യമായ കുറവ് ഈ കാലഘട്ടത്തിൽ ഉണ്ടായപ്പോൾ, കർഷകന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ, WSS ആ സമയത്ത് സാമ്പത്തിക സഹായമടക്കമുള്ള പലവിധ പദ്ധതികൾ നടപ്പിലാക്കി. 

ജൈവ കൃഷി ആരംഭിച്ചപ്പോൾ തന്നെ കൂടുതൽ പ്രതിസന്ധികളും ഉയർന്നു. തുടക്കത്തിൽ വരുമാനം കുറഞ്ഞ കർഷകർക്ക് സാധാരണകൃഷിയുടെ ഉൽപ്പന്നങ്ങളുടെ അതേ വിലക്ക് തന്നെ ഗുണമേൻമയേറിയ ജൈവ ഉൽപന്നങ്ങൾ വിൽക്കേണ്ടി വന്നു. ജൈവ കൃഷി കൊണ്ട് എന്ത് നേട്ടമെന്ന ചോദ്യത്തിന് പരിഹാരം തേടേണ്ടി വന്നു WSS ന് . 

ജൈവ കൃഷിയിലേക്ക് മാറാൻ തയ്യാറായ കർഷകരുടെയും കാർഷിക ഉൽപ്പന്നങ്ങളുടെയും എണ്ണവും അളവും വർധിച്ചതോടെ പുതിയ മാർഗങ്ങൾ തേടേണ്ടി വന്നു WSS ന്. ജൈവകർഷകരുടെ എല്ലാ വിധ കാർഷിക ഉൽപ്പന്നങ്ങളും സംസ്കരിക്കാനും മൂല്യവർദ്ധനവ് നടത്തി വിദേശ വിപണികളിൽ എത്തിക്കാനുമുള്ള സൗകര്യങ്ങൾക്കു വേണ്ടിയുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. അങ്ങനെ 2013 ൽ നബാർഡ് UPNRM പ്രോജക്ടിന്റെ ഭാഗമായി അനുവദിച്ച വായ്പയും WSS ന്റെ വിഹിതവും, കോഫി ബോർഡിന്റെയും കിൻഫ്രയുടെയും സാമ്പത്തികസഹായവും ഒത്തുചേർന്നപ്പോൾ WSS നു കീഴിൽ പുതിയ ഒരു കമ്പനി പിറവിയെടുത്തു. മാനന്തവാടിക്കടുത്ത് കാട്ടിക്കുളത്ത് 4 ഏക്കറോളം സ്ഥലത്തായി ബയോവിൻ അഗ്രോ റിസർച്ച് എന്ന കമ്പനി. മാനന്തവാടി രൂപത അധ്യക്ഷൻ മാർ ജോസ് പൊരുന്നേടത്തിന്റെ പ്രേത്യേക താൽപ്പര്യത്തിൽ ചാരിറ്റബിൾ സ്വഭാവത്തോടെ , ലാഭേച്ഛയില്ലാതെ രജിസ്റ്റർ ചെയ്ത കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടർ ഫാ. ജോൺ ചൂരപ്പുഴയാണ്. 

16,000 ത്തോളം രജിസ്റ്റർഡ് ജൈവകർഷകർ. 10,000 ഹെക്ടറിനു മുകളിൽ ഇന്റർനാഷണൽ ഓർഗാനിക് സർട്ടിഫിക്കേഷൻ കിട്ടിയ കൃഷിഭൂമി . ഫെയർ ട്രേഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇത്രയും വലിയ ഒരു ജൈവ കർഷക കൂട്ടായ്മ ഇന്ന് ഇന്ത്യയിൽ വേറെയില്ല.

ഓർഗാനിക് സർട്ടിഫിക്കേഷൻ ചെലവേറിയതായതിനാൽ 5 മുതൽ 20 കർഷകരുടെ കൃഷിയിടങ്ങൾക്ക് , ഗ്രൂപ്പടിസ്ഥാനത്തിലാണ് രജിസ്ട്രേഷൻ.

