ഉല്‍പാദനം അമേരിക്കയ്ക്കുപുറത്താക്കാനുള്ള ഹാര്‍ലി ഡേവിഡ്സന്‍റെ തീരുമാനത്തെ വിമര്‍ശിച്ച് ട്രംപ്

trump-t
SHARE

അമേരിക്കയ്ക്കുപുറത്തേയ്ക്ക് ഉല്‍പാദനയൂണിറ്റുകളില്‍ ചിലത് മാറ്റാനുള്ള ഹാര്‍ലി ഡേവിഡ്സന്‍റെ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബൈക്കിന് ഇന്ത്യ നൂറ് ശതമാനം നികുതിയേര്‍പ്പെടുത്തിയപ്പോള്‍ പകുതിയായിക്കുറയ്ക്കാന്‍ സമ്മര്‍ദം ചെലുത്തിയത് താനാണെന്ന് കമ്പനി ഓര്‍ക്കണമെന്ന് ട്രംപ് പറഞ്ഞു.

ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിന്റെ ഇറക്കുമതിക്ക് 31 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തിയപ്പോഴാണ് ഉല്‍പാദന യൂണിറ്റുകളില്‍ ചിലത് അമേരിക്കയ്ക്ക് പുറത്തേക്ക് മാറ്റുമെന്ന് കമ്പനി പ്രഖ്യാപിച്ചത്. തീരുമാനം തന്നെ അതിശയിപ്പിച്ചെന്നായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. യൂറോപ്യന്‍ യൂണിയന്റെ ഭീഷണിക്ക് ഹാര്‍ലി ഡേവിഡ്സണ്‍ വഴങ്ങിയെന്നും ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കന്‍ ബൈക്കിന് ഇന്ത്യ നൂറുശതമാനം നികുതിയേര്‍പ്പെടുത്തിയപ്പോള്‍ നരേന്ദ് മോദിയുമായി സംസാരിച്ച് നികുതി അന്‍പതുശതമാനമാക്കിച്ചത് താനാണെന്ന് ട്രംപ് ഓര്‍മിപ്പിച്ചു.  യൂറോപ്പില്‍ നിന്നുള്ള അലൂമിനിയം ഇറക്കുമതിക്ക് അമേരിക്ക അധിക നികുതിയേര്‍പ്പെടുത്തിയതാണ് ആദ്യ പ്രകോപനം. മറുപടിയെന്നോണം അമേരിക്കയില്‍ നിന്നുള്ള മോട്ടോര്‍ സൈക്കിള്‍, ഓറഞ്ച് ജ്യൂസ്, മോട്ടോര്‍ ബോട്ട്, സിഗരറ്റ് എന്നിവയുള്‍പ്പെടെയുള്ളവയുടെ ഇറക്കുമതിക്ക് യൂറോപ്യന്‍ യൂണിയന്‍ തീരുവ 31 ശതമാനം കൂട്ടി. ഇത് താങ്ങാവുന്നതിനപ്പുറമാണെന്ന് ഹാര്‍ലി ഡേവിഡ്സന്‍ വ്യക്തമാക്കി. 

യൂറോപ്പ് കമ്പനിയുടെ ഒരു പ്രധാന വിപണിയാണ്. അമേരിക്കയ്ക്കുശേഷം ഹാര്‍ലി ഡേവിഡ്സന് ഏറ്റവുമധികം വരുമാനം യൂറോപ്പില്‍ നിന്നാണ്. കഴിഞ്ഞ കൊല്ലം നാല്‍പതിനായിരം ബൈക്കുകളാണ് യൂറോപ്പില്‍ വിറ്റത്. അതേസമയം, ഫാക്ടറി മാറ്റാനുള്ള നീക്കം ഹാര്‍ലി ഡേവിഡ്സന്റെ അന്ത്യം കുറിക്കുമെന്ന് ട്രംപ് മുന്നറിയിപ്പുനല്‍കി. ഇത്തരത്തിലുള്ള ഭീഷണികള്‍ക്ക് വഴങ്ങിയാല്‍, കൂടുതല്‍ നികുതി കമ്പനി ചുമക്കേണ്ടിവരുമെന്നും ഓര്‍മിപ്പിച്ചു. നിലവില്‍ അമേരിക്കയ്ക്കുപുറത്ത് ഇന്ത്യയിലും ബ്രസീലിലും ഓസ്ട്രേലിയയിലുമാണ് ഹാര്‍ലി ഡേവിഡ്സണ് നിര്‍മാണ യൂണിറ്റുകളുള്ളത്. 

MORE IN BUSINESS
SHOW MORE