സാധാരണ കൃഷി രീതിയിൽ നിന്ന് ജൈവ കൃഷി രീതിയിലേക്ക് സമ്പൂർണ്ണമായ മാറ്റത്തിന് ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും എടുക്കും. ഇതിന്റെ ആദ്യ ഘട്ടമായി ഇന്ത്യ ഗവൺമെന്റിന്റെ കീഴിലുള്ള APEDA (അപ്പേഡ) എന്ന എജൻസിയുടെ നിയമങ്ങൾക്ക് വിധേയമായി ഇന്റർ കൺട്രോളിങ്ങ് സിസ്റ്റത്തിലും , ഇന്റർനാഷണൽ ഓർഗാനിക് സർട്ടിഫിക്കേഷൻ ഏജൻസിയായ ലാക്കോണിലും കർഷകനെയും കൃഷിഭൂമിയെയും രജിസ്റ്റർ ചെയ്യണം. ഓർഗാനിക് കൃഷി രീതിയിൽ ഉപയോഗിക്കാൻ അനുമതിയുള്ള വളങ്ങൾ, കൃഷി രീതികൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവക്കെല്ലാം കർഷകർക്ക് WSS പ്രേത്യേക പരിശീലനം നൽകും. കൂടാതെ സർട്ടിഫിക്കേഷൻ ഏജൻസിയുടെയും WSS ന്റെയും പ്രതിനിധികൾ ഇടവിട്ട് മണ്ണും വിളകളും പരിശോധനക്ക് വിധേയമാക്കും. ജൈവകൃഷിയുടെ വിശ്വാസ്യത കർഷകരുടെ കൂട്ടുത്തരവാദിത്വത്തിലാണ്. മണ്ണിലെയും കാർഷിക ഉൽപ്പന്നങ്ങളിലെയും രാസവളങ്ങളുടെയും കീടനാശിനികളുടെയും സൂക്ഷമാംശങ്ങൾ ഇല്ലാതായെന്ന് പരിശോധയിലൂടെ തെളിഞ്ഞാലേ ഇന്റർനാഷണൽ സർട്ടിഫിക്കേഷൻ ലഭ്യമാകു. 

ജൈവ കൃഷിയുടെ ഉൽപ്പന്നത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാൻ കർഷക ഗ്രൂപ്പുകളുടെയും WSS പ്രതിനിധകളുടെയും സാന്നിധ്യത്തിലാണ് വിളവെടുപ്പ്. ജില്ലയിൽ 22 ഓളം സ്ഥലങ്ങളിൽ ഉൽപ്പന്നങ്ങൾക്ക് സംഭരണ കേന്ദ്രങ്ങളുണ്ട്. ഇവിടെ ഉൽപ്പന്നം എത്തിയാൽ മൂന്നാം ദിവസം കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ പണമെത്തും. 5 മുതൽ 200 ശതമാനം വരെ വിപണി വിലയെക്കാൾ വർദ്ധനവാണ് ഓരോ കാർഷിക ഉൽപ്പന്നത്തിനും ജൈവ കർഷകന് ലഭിക്കുന്നത്. ഉദാഹരണം പറഞ്ഞാൽ ഈ സീസണിൽ പൊതു മാർക്കറ്റിൽ ഒരു ചാക്ക് ഇഞ്ചിക്ക് 900 രൂപ വിലയുണ്ടായിരുന്നപ്പോൾ WSS കർഷകരിൽ നിന്ന് സംഭരിച്ചത് 2700 രൂപക്കാണ്. വിദേശ വിപണിയിലെ ആവശ്യകത അനുസരിച്ച് ജൈവ കൃഷിയിടത്തിലെ ഏത് ഉൽപ്പന്നവും ഇവിടെയെടുക്കും . സുഗന്ധവിളകളും നാണ്യവിളകളും പഴവർഗങ്ങളും ഫലവർഗങ്ങളും എന്തിനേറെ കറിവേപ്പിലയും മുരിങ്ങയിലയും വരെ സംസ്കരിച്ച് വിദേശ വിപണികളിലേക്ക് എത്തിക്കുകയാണ് ബയോവിൻ. യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ, തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലേക്കും ഇന്ന് വയനാടിന്റെ തനി നാടൻ കാർഷിക ഉൽപ്പന്നങ്ങൾ മൂല്യവർദ്ധനവ് നടത്തി കയറ്റുമതി ചെയ്യുന്നുണ്ട്. ഓരോ ഉൽപ്പന്നവും ട്രെയ്സബിലിറ്റി സർട്ടിഫിക്കറ്റോടുകൂടിയാണ് കയറ്റുമതി ചെയ്യുന്നത്. അതായത് ഉപഭോക്താവിന് ഉൽപ്പന്നത്തിന്റെ രാജ്യം, എക്സ്പോർട്ടർ , ക്യഷി ചെയ്ത സ്ഥലം, കർഷകൻ തുടങ്ങി ഉൽപ്പന്നത്തിന്റെ വിശദാംശങ്ങൾ വരെ ഈ സർട്ടിഫിക്കറ്റിലൂടെ അറിയാനാകും. കർഷക സമിതികളാണ് ഉൽപ്പന്നത്തിന്റെ വില നിശ്ചയിക്കുന്നത്. കമ്പനിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും കർഷക സമിതികളുടെ പ്രതിനിധികൾ തന്നെ.

വയനാടിന്റെ പെരുമയുമായി 100 കണക്കിന് കാർഷിക ഉൽപന്നങ്ങളാണ് ബയോവിൻ ഇന്ന് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നത്. ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളോടു കൂടിയ അഗ്രിഫാക്ടറിയാണ് ബയോവിൻ. വയനാട്ടിലെ പ്രധാന കാർഷിക ഉൽപ്പന്നമായ കാപ്പികുരുവിലെ   തോട് ഡ്രൈ പ്രോസസിലൂടെ  നീക്കം ചെയ്ത്  പരിപ്പെടുക്കുവാനുള്ള ഹള്ളിങ്ങ് യൂണിറ്റും, വെറ്റ് പ്രോസസിലൂടെ പച്ചകാപ്പി കുരു വാഷ്ഡ് കോഫിയാക്കി സംസ്കരിച്ചെടുക്കാനുള്ള യന്ത്ര സംവിധാനങ്ങളും ഇവിടെയുണ്ട്. ഗുണമേന്മയുള്ള കാപ്പി കുരുവിനാണ് വിദേശ വിപണികളിൽ പ്രിയം. കുരുവിന്റെ വലുപ്പവും ആകൃതിയുമനുസരിച്ച് യന്ത്രം തരം തിരിക്കും. നിറവിത്യാസമുള്ള കുരു തരം തിരിക്കാൻ 36 ക്യാമറകളാണ് മെഷിനറിക്കുള്ളിലുള്ളത്. കൂടാതെ റോസ്റ്റിങ്ങിനും, പൊടിയാക്കുന്നതിനുമുള്ള സൗകര്യവുമുണ്ട്.

മറ്റൊരു പ്രധാന ഇനമായ കുരുമുളകും വിവിധ രൂപത്തിലാണ് സംസ്കരിക്കുന്നത്. വലുപ്പമനുസരിച്ച് തരം തിരിക്കാനും, പൊടിക്കാനും, വിവിധ വലുപ്പത്തിൽ പൊട്ടിച്ചെടുക്കാനും, ചതച്ചെടുക്കാനും, സ്റ്റീം 

സ്റ്ററിലൈസേഷനും എല്ലാം ഇവിടെ സൗകര്യമുണ്ട്. കുരുമുളകിന്റെ പുറം തൊലി കളഞ്ഞ് കൾച്ചർ മീഡിയ ആയി ബാക്ടീരിയയെ ഉപയോഗിച്ച് വെള്ള കുരുമുളക് ഇവിടെ ഉണ്ടാക്കിയെടുക്കുന്നുണ്ട്. കൂടാതെ റെഡ് പെപ്പർ, ജലാംശം നീക്കിയ പച്ച കുരുമുളക്, ജൈവ വിനാഗിരിയിൽ സംസ്കരിച്ചെടുക്കുന്ന പെപ്പർ ഇൻ ബ്രൈൻ, തുടങ്ങി നിരവധി ഉൽപ്പന്നങ്ങളാണ് കുരുമുളകിന്റെ മൂല്യവർദ്ധനവിലൂടെ ഇവിടെ സ്രഷ്ടിച്ചെടുക്കുന്നത്.

ഇഞ്ചിയിലുമുണ്ട് മൂല്യവർദ്ധനവ് വരുത്തിയ ഇന വൈവിധ്യങ്ങൾ. പ്രാഥമിക വൃത്തിയാക്കൽ മാത്രമേ തൊഴിലാളികൾ ചെയ്യേണ്ടതുള്ളു. ബാക്കി കഴുകലും തോലുകളയലുമെല്ലാം യന്ത്രസഹായത്തോടെയാണ്. മെഷീനിലൂടെ വൃത്തിയാക്കി വരുന്ന ഇഞ്ചി ആവശ്യക്കാരന്റെ ഓർഡറനുസരിച്ചുള്ള വലുപ്പത്തിൽ അരിഞ്ഞാണ് പുറത്തേക്ക് എത്തുന്നത്. ഇതു കൂടാതെ ഇഞ്ചി ഉണക്കിയും, ചതച്ചും ,പൊടിച്ചും, ജലാംശം നീക്കം ചെയ്തും നീരു വറ്റിച്ച് പൗഡറാക്കിയുമെല്ലാം കയറ്റുമതി ചെയ്യുന്നുണ്ട്. 

കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർദ്ധനവ് വരുത്തുന്നതിൽ ഒരു പ്രധാന പങ്ക് ഫ്രീസ് ഡ്രൈയിങ് യൂണിറ്റിനാണ്. ഉൽപ്പന്നങ്ങളുടെ സ്വഭാവികതയും ഗുണനിലവാരവും നഷ്ടപ്പെടാതെ മാസങ്ങളോളം കേടാകാതെയിരിക്കാൻ സാധിക്കുന്നത് ഫ്രീസ്ഡ്രൈ ചെയ്യുന്നതിലുടെയാണ്. വായു മർദ്ദമില്ലാതെ വാക്വം ചേമ്പറിനുള്ളിൽ വച്ച് ശക്തമായി തണുപ്പിച്ചും പിന്നീട് ചൂടാക്കിയും ഉൽപ്പന്നങ്ങളിലെ ജലാംശം നീക്കം ചെയ്യുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.

മഞ്ഞളും തരിമ്പ് പോലും ഗുണം നഷ്ടപ്പെടുത്താതയാണ് ഇവിടെ തയ്യാറാക്കുന്നത്. പച്ചക്ക് അരിഞ്ഞെടുത്തും അരച്ചെടുത്തും, ജ്യൂസാക്കിയും , പൊടിച്ചെടുത്തും , ജലാംശം നീക്കം ചെയ്തും, പൗഡറാക്കിയുമെല്ലാം ഇവിടെ മാറ്റുന്നുണ്ട്. തേങ്ങയുടെ കാമ്പിന്റെ പുറമേയുള്ള ബ്രൗൺ തൊലി ചെത്തി കളഞ്ഞാണ് സംസ്കരിക്കുന്നത്. തേങ്ങാ പൂൾ, തേങ്ങപീര, പൗഡർ, നുറുക്ക്, തേങ്ങാ പാൽപ്പൊടി, സാന്ദ്രത കൂടിയ ക്യൂബ്സ് എന്നിങ്ങനെ മികച്ച വില നേടിയെടുക്കാൻ ഉൽപ്പന്നങ്ങളുടെ നിര നീളും. 

ഇതു കൂടാതെ തെരുവ പുല്ല് ഉണക്കിയതും, പൊടിച്ചതും, കറിവേപ്പില, മുരിങ്ങയില, പനി കൂർക്കയില, ജാതിക്ക , ജാതി പത്രി, ഗ്രാമ്പൂ, ഏലക്കാ, കറുവ പട്ട, തിപ്പലി, വാനില , വറ്റൽ മുളക്, കാന്താരി, ചക്ക, മാങ്ങ, പപ്പായ, വാഴക്ക, തുടങ്ങി, നിരവധി പഴവർഗങ്ങളും പച്ചക്കറികളും, മൂല്യവർദ്ധനവ് നടത്തി വിദേശ വിപണികൾ കീഴടക്കുകയാണ്. ഇത് കൂടാതെ വയനാടൻ എന്ന സ്വന്തം ബ്രാൻഡിൽ എല്ലാ ഉൽപ്പന്നങ്ങളും വിദേശ വിപണിയിലേക്ക് എത്തിക്കാനും ശ്രമം ആരംഭിച്ചു കഴിഞ്ഞു.

ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിലൂടെ ലഭിക്കുന്ന ലാഭം കർഷകർക്ക് ബോണസായും, കൃഷിക്കുള്ള വിവിധ ധനസഹായ പദ്ധതികളായും WSS വിതരണം ചെയ്യുന്നു. ജൈവ കൃഷിക്കു വേണ്ട വളങ്ങളായ വാരണസി കമ്പോസ്റ്റ്, പഞ്ചഗവ്യം, ഫിഷ് അമിനോ ആസിഡ്, മണ്ണിര കമ്പോസ്റ്റ് , EM സൊലൂഷൻ എന്നിവ തയ്യാറാക്കാൻ 50 മുതൽ 75% വരെ സബ്സിഡി കർഷക ഗ്രൂപ്പുകൾക്ക് നൽകുന്നുണ്ട്. കൃഷിക്കാവശ്യമായ കാപ്പി, കുരുമുളക് തൈകളും കർഷകർക്ക് സൗജന്യ നിരക്കിലാണ് നൽകുന്നത്. കഴിഞ്ഞ വർഷം 3 ലക്ഷം തൈകളാണ് WSS ഇങ്ങനെ വിതരണം ചെയ്തത്. ഇതിനു പുറമെയാണ് കുടുംബങ്ങൾക്ക് നൽകുന്ന സഹായങ്ങൾ.

1200 ഓളം സെൽഫ് ഹെൽപ്പ് ഗ്രൂപ്പിലുള്ള 12,000 ത്തോളം വനിതകൾക്ക് വരുമാന സംരംഭങ്ങൾ തുടങ്ങാനായി 30 കോടിയോളം രൂപയാണ് വിവിധ ബാങ്കുകൾ വഴി WSS ലഭ്യമാക്കായിരിക്കുന്നത്. തീർത്തും ദരിദ്രരായ 350 ഓളം കുടുംബങ്ങളെ ദത്തെടുക്കാനും ഈ കാർഷിക പ്രസ്ഥാനത്തിനു കഴിഞ്ഞു. കൃഷി ചെയ്യാതെ ഭൂമി തരിശിട്ടിരുന്ന 1000 ത്തോളം ആദിവാസി കുടുംബങ്ങളുടെ ഭൂമിയിൽ കൃഷിക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി മികച്ച കൃഷിയിടങ്ങളാക്കി മാറ്റി WSS . കൂടാതെ പത്താം ക്ലാസ് കഴിഞ്ഞ് വിദ്യാഭ്യാസം നിർത്തേണ്ടി വന്ന 650 ഓളം കുട്ടികൾക്ക് പ്രൊഫഷണൽ സ്കിൽ ട്രെയിനിങ്ങ് കോഴ്സുകൾ ഓരോ വർഷവും സൗജന്യമായി നൽകി, ജോലിയും ലഭ്യമാക്കി കൊടുക്കുന്നുണ്ട് ഈ പ്രസ്ഥാനം. ഇന്ത്യ ഗവൺമെന്റിന്റെ വികാസ്പീഡിയ എന്ന ഇൻഫർമേഷൻ പോർട്ടലിന്റെ മലയാളം വിഭാഗം കൈകാര്യം ചെയ്യുന്നതും WSS ആണ്. കാർഷിക വിജ്ഞാനങ്ങൾ, കാർഷിക വാർത്തകൾ എന്നിവ കർഷകർക്ക് പങ്കുവക്കുന്നതിന് മാത്രമായി റേഡിയോ മാറ്റൊലി എന്ന പേരിൽ FM റേഡിയോയും WSS ന്റെ കർഷക പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്നുണ്ട്.

രാജ്യത്തിന്, സമൂഹത്തിന്, പ്രസ്ഥാനങ്ങൾക്ക് വലിയൊരു മാതൃകയാണ് WSS ന്റെ പ്രവർത്തനങ്ങൾ . wടട നെ കുറിച്ച് കൂടുതൽ അറിയാൻ ബന്ധപെടേണ്ട വിലാസം

വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി

PB No. 16

മാനന്തവാടി

വയനാട്

ഫോൺ: 04935- 24 03 14

MORE IN BUSINESS
SHOW MORE